വിപണിയിൽ എണ്ണയുടെ കുറവില്ല -സൗദി
text_fieldsജിദ്ദ: വിപണിയിൽ എണ്ണയുടെ കുറവ് കാണുന്നില്ലെന്നും മറിച്ച് അസംസ്കൃത എണ്ണയുടെ ശുദ്ധീകരണ ശേഷിയിലാണ് കുറവുള്ളതെന്നും സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ടോക്യോയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൂഡോയിൽ വിവിധ പെട്രോളിയം ഉൽപന്നങ്ങളാക്കി മാറ്റാനുള്ള ശേഷിയിൽ നിക്ഷേപം വർധിപ്പിക്കേണ്ടത് ആവശ്യമാണ്.
ഇന്ന് വിപണിയിൽ എണ്ണയുടെ ക്ഷാമം കാണുന്നില്ല. ശുദ്ധീകരണ ശേഷിയുടെ കുറവുണ്ട്. അതും ഒരു പ്രശ്നമാണ്. അതിനാൽ ശുദ്ധീകരണ ശേഷിയിൽ കൂടുതൽ നിക്ഷേപം നടത്തേണ്ടതുണ്ട്. 'ഒപെകി'ന്റെ കൂട്ടായ സഹകരണം കൂടാതെ മതിയായ എണ്ണലഭ്യത ഉറപ്പാക്കുക അസാധ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഒപെകിന്റെ അവിഭാജ്യ ഘടകമാണ് റഷ്യ. റഷ്യയുടെ ക്രൂഡ്, ഇന്ധന വിതരണത്തിന്മേലുള്ള പാശ്ചാത്യ ഉപരോധത്തിനുശേഷം വിതരണ ആശങ്കകളെത്തുടർന്ന് എണ്ണ വില താളംതെറ്റിയിട്ടുണ്ട്. റിഫൈനറികളിലേക്കും പിന്നീട് ഉപഭോക്താക്കളിലേക്കും വാണിജ്യ കയറ്റുമതി തടസ്സപ്പെടാൻ ഇതു കാരണമായി.
പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള യു.എസ് സെൻട്രൽ ബാങ്കിന്റെ ശ്രമങ്ങൾ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും അത് ഭാവിയിൽ ഇന്ധനത്തിന്റെ ആവശ്യകത കുറക്കുമെന്നുമുള്ള ആശങ്ക വർധിച്ചിരിക്കുകയാണ്.ഒപെക് പ്ലസ് സഖ്യത്തിൽ 23 എണ്ണ കയറ്റുമതി രാജ്യങ്ങൾ ഉൾപ്പെടുന്നു. എണ്ണ വിപണികളുടെ സ്ഥിരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സഖ്യമെന്നും മന്ത്രി വ്യക്തമാക്കി.
യു.എസ് പ്രസിഡൻറ് ജോ ബൈഡന്റെ സൗദി സന്ദർശനത്തിനുശേഷം എണ്ണനയ തീരുമാനങ്ങൾ വിപണിയുടെ യുക്തിക്കും ഒപെക് സഖ്യത്തിന്റെ താൽപര്യത്തിനും അനുസരിച്ചായിരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതിനെ ശരിവെക്കുന്നതാണ് സൗദി വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. എണ്ണ വിതരണം വർധിപ്പിക്കാനുള്ള അടിയന്തര ആവശ്യം സൗദി അധികൃതരുമായി പങ്കുവെച്ചുവെന്നും ഈ ലക്ഷ്യത്തിലേക്ക് വരും ആഴ്ചകളിൽ കൂടുതൽ നടപടികൾ പ്രതീക്ഷിക്കുന്നുവെന്നും അമേരിക്കൻ പ്രസിഡൻറ് സന്ദർശനത്തിനിടെ പറഞ്ഞിരുന്നു.
അതേസമയം എണ്ണ കൂടുതൽ പമ്പ് ചെയ്യുന്നതിനുള്ള ഏത് തീരുമാനവും ഒപെക് സഖ്യ ചട്ടക്കൂടിനുള്ളിലാണ് എടുക്കുകയെന്നും ആഗസ്റ്റ് മൂന്നിന് അടുത്ത ഒപെക് യോഗമുണ്ടെന്നും സൗദി അധികൃതർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.