ഏഴ് വയസ്സിനു മുകളിലുള്ളവർക്ക് ഇരുഹറമുകളിൽ പ്രവേശിക്കാൻ അനുമതി
text_fieldsജിദ്ദ: ഏഴ് വർഷവും അതിൽ കൂടുതലും പ്രായമുള്ളവർക്ക് മക്ക, മദീന ഹറമുകളിലേക്ക് നിബന്ധനയോടെ പ്രവേശനാനുമതി നൽകുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തവക്കൽന ആപ്ലിക്കേഷനിൽ ഇമ്യൂൺ നില കാണിക്കുന്നവർക്കായിരിക്കും അനുമതി പത്രം നേടാനാകുക. ഇഅ്തമർനാ, തവക്കൽനാ ആപ്ലിക്കേഷനുകളിൽ ഉംറക്കുള്ള അനുമതി പത്രത്തിന് അപേക്ഷിക്കാൻ കഴിയുന്നത് സൗദി അറേബ്യയിൽ നിലവിലുള്ളവർക്കായിരിക്കും.
ഇമ്യൂൺ പദവി ദൃശ്യമാകുന്നതോടൊപ്പം ഗുണഭോക്താവിന്‍റെ ഡാറ്റ സൗദി പാസ്പോർട്ട് ഡയറക്ടറേറ്റിന്‍റെ ഓൺലൈൻ പോർട്ടലായ 'അബ്ഷറി'ൽ അപ്ഡേറ്റ് ചെയ്തിരിക്കണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ ആവർത്തിക്കാനുള്ള കാലയളവ് 10 ദിവസമാണ്. ഒരാൾക്ക് ഒരു ഉംറ നിർവഹിച്ച് 10 ദിവസം കഴിഞ്ഞേ അടുത്ത ഉംറ ചെയ്യാൻ അനുവാദമുണ്ടാകൂ. റമദാൻ അടുക്കുന്ന സാഹചര്യത്തിൽ ഈ ആവർത്തന കാലയളവ് മാറ്റാനുള്ള ക്രമീകരണങ്ങളുണ്ടോ എന്നതിനെക്കുറിച്ച് എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടെങ്കിൽ അത് അപ്പോൾ അറിയിക്കുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം വിശദീകരിച്ചു. നേരത്തെ 12 വയസ്സിനു മുകളിലുള്ളവർക്കായിരുന്നു ഹറമുകളിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഹറമുകളിലെ പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.