തിരുവനന്തപുരം കല്ലറ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
text_fieldsജുബൈൽ: ജുബൈലിൽ നിര്യാതനായ തിരുവനന്തപുരം കല്ലറ സ്വദേശി സുധീർ ഖാൻ അബൂബക്കറിന്റെ (48) മൃതദേഹം നാട്ടിലെത്തിച്ച് പാട്ടറ ജമാഅത്ത് ഖബർസ്ഥാനിൽ സംസ്കരിച്ചു. വ്യാഴാഴ്ച വെളുപ്പിന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.
സുധീർ ഖാന്റെ ഭാര്യയും കുട്ടികളും കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചിരുന്നു. ജോലിക്കിടെ ഹൃദയ സ്തംഭനം സംഭവിച്ച് ഒക്ടോബർ 15നാണ് സുധീർ ഖാൻ മരിച്ചത്. ലേബർ ഓഫീസ് ക്ലിയറൻസിന് കാലവിളംബം നേരിട്ടതാണ് നടപടിക്രമങ്ങൾ വൈകാൻ കാരണം. സുധീർ ഖാന്റെ അകാലവിയോഗം ജുബൈലിലെ മലയാളി സമൂഹത്തെയൊന്നാകെ കണ്ണീരിലാഴ്ത്തി.
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരാനും ആശ്വസിപ്പിക്കാനും ജുബൈലിലെ വിവിധ സംഘടനാ നേതാക്കളും സ്കൂൾ അധികൃതരും വിദ്യാർഥികളും എത്തിയിരുന്നു. 17 വർഷമായി ജുബൈലിലെ സ്വകാര്യ സ്വീറ്റ്സ് കമ്പനിയിൽ മെർച്ചന്റായിസറായി ജോലി ചെയ്യുകയായിരുന്നു സുധീർഖാൻ.
കുടുംബത്തോടൊപ്പം ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിന്റെ സമീപത്തായിരുന്നു താമസം. കുട്ടികൾ ഇതേ സ്കൂളിൽ വിദ്യാർഥികളായിരുന്നു. കല്ലറ വെള്ളംകുടി ബിസ്മി മൻസിലിൽ അബൂബക്കറിന്റെയും റഹ്മ ബീവിയുടെയും മകനാണ് സുധീർ ഖാൻ. ഭാര്യ: ഹസീന, മക്കൾ: മുഹമ്മദ് സുഹൈൽ, മുഹമ്മദ് സുഹാൻ, ശസ്മീൻ, മുഹമ്മദ് ശഹ്റോസ്.
അൽമാന ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലേക്ക് അയക്കാൻ പ്രവാസി വെല്‍ഫെയര്‍ ജുബൈൽ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.