ജുബൈലിൽനിന്ന് മൂന്നു സ്ഥാനാർഥികൾ
text_fieldsജുബൈൽ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജുബൈലിലെ മൂന്നു പ്രവാസികൾ മത്സര രംഗത്ത്. രണ്ടു സ്വതന്ത്രരും ഒരു യു.ഡി.ഫ് സ്ഥാനാർഥിയുമാണ് അങ്കത്തട്ടിലുള്ളത്. 40 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി കൃഷിയും സാമൂഹിക പ്രവർത്തനവുമായി കഴിഞ്ഞ മലപ്പുറം പാണ്ടിക്കാട് സ്വദേശി അബൂബക്കർ പട്ടണത്ത് പാണ്ടിക്കാട് 13ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയാണ്. 'ജനകീയ വികസനത്തിന് ജനപക്ഷ സ്ഥാനാർഥി' എന്ന മുദ്രാവാക്യത്തിലൂന്നിയുള്ള പ്രചാരണം രണ്ടുഘട്ടം പിന്നിട്ടുകഴിഞ്ഞു. യുവജനങ്ങൾക്ക് കലാകായിക മേഖലയിലും തൊഴിൽപരമായ ഉയർച്ചക്കുംവേണ്ട പദ്ധതികളാണ് അബൂബക്കർ പട്ടണത്ത് മുന്നോട്ടുവെക്കുന്നത്.
മാലിന്യ സംസ്കരണവും വനിതകൾക്കായുള്ള സ്വയംതൊഴിൽ യൂനിറ്റുകളും സ്ഥാപിക്കാൻ ലക്ഷ്യമുണ്ട്. ജുബൈൽ തനിമ കലാസാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനായിരുന്നു. ത്രികോണ മത്സരം നടക്കുന്ന വാർഡിൽ ഇഞ്ചോടിഞ്ചാണ് പോരാട്ടം. 'നാടിെൻറ നന്മക്കൊപ്പം ഹൃദയത്തോട് ചേർത്തുവെക്കാം ഈ യുവത്വത്തെ' എന്ന തലക്കെട്ടിലാണ് കൊല്ലം നെടുമ്പന മലേവയൽ എട്ടാം വാർഡിൽ എ.എസ്. സജാദിനെ യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. ഒ.ഐ.സി.സി ജുബൈൽ സെൻട്രൽ ഏരിയ കമ്മിറ്റി ഭാരവാഹിയായി സജീവമായി പ്രവർത്തിച്ചുവരുന്നതിനിടെയാണ് നാട്ടിൽ പോയത്. കഴിഞ്ഞ തവണ യു.ഡി.എഫ് വിജയിച്ച മണ്ഡലം എന്ത് വിലകൊടുത്തും നിലനിർത്താനുള്ള പരിശ്രമത്തിലാണ് സജാദ്. പ്രചാരണ പ്രവർത്തനങ്ങൾ മൂന്നാംഘട്ടത്തിലേക്ക് കടന്നിരിക്കെ തികഞ്ഞ വിജയപ്രതീക്ഷയാണ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന ഈ പ്രവാസിക്കുള്ളത്. കൊല്ലം ജില്ലയിലെ പന്മന ഗ്രാമ പഞ്ചായത്തിൽ ചിറ്റൂർ വാർഡിലാണ് ജുബൈലിലെ അറിയപ്പെടുന്ന കലാകാരി നീതു അനുമോദ് ജനവിധി തേടുന്നത്.
നഴ്സിങ്ങിന് അവസാന വർഷം പഠിക്കുമ്പോഴാണ് സ്വന്തം ഗ്രാമമായ ചിറ്റൂരിൽ കരിമണൽ ഖനന കമ്പനിയുടെ ആസിഡ് ടാങ്കിൽ നിന്നും രാസമാലിന്യം ഗ്രാമത്തിലേക്ക് ഒഴുകിയ സംഭവം നടന്നത്. ഇതിനെതിരെ ഉയർന്ന ജനകീയ സമരത്തിൽ നേതൃപരമായ പങ്കുവഹിച്ചാണ് നീതു പൊതുരംഗത്ത് എത്തുന്നത്. ഏറെ ചർച്ച ചെയ്യപ്പെടുകയും വിജയംകാണുകയും ചെയ്ത ആ സമരത്തിന് ശേഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നീതു മത്സരിച്ചിരുന്നു. പിന്നീട് സൗദിയിലേക്ക് വരുകയും ജുബൈലിലെ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിൽക്കുകയും ചെയ്തു. നിരവധി നാടകങ്ങളിൽ പ്രധാന കഥാപാത്രമായി വേഷമിട്ടു. ജുബൈൽ മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് സെക്രട്ടറി കൂടിയായ നീതു കഴിഞ്ഞമാസമാണ് നാട്ടിൽ പോയത്. 'പുതിയ കാലം പുതിയ തലമുറ' എന്ന മുദ്രാവാക്യം ഉയർത്തി മൊബൈൽ ചിഹനത്തിലാണ് നീതു ജനവിധി തേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.