102 ശതകോടി റിയാൽ മിച്ചവുമായി ഈ വർഷത്തെ സൗദി ബജറ്റ്
text_fieldsജിദ്ദ: ഈ വർഷം അവസാനിക്കാനൊരുങ്ങവേ രാജ്യം വലിയ സാമ്പത്തിക സ്ഥിതി നേടിയതായി വെളിപ്പെടുത്തി സൗദി അറേബ്യയുടെ ഈ വർഷത്തെ ബജറ്റിന്റെ അവലോകനം. 2022 ബജറ്റിൽ 102 ശതകോടി റിയാൽ മിച്ചം രേഖപ്പെടുത്തിയതായി ധന മന്ത്രാലയം വ്യക്തമാക്കി. ഇത് മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 2.6 ശതമാനമാണ്. എണ്ണ വരുമാനത്തിലെ വർധനവിന്റെ പിന്തുണയോടെയാണിത് സാധ്യമായതെന്നും മന്ത്രാലയം വിശദമാക്കി. ബജറ്റ് തയാറാക്കുമ്പോൾ കണക്കാക്കിയ 1.045 ലക്ഷം കോടി റിയാലുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷത്തെ യഥാർഥ വരുമാനം ഏകദേശം 1.234 ലക്ഷം കോടി റിയാലായിരുന്നു. 955 ശതകോടി റിയാലാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കണക്കുകൂട്ടിയതിനെക്കാൾ കൂടുതലാണ് ചെലവായതെങ്കിലും വരവിനോളം അത് എത്തിയില്ല. ആകെ ചെലവ് 1.132 ലക്ഷം കോടി റിയാലാണ്.
രാജ്യത്തിന്റെ ബജറ്റ് ചരിത്രത്തിൽ ഏറ്റവും ഒടുവിൽ മിച്ചം നേടിയത് 2013-ൽ 180 ശതകോടി റിയാലായിരുന്നു. 2014 മുതൽ ബജറ്റിൽ കമ്മി പ്രകടമായി തുടങ്ങിയിരുന്നു. 2015-ൽ കമ്മി ഏറ്റവും ഉയർന്ന നിലയായ 367 ശതകോടി റിയാലിലെത്തി. 2016ൽ കമ്മി ഏകദേശം 300 ശതകോടി റിയാലായി കുറഞ്ഞു. 2019 വരെ മിച്ചം ക്രമേണ കുറയുകയായിരുന്നു. എന്നാൽ കോവിഡ് വർഷമായ 2020-ൽ ബജറ്റ് കമ്മി കാര്യമായി കുറഞ്ഞു. പിറ്റേവർഷം മുതൽ മിച്ചം രേഖപ്പെടുത്തുന്നത് തുടങ്ങുകയും ചെയ്തു. നിലവിൽ മിച്ചം തുടരുമെന്ന പ്രവണതയാണ് പ്രകടമാകുന്നത്. 2025-ൽ 71 ശതകോടി റിയാലായിരിക്കും മിച്ചമെന്നാണ് പ്രതീക്ഷ.
അടുത്ത വർഷത്തെ (2023) ബജറ്റ് എസ്റ്റിമേറ്റിനെക്കുറിച്ചും ധനകാര്യ മന്ത്രാലയം വെളിപ്പെടുത്തി. 16 ശതകോടി റിയാൽ മിച്ചം വരുമെന്നാണ് പ്രതീക്ഷ. ആകെ ചെലവുകളായി 1.114 ലക്ഷം കോടി റിയാലും ആകെ വരുമാനമായി 1.130 ലക്ഷം കോടി റിയാലും പ്രതീക്ഷിക്കുന്നു. ബാഹ്യ ആഘാതങ്ങളെ നേരിടാനുള്ള രാജ്യത്തിന്റെ ശേഷി വർധിപ്പിക്കുന്നതിന് സർക്കാർ കരുതൽ ശേഖരം സുരക്ഷിതമായി നിലനിർത്തിക്കൊണ്ട് സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയാണ് 2023ലെ ബജറ്റിലൂടെ ലക്ഷ്യമിടുന്നത്. മിച്ചത്തിന്റെ ഒരു ഭാഗം ഉപയോഗിച്ച് സൗദി സെൻട്രൽ ബാങ്കിൽ സർക്കാർ കരുതൽ ധനം വർധിപ്പിക്കാനും ധനനയം ലക്ഷ്യമിടുന്നു.
2022-ൽ സൗദി സമ്പദ്‌വ്യവസ്ഥ 8.5 ശതമാനം വളർച്ച കൈവരിച്ചു. അന്താരാഷ്ട്ര നാണയനിധിയുടെ (ഐ.എം.എഫ്) കണക്കുകൾ പ്രകാരം ഇത് ജി-20 രാജ്യങ്ങളിൽ ഈ വർഷത്തെ ഏറ്റവും വേഗത്തിലുള്ള വളർച്ചയാണ്. ഈ വർഷത്തിന്റെ തുടക്കം മുതൽ മൂന്നാം പാദത്തിന്റെ അവസാനം വരെ സൗദി ബജറ്റ് 149.54 ശതകോടി റിയാൽ മിച്ചം കൈവരിച്ചിട്ടുണ്ട്. 950.19 ശതകോടി റിയാലിന്റെ വരുമാനവും 800.65 ശതകോടി റിയാലിന്റെ ചെലവും രേഖപ്പെടുത്തിയ ശേഷമാണിത്. അതോടൊപ്പം സൗദി അറേബ്യയിലെ മൊത്തം പൊതുകടം 2022 അവസാനത്തോടെ 985 ശതകോടി റിയാലിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.