ദമ്മാമിൽ ഫ്ലാറ്റുകളിൽ കവർച്ച തുടർക്കഥ; കുടുംബങ്ങൾ ആശങ്കയിൽ
text_fieldsദമ്മാം: ദമ്മാം നഗര കേന്ദ്രത്തിലെ കുടുംബങ്ങളുടെ പാർപ്പിട സമുച്ചയത്തിൽ കവർച്ച തുടർക്കഥയാവുന്നു. നഗരത്തിലെ സീക്കോ ബിൽഡിങ്ങിന് സമീപം മലയാളി കുടുംബങ്ങളടക്കം താമസിക്കുന്ന ഫ്ലാറ്റിലാണ് കവർച്ച നടന്നത്. ഒരാഴ്ചക്കിടെ ഒരേ ഫ്ലാറ്റിൽ മൂന്നു തവണയാണ് കവർച്ചക്കാരെത്തിയത്.
നഗരത്തിലെ ഹൃദയഭാഗത്തുള്ള ഫ്ലാറ്റിൽ തുടർച്ചയായുണ്ടായ ഈ സംഭവങ്ങളിൽ മലയാളി കുടുംബങ്ങൾ ആശങ്കയിലാണ്. ആദ്യ തവണ പുലർച്ച മൂന്ന് മണിയോടെയാണ് കവർച്ചക്കായി കള്ളൻ ഫ്ലാറ്റിനകത്ത് കടന്നത്. ശബ്ദം കേട്ടുണർന്ന വീട്ടുജോലിക്കാരിയെ ഭീഷണിപ്പെടുത്തി മുറിയിലടച്ചു. ആരെയും ഫോണിൽ ബന്ധപ്പെടാതിരിക്കാൻ ഫ്ലാറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണുകളെല്ലാം ആദ്യമേ കൈക്കലാക്കി. 15 മിനിറ്റോളം ഫ്ലാറ്റിനകത്ത് തങ്ങിയെങ്കിലും പണവും സ്വർണാഭരങ്ങളും കണ്ടെത്താനായില്ല. പിന്നീട്, വീട്ടുജോലിക്കാരിയെ ഭീഷണിപ്പെടുത്തി പണം വെച്ച സ്ഥലം അന്വേഷിച്ചു. പേടിച്ചരണ്ട വീട്ടുജോലിക്കാരി ബഹളം വെച്ചതിനെ തുടർന്ന് വീട്ടുകാർ ഉണരുകയും കള്ളൻ ഇറങ്ങിയോടി രക്ഷപ്പെടുകയുമായിരുന്നു.
വ്യാജ താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന് കവർച്ച നടത്തുന്ന രീതിയാണ് സ്വീകരിക്കുന്നത്. കവർച്ച സംഘാംഗങ്ങളിലൊരാൾ കെട്ടിടത്തിലെ നിരവധി ഫ്ലാറ്റുകളുടെ വാതിൽ താക്കോൽ ഉപയോഗിച്ച് തുറക്കാൻ ശ്രമിക്കുന്ന ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഒന്നിൽ കൂടുതൽ പേരടങ്ങിയ കവർച്ചസംഘമാണ് സ്ഥലത്തെത്തിയത് എന്നാണ് നിഗമനം. തൊട്ടടുത്ത ദിവസമുണ്ടായ മറ്റൊരു മോഷണ ശ്രമം നടന്നത് രാവിലെ എട്ട് മണിക്കാണ്. സംഭവത്തിൽ, ഫ്ലാറ്റിന് പുറത്തുവെച്ചിരുന്ന സൈക്കിൾ മോഷ്ടിച്ച് രക്ഷപ്പെടാനിരുന്ന കള്ളനെ പിടികൂടുകയും ചെയ്തു.
മുകൾ നിലയിൽനിന്ന് മോഷ്ടിച്ച സൈക്കിളുമായി കടന്നുകളയവെ സംശയം തോന്നിയ താഴെ നിലയിലെ ഫ്ലാറ്റ് നിവാസികളാണ് ലിഫ്റ്റിനടത്തുള്ള വാതിൽ പൂട്ടി കള്ളനെ പിടികൂടിയത്. ബഹളം കേട്ട് ആളുകൾ ഓടിക്കൂടുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
പൊലീസ് എത്തുകയും പ്രതിയെയും സാക്ഷികളെയും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ കേസിൽ അറബ് വംശജനാണ് പിടിയിലായത്. പ്രദേശത്ത് ഇത്തരത്തിലുള്ള കവർച്ചസംഘങ്ങൾ പെരുകിയതായി സമീപവാസികൾ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം കൈമാറി കേസ് ഫയൽ ചെയ്തിട്ടുള്ളതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ഫ്ലാറ്റ് നിവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.