കോവിഡ് വ്യാപനവും ശൈത്യകാലവും തമ്മിൽ ബന്ധമൊന്നുമില്ല -ആരോഗ്യവിദഗ്ധർ
text_fieldsജിദ്ദ: സൗദിയിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് വ്യാപനം വൻതോതിൽ വർധിച്ചിട്ടുണ്ടെങ്കിലും ഇത് ശൈത്യകാലമായതുകൊണ്ടാണെന്ന വിലയിരുത്തലിന് ഒരു അടിസ്ഥാനവുമില്ലെന്ന് പകർച്ചവ്യാധി നിയന്ത്രണ കൺസൽട്ടന്റായ ഡോ. ഉവൈദ അൽ ദോസരി പറഞ്ഞു. കോവിഡ് വ്യാപന വർധന വിവിധ കാലാവസ്ഥ സീസണുകളുമായോ താപനിലകളുമായോ ഏതെങ്കിലും തരത്തിലുള്ള ബന്ധം ഒരൊറ്റ പഠനത്തിലോ മറ്റോ തെളിയിച്ചിട്ടില്ല. അതേസമയം, ഇപ്പോൾ ലോകം മുഴുവൻ സാക്ഷ്യംവഹിക്കുന്ന കോവിഡ് വകഭേദമായ 'ഒമിക്രോൺ' മുമ്പുണ്ടായിരുന്ന വൈറസിനേക്കാൾ കൂടുതലായി സമൂഹത്തിനിടയിൽ വേഗത്തിൽ പടരുന്നുണ്ടെന്നും വാക്സിൻ ഡോസുകൾ പൂർത്തിയാക്കാത്ത ആളുകൾക്ക് രോഗപ്രതിരോധ ആന്റിജെനുകളുടെ അഭാവവും കോവിഡ് വ്യാപനത്തിന് കാരണമായതായി അൽ ദോസരി പറഞ്ഞു.
അതോടൊപ്പം മുൻകാലത്ത് കോവിഡിനെതിരെ കൈക്കൊണ്ടിരുന്ന മുൻകരുതൽ നടപടികളിലുണ്ടായിരുന്ന കാർക്കശ്യം നിലവിൽ പലരും പാലിക്കാത്തതും കോവിഡ് വ്യാപനത്തിന് കാരണമായിട്ടുണ്ട്. ശൈത്യകാലത്ത് അടച്ചിട്ട സ്ഥലങ്ങളിലും ഹാളുകളിലും മറ്റും ഒത്തുകൂടുന്നത് വൈറസിന്റെ വ്യാപനത്തിന് വളരെയധികം സഹായകമാവുന്ന പ്രവൃത്തിയാണ്. ഇത് കോവിഡ് വൈറസ് മാത്രമല്ല, വായുവിലൂടെ പടരുന്ന നിരവധി പകർച്ചവ്യാധികളുടെയും ബാക്ടീരിയകളുടെയും വ്യാപനത്തിന് കരണമാവുമെന്നും ഡോ. ഉവൈദ അൽ ദോസരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.