സൽമാൻ രാജാവിന് നന്ദി പറഞ്ഞ് അവർ മടങ്ങി
text_fieldsജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ലോകത്തിന്റെ നാനാഭാഗത്തുനിന്ന് ഉംറക്കെത്തിയ തീർഥാടകർ മടങ്ങി. രാജകാരുണ്യത്തിൽ മക്കയും മദീനയും സന്ദർശിക്കാനും ഉംറ നിർവഹിക്കാനും കഴിഞ്ഞ ആത്മീയാനുഭൂതിയിലാണ് അവർ പുണ്യഭൂമിയോടു വിട പറഞ്ഞത്. മടക്കവേളയിൽ സന്ദർശകർ ഉംറ നിർവഹിക്കാനായതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയും സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് സൽമാനു വേണ്ടി പ്രാർഥിക്കുകയും ചെയ്തു.
ഇസ്ലാമിനെ സേവിക്കുന്നതിനായി രാജ്യം സ്ഥാപിതമായത് മുതൽ നടത്തുന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ സന്ദർശന പരിപാടി. ഇസ്ലാമിനെയും മുസ്ലിംകളെയും സേവിക്കുന്നതിലും ഹജ്ജ്, ഉംറ തീർഥാടകർക്കും സന്ദർശകർക്കും സേവനം നൽകുന്നതിൽ ഭരണകൂടം കാണിക്കുന്ന അതീവ താൽപര്യത്തിനും പരിഗണനയ്ക്കും തീർഥാടകർ നന്ദിയും അഭിനന്ദനവും അറിയിച്ചു. മതകാര്യ വകുപ്പ് മേൽനോട്ടം വഹിക്കുന്ന ഖാദിമുൽ ഹറമൈൻ ഹജ്ജ് പദ്ധതിക്കു കീഴിലാണ് വിവിധ രാജ്യങ്ങളിൽനിന്നുള്ള 250 തീർഥാടകരുടെ സംഘമെത്തിയത്. ഇത്തവണ 1000 പേരാണ് പദ്ധതിക്ക് കീഴിൽ ഉംറക്കെത്തുന്നത്. ഇരുഹറമുകളിലും 10 ദിവസം നീണ്ട താമസത്തിനുശേഷം സ്വദേശങ്ങളിലേക്ക് തീർഥാടകരെ യാത്ര അയക്കാൻ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തിയിരുന്നു.
അതിഥി തീർഥാടകർ ഹിറ സാംസ്കാരിക കേന്ദ്രം സന്ദർശിച്ചപ്പോൾ
അതിഥി തീർഥാടകർ ഹിറ സന്ദർശിച്ചു
മക്ക: ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ പദ്ധതിക്ക് കീഴിൽ സൽമാൻ രാജാവിന്റെ അതിഥികളായെത്തിയ ഉംറ തീർഥാടകർ മക്കയിലെ ഹിറ സാംസ്കാരിക കേന്ദ്രം സന്ദർശിച്ചു. ഹിറാ ഗുഹയുടെ മാതൃകയിലൊരുക്കിയ പ്രദർശനമേള സംഘം സന്ദർശിക്കുകയും അനുബന്ധമായ മറ്റ് പരിപാടികൾ കാണുകയും ചെയ്തു. മദീന സന്ദർശനം കഴിഞ്ഞ് മക്കയിലെത്തിയ ശേഷമാണ് ഹിറ സാംസ്കാരിക കേന്ദ്രം സന്ദർശിച്ചത്. കിസ്വ നിർമാണ കേന്ദ്രവും സംഘം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.