മക്കയിലേക്കുള്ള പാതയിൽ...
text_fieldsറിയാദ്: കൂടുതൽ ഭക്തിസാന്ദ്രമാകുകയാണ് അന്തരീക്ഷം. വിശ്വാസികൾ കേഴുന്ന ഇരവുപകലുകൾ. അതിപ്രധാന ദിനങ്ങൾ പുണ്യഭൂമിയിൽ ചെലവിടാൻ സൗദിയുടെ നാനാഭാഗത്തുനിന്നും വിശ്വാസികൾ മക്കയിലേക്ക് ഒഴുകുന്നു. തലസ്ഥാന നഗരമായ റിയാദിൽനിന്ന് ആയിരക്കണക്കിന് തീർഥാടകരാണ് ദിനേന ഇഹ്റാം അണിഞ്ഞ് പുറപ്പെടുന്നത്. കോവിഡ് നിയന്ത്രണം ഒഴിഞ്ഞതോടെ മക്ക, മദീന പള്ളികളിലേക്കുള്ള യാത്രക്കാർ പെരുകിയതായി ഉംറ യാത്ര സംഘാടകർ പറയുന്നു. ഉംറ ഗ്രൂപ്പുകൾ വഴിയും സ്വന്തം വാഹനത്തിലും വിമാനത്തിലും വിശ്വാസികൾ മക്കയിലേക്ക് തിരിക്കുന്നു. ജിദ്ദയിലേക്കുള്ള വിമാനയാത്രക്ക് വരും ദിവസം അന്താരാഷ്ട്ര യാത്രയെക്കാൾ ചെലവേറും.
ആയിരം മാസത്തെക്കാൾ പുണ്യമായ 'ലൈലതുൽ ഖദ്ർ'എന്ന പുണ്യരാവിനെ കണ്ടുമുട്ടാൻ ആഗ്രഹിച്ച് നേരത്തേ അവധിക്ക് ആപേക്ഷിച്ച് യാത്ര ക്രമീകരിച്ചവരാണ് പലരും. ഈ യാത്രയിൽ സാധാരണക്കാരും സമ്പന്നരും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാ വിഭാഗക്കാരുമുണ്ട്.
നാട്ടിൽ സ്കൂൾ അവധിക്കാലമായതിനാൽ നിരവധി കുടുംബം സന്ദർശനവിസയിൽ രാജ്യത്ത് എത്തി. ഇവരിൽ നല്ലൊരു ഭാഗം ഉംറക്കും ചരിത്രപ്രധാനസ്ഥല സന്ദർശനത്തിനും എത്തുന്നവരാണ്.
സമ്പന്നരായ ചില സ്വദേശികളും വിദേശികളും അവസാനത്തെ 10 പൂർണമായും ഹറമിൽ ചെലവഴിക്കുന്നവരാണ്. ഇതിനായി ഹറമിനോട് ചേർന്നുള്ള ഹോട്ടലുകൾ മാസങ്ങൾക്കു മുമ്പുതന്നെ ബുക്ക് ചെയ്ത് ഉറപ്പിക്കും. റമദാൻ അവസാന ദിനങ്ങളിൽ ഹറം പരിസരത്തെ ആഡംബര ഹോട്ടലുകൾക്ക് ഒരു ദിവസത്തേക്ക് അമ്പതിനായിരം രൂപക്ക് മുകളിലാണ് വാടക.
ഇഫ്താറും അത്താഴവും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് ഹോട്ടലുകൾ അതിഥികളെ സൽക്കരിക്കുന്നത്. മസ്ജിദുൽ ഹറാമിന്റെ അതിരുകൾക്കുള്ളിലുള്ള ഹോട്ടലുകളിൽ നമസ്കാരവും പ്രാർഥനയുമായി ചെലവഴിക്കുന്നവരുമുണ്ട്. മസ്ജിദുൽ ഹറാമിലെത്തുന്ന സന്ദർശകർക്ക് വിപുലമായ സൗകര്യമാണ് സംഘാടകർ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.