മോഷണം വ്യാപകം; ഭീതിയിൽ മലയാളികളടക്കമുള്ള പ്രവാസികൾ
text_fieldsഅബഹ: ഖമീസ് മുശൈത്തിലെ ചില ഭാഗങ്ങളിലും പരിസര പ്രദേശത്തും വ്യാപകമായി മോഷണം നടക്കുന്നതായും തട്ടിപ്പുകൾക്ക് മലയാളികളടക്കമുള്ള പ്രവാസികൾ വിധേയരാവുന്നതായും റിപ്പോർട്ട്. കുറച്ച് ആഴ്ചകളായി മോഷ്ടാക്കളുടെയും തട്ടിപ്പുകാരുടെയും ഭീഷണി കാരണം മലയാളികളടക്കമുള്ള പ്രവാസികൾ പുറത്തിറങ്ങാൻ പ്രയാസപ്പെടുന്നുണ്ട്.
സന്ദർശക വിസയിലെത്തി കാലാവധിക്കുശേഷം കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങാനിരുന്ന കുടുംബത്തിന്റെ പാസ്പോർട്ടുകൾ അടക്കമുള്ള ബാഗ് കവർന്നതാണ് ഒടുവിലത്തെ സംഭവം. ഖമീസ് മുശൈത്ത് സൂക്കിന് സമീപമുള്ള മഖ്ബറക്കുസമീപം പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഡോർ മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറന്ന് സാധനങ്ങൾ കവരുന്നത് പതിവായിരിക്കുകയാണ്.
കുറച്ചുദിവസം മുമ്പ് ഹോട്ടലുകളിലെ ഗ്യാസ് സിലിണ്ടറുകൾ കവർന്നു. മലയാളി യുവാവിന്റെ താമസസ്ഥലത്ത് കയറി മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചും പണവും കവർന്ന സംഭവവും ഉണ്ടായി.
മറ്റൊരു മലയാളിയുടെ ഹൈലക്സ് വാഹനം കവർന്നതും ഈയിടെയാണ്. നഗരസഭ ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമെന്ന വ്യാജേന കടകളിലും താമസ മുറികളിലും എത്തി പണം തട്ടുന്ന രീതിയും വ്യാപകമായി റിപ്പോർട്ട് ചെയ്തതായി സാമൂഹിക പ്രവർത്തകർ പറയുന്നു. ഖമീസ് മുശൈത്ത് പുതിയ സനയയിൽ എ.ടി.എം മെഷീൻ തകർത്തതും വാഹനസാമഗ്രികൾ വിൽക്കുന്ന കടകളിൽ കയറി പണം കവർന്നതും നിരവധി സ്ഥാപനങ്ങളുടെ പൂട്ട് തകർക്കാൻ ശ്രമിച്ചതും കഴിഞ്ഞ ദിവസമാണ്.
മോഷണത്തിനും തട്ടിപ്പിനും ഇരയായവർ പരാതികൾ പൊലീസിൽ അറിയിക്കാത്തതും നിസ്സാരമായി കാണുന്നതും കവർച്ചക്കാർക്ക് വളമാകുകയാണ്. പൊലീസിൽ പരാതിപ്പെടുകയും മോഷണത്തിനെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യാൻ എല്ലാവരും ശ്രദ്ധിച്ചാൽ ഇത്തരം സംഭവങ്ങൾക്ക് അറുതിവരുത്താൻ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. മോഷണവും പിടിച്ചുപറിയും തട്ടിപ്പുമൊക്കെ ആവർത്തിക്കുന്നത് കുടുംബങ്ങളിലടക്കം ഏറെ ഭീതി സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.