പുതിയ വിസയിലെത്തുന്നവർക്ക് പഴയ ഡ്രൈവിങ് ലൈസൻസിന് പകരം പുതിയത് നേടാം
text_fieldsജിദ്ദ: ഫൈനൽ എക്സിറ്റ് വിസയിൽ നാട്ടിലേക്ക് മടങ്ങിയ ശേഷം പുതിയ വിസയിൽ വീണ്ടും സൗദി അറേബ്യയിലേക്ക് വരുന്നവർക്ക് പഴയ ഡ്രൈവിങ് ലൈസൻസിന് പകരം പുതിയത് നേടാനാകുമെന്ന് ട്രാഫിക് ജനറൽ ഡയറക്ട്രേറ്റ് വ്യക്തമാക്കി.
ട്രാഫിക് ഓഫീസിലെത്തി പഴയ ലൈസൻസ് പുതിയ ഇഖാമ നമ്പറിൽ തരണമെന്ന് അപേക്ഷ നൽകിയാൽ മതിയാകും. ഡ്രൈവിങ് കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ ആവശ്യമായ ഫീസ് അടക്കുകയും വൈദ്യപരിശോധന റിപ്പോർട്ട് സഹിതം അപേക്ഷ സമർപ്പിക്കുകയും വേണം.
വിസിറ്റ് വിസയിൽ സൗദി അറേബ്യയിലേക്ക് വരുന്നവർക്ക് സാധുതയുള്ള ഇൻറർനാഷനൽ ഡ്രൈവിങ് ലൈസൻസ് അല്ലെങ്കിൽ വിദേശ ലൈസൻസ് ഉപയോഗിച്ച് ഒരു വർഷത്തേക്കോ, ലൈസൻസ് കാലാവധി തീരുന്ന സമയം വരേക്കോ രാജ്യത്ത് വാഹനമോടിക്കാം.
സ്വകാര്യ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ 18 വയസ്സ് പൂർത്തിയായിരിക്കണം. മയക്കുമരുന്ന് ഉപയോഗത്തിനോ അവ കൈവശം വയ്ക്കലിനോ ശിക്ഷിക്കപ്പെട്ടവർക്ക് ലൈസൻസ് അനുവദിക്കില്ല.
വാഹനമോടിക്കുന്നതിൽ നിന്ന് തടസ്സപ്പെടുത്തുന്ന രോഗങ്ങൾ, വൈകല്യങ്ങൾ എന്നിവയുള്ളവർക്കും ലൈസൻസിന് അപേക്ഷിക്കാനാവില്ലെന്നും ട്രാഫിക് ജനറൽ ഡയറക്ട്രേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.