സമസ്തയും മുസ്ലിം ലീഗും തമ്മിൽ ഭിന്നതയില്ല -പി.എ. ജബ്ബാർ ഹാജി
text_fieldsജിദ്ദ: സമസ്തയും മുസ്ലിം ലീഗും തമ്മിൽ പരിഹരിക്കാൻ കഴിയാത്ത ഒരു പ്രതിസന്ധിയും നിലവിലില്ലെന്നും ചില വിഷയങ്ങളിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ തീർത്ത് ഐക്യപൂർവം മുന്നോട്ടു പോകാൻ കഴിയുമെന്നും സമസ്ത ആദർശ സംരക്ഷണ സമിതി വർക്കിങ് ചെയർമാനും മുസ്ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റുമായ പി.എ. ജബ്ബാർ ഹാജി പറഞ്ഞു. ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്തയും മുസ്ലിം ലീഗും വ്യത്യസ്ത സംഘടനകളായതിനാൽ വിവിധ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. ഇരു സംഘടനകൾ തമ്മിൽ തുടക്കം മുതലേ പല വിഷയങ്ങളിലും വിവിധ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം അതത് സന്ദർഭങ്ങളിൽ മാന്യമായ രീതിയിൽ പരിഹരിക്കാറുമുണ്ട്. ഇരു സംഘടനകൾക്കുമിടയിലുള്ള പ്രശ്നങ്ങളും അഭിപ്രായവ്യത്യാസങ്ങളും ചർച്ച ചെയ്യാനും വേണ്ട രീതിയിൽ അവ പരിഹരിക്കാനും സമസ്തയിൽ സംവിധാനമുണ്ട്. മാന്യമായ രീതിയിൽ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പരിഹരിക്കാൻ കഴിയുന്നതിലൂടെ പ്രശ്നങ്ങൾ വൈകാതെ അവസാനിപ്പിക്കുമെന്നും ജബ്ബാർ ഹാജി ചൂണ്ടിക്കാട്ടി.
സമസ്തയിൽ ഒറ്റപ്പെട്ട ചിലർ മാത്രമാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. പാലക്കാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രഭാതം ദിനപത്രത്തിൽ വന്ന പരസ്യം സമസ്തയുടെ നിലപാടുകൾക്ക് വിരുദ്ധമായിരുന്നു. സമസ്തയും മുസ്ലിം ലീഗും തമ്മിൽ കാലങ്ങളായി നിലനിൽക്കുന്ന ഊഷ്മള ബന്ധം കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടു പോകാനാണ് സംഘടന ആഗ്രഹിക്കുന്നത്. ഡിസംബർ 11ന് സമസ്തയുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.
ഓരോ ജില്ലകളിലും വിശദീകരണ സമ്മേളനങ്ങൾ വിളിച്ചു ചേർക്കാൻ തീരുമാനിച്ചതായും ജബ്ബാർ ഹാജി പറഞ്ഞു. സമസ്തയുടെ പ്രസിഡന്റും ജനറൽ സെക്രട്ടറിയും അറിയാതെ സമസ്ത മുശാവറ അംഗങ്ങളിൽ ചിലർ നടത്തുന്ന വിവാദ പ്രസ്താവനകൾ അതിരുവിടുന്നുണ്ട്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കീഴിൽ സമസ്തയുടെ അംഗീകാരത്തോടെ 'ഖാസി ഫൗണ്ടേഷൻ' രൂപവത്കരിച്ചതിൽ തെറ്റില്ലെന്നും ഉന്നത ലക്ഷ്യത്തോടെയുമാണ് അതിന്റെ പ്രയാണമെന്നും ജബ്ബാർ ഹാജി കൂട്ടിച്ചേർത്തു.
2016 ലാണ് 'ഷജറത്തു ത്വയ്ബ' എന്ന പേരിൽ സമസ്തയിലെ ഒരു വിഭാഗം ഉണ്ടാക്കുന്നത്. ലീഗിനെ എതിർക്കാൻ വേണ്ടിയാണ് ഈ കൂട്ടായ്മ ഉണ്ടാക്കിയതെന്ന കാര്യം പിന്നീട് വ്യക്തമാകുന്ന രീതിയിലായിരുന്നു അവരുടെ ഓരോ പ്രവർത്തനങ്ങളും. പൊന്നാനിയിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയെ തോൽപ്പിക്കാൻ ഈ വിഭാഗം വലിയ ശ്രമങ്ങൾ നടത്തിയെന്നതും പിന്നീട് വ്യക്തമായിരുന്നു.
രാജ്യത്ത് വർഗീയത ഉണ്ടാക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമായി തന്നെയാണ് സുപ്രഭാതം ദിനപത്രത്തിലെ വർഗീയ സന്ദേശം പ്രകടിപ്പിച്ചുള്ള പരസ്യം പ്രസിദ്ധീകരിച്ചത്. ഇത് സമസ്തയുടെ നിലപാടല്ലെന്നും വർഗീയതയുണ്ടാക്കുന്ന ഏതു ശ്രമങ്ങൾക്കെതിരെയും ശക്തമായ പ്രതിരോധം തീർക്കാൻ യോജിച്ച പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും ജബ്ബാർ ഹാജി ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.