സംഗീത സാന്ദ്രമായി രാവുകൾ: മൂന്നാമത് ദമ്മാം മ്യൂസിക് ഫോറം സമാപിച്ചു
text_fieldsദമ്മാം: സാന്ദ്രസംഗീതത്തിന്റെ മാസ്മരികതയിൽ അലിഞ്ഞു ചേർന്ന രണ്ടു ദിവസം നീണ്ട സംഗീതസംഗമത്തിന് സമാപനം. ദമ്മാമിലെ അസോസിയേഷൻ ഓഫ് കൾചർ ആൻഡ് ആർട്സ് സെന്ററിന്റെ സംഗീതവിഭാഗം രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച മ്യൂസിക് ഫോറം ഞായറാഴ്ച രാത്രി സമാപിച്ചു. മ്യൂസിക് ഫോറത്തിന്റെ മൂന്നാമത്തെ എഡിഷനാണ് അരങ്ങേറിയത്.
സൗദിയിലെ അതിപ്രശസ്ത സംഗീതജ്ഞരുടെ പ്രകടനങ്ങളും സംഗീതസംബന്ധമായ പഠനങ്ങളും ചർച്ചകളും ഉൾപ്പെടെ അതീവ ഹൃദ്യവും ഒപ്പം ഗൗരവവുമാർന്ന രണ്ടു രാവുകളാണ് കടന്നുപോയത്. സൗദിയുടെ സംസ്കാരവും പാരമ്പര്യവും പേറുന്ന സംഗീതങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിലനിർത്തുകയും ആസ്വദിക്കുകയുമാണ് മ്യൂസിക് ഫോറം ലക്ഷ്യമിടുന്നത്. ഫോറത്തിൽ ഡോ. അലി അൽ റുബായ് 'സമൂഹത്തിലെ സംഗീത സംസ്കാരത്തിന്റെ പ്രാധാന്യം' വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. കാലം സാമൂഹിക ജീവിതത്തിൽ വരുത്തിയ വ്യത്യാസങ്ങളെക്കുറിച്ചും സംഗീതത്തെക്കുറിച്ചുമുള്ള വീക്ഷണ വ്യത്യാസങ്ങളും തിരസ്കരണത്തിനും സ്വീകാര്യതക്കും ഇടയിൽ സംഗീതത്തിന്റെ പ്രാധാന്യവും വിശദീകരിക്കപ്പെട്ടു.
തുടർന്ന് സംഗീതസംവിധായകനും കലാകാരനുമായ അബ്ദുറഹ്മാൻ അൽ-ഷുമർ തന്റെ സംഗീതജീവിതാനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു. പുതിയ ഈണങ്ങൾ പിറക്കുന്നതും അത് മനുഷ്യനെ സ്വാധീനിക്കുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഒപ്പം അദ്ദേഹം തയാറാക്കിയ മനോഹരമായ ഗാനങ്ങളും ആലപിക്കപ്പെട്ടു. സൗദിയുടെ പാരമ്പര്യ സംഗീതത്തെക്കുറിച്ചും അവ ശേഖരിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും ആർട്ടിസ്റ്റ് ഹസ്സൻ ഇസ്കന്ദറാണി പ്രബന്ധം അവതരിപ്പിച്ചു. തുടർന്ന് ആർട്ടിസ്റ്റ് ഖാലിദ് ഇബ്രാഹിം ഗാനങ്ങളുമായി എത്തി. തുടർന്ന് ഇമാദ് മുഹമ്മദ് എന്ന കവി അദ്ദേഹത്തിന്റെ ഗാനരചനകൾ അവതരിപ്പിച്ചു. ശേഷം വേവ് ഗ്രൂപ് കലാകാരന്മാരായ യാസൻ ഗിത്താറിൽ അതിമനോഹരമായ ഗാനങ്ങൾ ആലപിച്ചു. ഇബ്രാഹിമും അബ്ദുല്ല അംജദും കലാകാരന്മാരായ അമിൻ ഷെഹാദേയുടെ പിയാനോയുടെ അകമ്പടിയോടെ പിയാനോയിൽ സോളോ അവതരിപ്പിച്ചു. സാക്സോഫോണിൽ അഹമ്മദ് ഷേക്കർ, ഔഡിൽ ഹിലാൽ ഹുസൈൻ, വയലിനിൽ മുഹമ്മദ് അൽ-ഷറഫി, സാമി അൽ ഒവൈസ്. കീബോർഡ്, കൂടാതെ ആർട്ടിസ്റ്റ് അലി അൽ-ഈദ് ഔഡിലും ഗാനങ്ങൾ അവതരിപ്പിച്ചു.
സംഗീതത്തിന്റെ മാസ്മരിക നാദവീചികൾ നിറഞ്ഞതോടെ സദസ്സ് ആടിയും പാടിയും ഒപ്പം കൂടി. തുടർന്ന് മ്യൂസിക്ഫോറത്തിന് സമാപനംകുറിച്ച് സ്സ്ക ഡയറക്ടർ യൂസുഫ് അലി ഹർബി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.