തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ഒമ്പതാം വാർഷികം നാളെ
text_fieldsജിദ്ദ: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ടി.പി.എ) ഒമ്പതാം വാർഷികാഘോഷങ്ങൾ വിവിധ പരിപാടികളോടെ വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ‘വർണ നിലാവ് 2023’ എന്ന പേരിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിലാണ് പരിപാടി അരങ്ങേറുക. വൈകീട്ട് അഞ്ച് മുതൽ ആരംഭിക്കുന്ന പരിപാടിയിൽ പിന്നണി ഗായകൻ അൻസാർ ഇസ്മായിൽ കൊച്ചിൻ, നിഖിൽ പ്രഭ, ബ്ലെസ്ലി തുടങ്ങിയവർ അതിഥികളാണ്. ലൈവ് ഓർക്കസ്ട്രയോടൊപ്പമുള്ള ഇവരുടെ ഗാനങ്ങളും ജിദ്ദയിലെ അതുല്യ കലാകാരന്മാർ അണിനിരക്കുന്ന സംഗീത, നൃത്ത വിരുന്നും പരിപാടിക്ക് മാറ്റുകൂട്ടും.
നൂറുകണക്കിന് നിർധനരായ രോഗികൾക്ക് ചികിത്സാ സഹായം, നിരവധി വീട്ടമ്മമാർക്ക് സ്വയംതൊഴിൽ പദ്ധതി, ഭിന്നശേഷിക്കാർക്ക് ഭൗതിക ഉപകരണ വിതരണം, നിർധന വിദ്യാർഥികൾക്ക് പഠനസഹായം, അംഗങ്ങൾക്കുള്ള ക്ഷേമ പദ്ധതികൾ, ഹജ്ജ് തീർഥാടകർക്ക് രക്തദാനം, പ്രയാസപ്പെടുന്ന പ്രവാസികൾക്ക് യാത്രാസഹായം, ദുരിത ജീവിതം നയിക്കുന്ന പ്രവാസികൾക്ക് സാന്ത്വന സഹായം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ അസോസിയേഷൻ കീഴിൽ നടന്നുവരുന്നുണ്ട്. തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് മാത്രമല്ല, മാനുഷിക പരിഗണനകൾക്കു ദേശാതിർവരമ്പുകൾക്കതീതമായി സഹായ ഹസ്തം നൽകാൻ അസോസിയേഷൻ എന്നും ശ്രമിക്കുന്നുണ്ട്. സേവനമാതൃകയുടെ അംഗീകാരമായി കേരളസർക്കാറിന്റെ കീഴിൽ 2027വരെ നോർക്ക റൂട്ട്സ് അംഗീകാരമുള്ള ജിദ്ദയിലെ ഏക സംഘടനയാണ് തിരുവനന്തപുരം പ്രവാസി അസോസിയേഷനെന്നും ജിദ്ദയിലെ മുഴുവൻ കലാസ്നേഹികളെയും വാർഷികാഘോഷ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്റ് നാസുമുദ്ദീൻ മണനാക്ക്, ജനറൽ സെക്രട്ടറി മുഹമ്മദ് ഹുസൈൻ, ട്രഷറർ നൗഷാദ് ആറ്റിങ്ങൽ, ഗായകൻ അൻസാർ ഇസ്മായിൽ, പ്രോഗ്രാം കൺവീനർ മുഹമ്മദ് അബൂബക്കർ, കൾച്ചറൽ സെക്രട്ടറി വിവേക് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.