ഈ മാസം റിയാദ് വേദിയൊരുക്കുന്നത് രണ്ട് ഫുഡ്-ഹോട്ടൽ മേളകൾക്ക്
text_fieldsറിയാദ്: ഈ മാസം സൗദി തലസ്ഥാന നഗരം വേദിയൊരുക്കുന്നത് രണ്ട് ഭക്ഷണ, ആതിഥേയ മേളകൾക്ക്. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷണ, പാനീയ പ്രദർശന മേളകളിൽ ഒന്നായ ‘ഫുഡെക്സ് സൗദി’യുടെ 11ാം പതിപ്പ് സെപ്റ്റംബർ 16 മുതൽ 19 വരെ റിയാദ് ഇന്റർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കും.
75 രാജ്യങ്ങളിൽ നിന്നായി 500ലധികം ഭക്ഷ്യ ഉൽപാദന വിൽപന കമ്പനികൾ പ്രദർശനത്തിനെത്തും. 800ലധികം ബ്രാൻഡുകൾ പരിചയപ്പെടുത്തുന്ന മേളയിൽ 20,000ലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ നിർമാണ കമ്പനികൾ, വിതരണക്കാർ, ആതിഥേയ ഉൽപന്നങ്ങളുടെ കമ്പനികൾ, വിഖ്യാത പാചക വിദഗ്ധർ, ഭക്ഷണ നിർമാണത്തിനായുള്ള ടെക്നോളജി കമ്പനികൾ, ഈ രംഗത്തെ നിക്ഷേപകർ തുടങ്ങി ഭക്ഷ്യ വിപണിയുമായി ബന്ധപ്പെട്ട വ്യത്യസ്ത വകുപ്പുകളുടെ സമ്മേളന നഗരിയായിരിക്കും ‘ഫുഡെക്സ്-24’.
മേള സന്ദർശിക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന് ഈ ലിങ്ക് സന്ദർശിക്കാം: https://www.foodexsaudiexpo.com/en/registertovisit
രണ്ടാമത്തെ മേളയായ ഹോട്ടൽ ആൻഡ് ഹോസ്പിറ്റാലിറ്റി എക്സ്പോ സെപ്റ്റംബർ 17 മുതൽ 19 വരെ റിയാദ് ഫ്രണ്ട് എക്സിബിഷൻ ആൻഡ് കോൺഫറൻസ് സെന്ററിലാണ്. ഹോട്ടൽ ഉൾപ്പടെയുള്ള ആതിഥേയ വ്യവസായ മേഖലയെ സംബന്ധിച്ചുള്ള സമഗ്രമായ പ്രദർശന മേളയാണ് ഈ എക്സ്പോ.
ഹോട്ടൽ നിർമാണം, ഡിസൈനിങ്, ഇന്റീരിയർ, ആർക്കിടെക്, ഹോസ്പിറ്റാലിറ്റി ടെക്നോളജി, ജിം, സ്പാ, സ്പോർട്സ് സെന്റർ തുടങ്ങി എല്ലാ മേഖലകളിലെയും കൺസൾട്ടന്റുമാരും നിർമാതാക്കളും ഉത്പന്നങ്ങളും മേളയിലുണ്ടാകും.
പ്രദർശന ഹാളിൽ ഒരുങ്ങുന്ന സെമിനാറിൽ ഈ മേഖലയെ കുറിച്ചുള്ള വ്യത്യസ്ത പരിപാടികളിലായി 60ഓളം പ്രമുഖർ സംസാരിക്കും. 23,000 സന്ദർശകരെ പ്രതീക്ഷിക്കുന്ന മേളയിൽ 750ലധികം കമ്പനികൾ പ്രദർശന സ്റ്റാളുകളൊരുക്കും. രജിസ്ട്രേഷൻ ലിങ്ക്: https://register.thehotelshowsaudiarabia.com/
വ്യത്യസ്ത കമ്പനികളുടെ ഉൽപന്നങ്ങളും സേവനവും അറിയാനും ഇടനിലക്കാരില്ലാതെ ബിസിനസ് കരാറുകൾ ഉറപ്പിക്കാനുമുള്ള അവസരമാണ് ഇത്തരം മേളകൾ.
സൗദി അറേബ്യയിൽ നിക്ഷേപ രംഗത്തുണ്ടായ ഗുണകരമായ മാറ്റവും സൗഹൃദ അന്തരീക്ഷവും ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് നിക്ഷേപകരെ കൂടുതൽ ആകർഷിക്കുന്നുണ്ട്. വേൾഡ് റിയാദ് എക്സ്പോ-2030, ലോകകപ്പ് ഫുട്ബാൾ -2034 ഉൾപ്പടെയുള്ള സാധ്യതകളാണ് ലോകത്തിന്റെ വിവിധ മേഖലകളിലുള്ള പ്രമുഖ കമ്പനികൾ സൗദിയിൽ കാണുന്ന ഭാവി. അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന റിയാദ് നഗരത്തിലായിരിക്കും കമ്പനികൾ വലിയ ശതമാനവും നിക്ഷേപമിറക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.