കൂട്ടുകക്ഷി ഭരണമായിട്ടുപോലും കേന്ദ്രസർക്കാറിന്റെ മനോഭാവത്തിൽ മാറ്റമില്ല -അഡ്വ. ഹാരിസ് ബീരാൻ എം.പി
text_fieldsജിദ്ദ: കൂട്ടുകക്ഷി ഭരണമായിട്ടുപോലും കേന്ദ്രസർക്കാറിന്റെ മനോഭാവത്തിൽ ഒരു മാറ്റവുമില്ലെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി പറഞ്ഞു. വഖഫ് വിഷയത്തിലും മറ്റും എടുക്കുന്ന നിലപാടുകൾ അതിെൻറ ഉദാഹരണമാണ്. ഏക സിവിൽകോഡ് പിൻവാതിൽ വഴി നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ യാത്രാവിഷയങ്ങൾ ഇതിനകം രാജ്യസഭയിൽ ഉന്നയിച്ചിട്ടുണ്ട്.
അതുമായിബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വ ഭേദഗതി നിയമം ഒരു വിഭാഗത്തോട് മാത്രമുള്ള വിവേചനമാണ്. അത് ഇന്ത്യൻ ഭരണഘടനക്ക് എതിരാണ്. പ്രവാസികളുടെ വോട്ടവകാശം എന്ന വിഷയത്തിൽ പോരാട്ടങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭാ എം.പിയായി തെരെഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ജിദ്ദയിൽ എത്തുന്ന അദ്ദേഹത്തിനുള്ള ജിദ്ദ കെ.എം.സി.സിയുടെ സ്നേഹാദരം യോഗത്തിൽ സമ്മാനിച്ചു. ‘പാർലമെന്റ് ജനാധിപത്യം മികവിെൻറ പാതയിലോ?’ എന്ന ശീർഷകത്തിൽ നടത്തിയ പരിപാടി കെ.എം.സി.സി സൗദി നാഷനൽ പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു.
ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അരിമ്പ്ര അബൂബക്കർ അധ്യക്ഷത വഹിച്ചു. നാസർ എടവനക്കാട്, ഇസ്ഹാഖ് പൂണ്ടോളി, ഷൗക്കത്ത് ഞാറക്കോടൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.