ദുരിതാശ്വാസ സാമഗ്രികളുമായി റിയാദിൽനിന്ന് മൂന്നു വിമാനങ്ങൾ സുഡാനിലെത്തി
text_fieldsറിയാദ്: ആഭ്യന്തര സംഘർഷം മൂലം ദുരിതത്തിലായ സുഡാനിലെ ജനങ്ങളെ സഹായിക്കാനുള്ള സാധനസാമഗ്രികളുമായി റിയാദിൽനിന്നുള്ള മൂന്നു വിമാനങ്ങൾ പോർട്ട് സുഡാൻ വിമാനത്താവളത്തിലിറങ്ങി. സൈനിക ഏറ്റുമുട്ടലിൽ വഴിയാധാരമായ സുഡാൻ ജനതക്ക് 1000 കോടി ഡോളറിന്റെ മാനുഷിക സഹായമെത്തിക്കുമെന്ന് കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ് റിലീഫ്) ഞായറാഴ്ച പ്രഖ്യാപിച്ച വാർത്ത ഗൾഫ് മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു.
ചൊവ്വാഴ്ച ഉച്ചക്ക് 1.30നാണ് കിങ് ഖാലിദ് അന്തർദേശീയ വിമാനത്താവളത്തിൽനിന്ന് 10 ടൺ ഭക്ഷ്യവസ്തുക്കളും മരുന്നും വസ്ത്രങ്ങളും നിറച്ച ആദ്യ സൈനികവിമാനം സുഡാനിലേക്കു തിരിച്ചത്. മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങളും പറന്നുപൊങ്ങി. മൂന്നു വിമാനങ്ങളും സുഡാനിലെത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സൈനിക സംഘർഷം മൂലം കഷ്ടതയിലായ സുഡാൻ ജനതയുടെ ദുരിതം ലഘൂകരിക്കുന്നതിനുള്ള സൗദിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് കെ.എസ് റിലീഫിന്റെ സഹായം. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശപ്രകാരം ‘സാഹിം’ പ്ലാറ്റ്ഫോം വഴി ആരംഭിച്ച ധനസമാഹരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കാമ്പയിൻ തുടങ്ങി 24 മണിക്കൂർ പിന്നിട്ടപ്പോൾതന്നെ 12 ലക്ഷത്തിലധികം റിയാലിന്റെ സഹായമെത്തിയിരുന്നു.
സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാനും അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെ (ആർ.എസ്.എഫ്) കമാൻഡർ മുഹമ്മദ് ഹംദാൻ ദഗ്ലുവും തമ്മിലുള്ള അധികാരത്തർക്കത്തിന്റെ ഭാഗമായാണ് സുഡാനിൽ ഏറ്റുമുട്ടലുകൾ പൊട്ടിപ്പുറപ്പെട്ടത്. 500ലധികം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഘർഷത്തിൽ ഇതുവരെ ഏഴു ലക്ഷം പേരെ ആഭ്യന്തരമായി മാറ്റിപ്പാർപ്പിച്ചതായി ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐ.ഒ.എം) ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.