പരിസ്ഥിതി സുരക്ഷയിൽ വിട്ടുവീഴ്ചയില്ല
text_fieldsയാംബു: രാജ്യത്തെ സമുദ്രത്തിെൻറയും കരയുടെയും ആവാസവ്യവസ്ഥയെ സംരക്ഷിക്കാനും പരിസ്ഥിതിക്ക് ഭിന്നമായ ചെയ്തികൾ നിരീക്ഷിക്കാനും സുരക്ഷ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ശക്തമാക്കി.
പരിസ്ഥിതി സുരക്ഷക്കായുള്ള സൗദി സ്പെഷൽ ഫോഴ്സ് പരിശോധനയിൽ പരിസ്ഥിതി ലംഘനം നടത്തിയ ഡസൻ കണക്കിന് കുറ്റവാളികളാണ് പിടിക്കപ്പെട്ടത്.മണലും മണ്ണും കടത്തിയതിന് ജിദ്ദയിലും തബൂക്കിലും ആഭ്യന്തര സുരക്ഷ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംയുക്ത സേന കഴിഞ്ഞദിവസം കുറെപേരെ പിടികൂടി. മരംവെട്ടി അനധികൃതമായി വിറക് കടത്തിയതിന് യാംബു അൽ നഖ്ലിൽ കഴിഞ്ഞദിവസം നാലുപേരെയും പിടികൂടി. കിഴക്കൻ റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവിലേക്ക് അനധികൃതമായി പ്രവേശിച്ചവരും നിരോധിത മേഖലകളിൽ വന്യമൃഗങ്ങളെ വേട്ടയാടിയവരും പിടിയിലായതും സൗദി പ്രസ് ഏജൻസി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
രാജ്യത്തെ വിശാലമായ പ്രദേശത്തുടനീളം പരിസ്ഥിതിയും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കാൻ പ്രത്യേക സുരക്ഷസേന സദാ ജാഗ്രതയിലാണ്. മരുഭൂമീകരണം തടയാനും സസ്യജാലങ്ങളെ സംരക്ഷിക്കാനുമുള്ള കൂടുതൽ നടപടികളും വിവിധ പദ്ധതികളും ഊർജിത മായി നടക്കുന്നു. സൗദി പരിസ്ഥിതി നിയമ സംരക്ഷണം, പരിസ്ഥിതിക്കിണങ്ങിയ വികസന പദ്ധതികൾ, മലിനീകരണം തടയൽ, പൊതുജനാരോഗ്യ സംരക്ഷണം, പ്രകൃതി വിഭവങ്ങളുടെ യുക്തിസഹമായ ഉപയോഗം എന്നിവയിൽ അധികൃതർ നല്ല ശ്രദ്ധ ചെലുത്തുന്നുണ്ട്. സമുദ്ര വിഭവം സംരക്ഷിക്കുന്ന പ്രകൃതി സംരക്ഷണനിയമം പാലിക്കാൻ എല്ലാവരും ജാഗ്രത കാണിക്കണം. മത്സ്യസമ്പത്ത് കുറയാനും പവിഴപ്പുറ്റുകളുടെ നാശത്തിന് ഹേതുവാകുന്നതുമായ വികസന പദ്ധതികൾ സമുദ്രവുമായി ബന്ധപ്പെട്ട് നടത്താതിരിക്കാനുമാണ് അധികൃതർ ഏറെ ശ്രദ്ധിക്കാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.