റീഎൻട്രി വിസയിൽ പോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി
text_fieldsറിയാദ്: സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കിയെന്ന് റിപ്പോർട്ട്. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം അൽവത്വൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദിയിൽ തൊഴിൽ വിസയിലെത്തിയ ശേഷം എക്സിറ്റ് റീഎൻട്രി വിസയിൽ പുറത്തുപോയി വിസയുടെ കാലാവധിക്കുള്ളിൽ തിരിച്ചുവരാത്തവർക്ക് നിലവിൽ മൂന്ന് വർഷത്തെ പ്രവേശന വിലക്കുണ്ട്. അതൊഴിവാക്കി എന്നാണ് റിപ്പോർട്ട്. രാജ്യത്തെ വിവിധ മേഖലകളിലെ കര, വ്യാമ, കടൽ പ്രവേശന കവാടങ്ങളിലെ പാസ്‌പോർട്ട് ഒാഫീസുകളെ ഇത് സംബന്ധിച്ച് വിവരമറിയിച്ചതായി പാസ്‌പോർട്ട് വകുപ്പിനെ ഉദ്ധരിച്ച് അൽവത്വൻ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച (ജനുവരി 16) മുതൽ ഈ നിരോധം റദ്ദാക്കാൻ ആവശ്യപ്പെട്ട് ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും പ്രവേശന കവാടങ്ങളിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. എന്നാൽ ചില കർശന നിബന്ധനകൾക്ക് വിധേയമായിട്ടാണ് പ്രവേശന വിലക്ക് നീക്കുക.
കൃത്യസമയത്ത് മടങ്ങാൻ പ്രതിജ്ഞാബദ്ധരായ തൊഴിലാളികൾ മടങ്ങി വരാത്തതിനാൽ കമ്പനികളുടെ പ്രവർത്തനങ്ങൾ താളം തെറ്റുന്ന സ്ഥിതിയിൽ വ്യസായികളുടെയും സംരംഭകരുടെയും ആവശ്യത്തെ തുടർന്നാണ് ഗവൺമെൻറ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നത്. റീഎൻട്രിയിൽ പോയി നിശ്ചിത കാലയളവിനുള്ളിൽ തിരിച്ചുവരാത്തവർക്ക് സൗദിയിലേക്ക് പ്രവേശനത്തിന് മൂന്ന് വർഷത്തെ വിലക്കാണ് പാസ്‌പോർട്ട് വകുപ്പ് ഏർപ്പെടുത്തിയിരുന്നത്. തൊഴിലാളികൾ തിരിച്ചുവരാത്തത് തൊഴിലുടമകൾക്ക് വലിയ സാമ്പത്തിക ചെലവുകൾ വരുത്തിയിരുന്നതിനാൽ ഈ തീരുമാനം അവർക്ക് അനുകൂലമായിരുന്നു.
തൊഴിൽ കരാർ നിലനിൽക്കെയാണ് സ്വദേശത്തേക്ക് അവധിക്ക് പോകാൻ എക്സിറ്റ് റീ എൻട്രി വിസകൾ നേടിയിരുന്നത്. എന്നാൽ പോയ ശേഷം മടങ്ങാത്തത് കരാർ ലംഘനവും ജോലിക്കാരില്ലാതെ സ്ഥാപനത്തിെൻറ പ്രവർത്തനം പ്രതിസന്ധിയിലാക്കുന്നതുമാവും. തൊഴിലാളികളുടെ ഇഖാമ, വർക്ക് പെർമിറ്റ്, റീഎൻട്രി വിസ ഫീസുകൾ, വിമാന ടിക്കറ്റ് ചാർജ് തുടങ്ങിയവ ഉൾപ്പടെ വലിയ ചെലവ് വരുത്തിയാണ് തൊഴിലാളി അവധിക്ക് നാട്ടിൽ പോകുന്നത്. തിരിച്ചുവരാതാവുന്നതോടെ ഈ നഷ്ടവും തൊഴിലുടമ സഹിക്കേണ്ടിവരുന്നു. നിയമവിരുദ്ധമായ കാരണത്താൽ തൊഴിൽ കരാർ അവസാനിപ്പിക്കുന്നത് തൊഴിലാളിയുടെ ഭാഗത്തുനിന്നുള്ള ലംഘനമായാണ് കണക്കാക്കുന്നതും.
എന്നാൽ പുതിയ ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് പ്രവേശന വിലക്ക് ഒഴിവാക്കാൻ ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നതെന്നും അൽവത്വൻ പത്രവാർത്തയിൽ പറയുന്നു.
പ്രവേശന വിലക്ക് നീക്കുന്നതിനുള്ള നിബന്ധനകൾ:
1. സ്വന്തം പേരിൽ ട്രാഫിക് നിയമലംഘന പിഴകളുണ്ടെങ്കിൽ ഒടുക്കണം
2. പഴയ വിസ റദ്ദാക്കാഞ്ഞത് മൂലമുള്ള പിഴ ഉണ്ടാവാൻ പാടില്ല
3. നിലവിൽ സാധുവായ വിസ ഉണ്ടാവാൻ പാടില്ല
4. പുതിയ വിസയുടെ സ്പോൺസർ സൗദിയിലുണ്ടാവണം
5. പാസ്പോർട്ടിന് 90 ദിവസത്തിൽ കുറയാത്ത കാലാവധി ഉണ്ടായിരിക്കണം
6. വിലയടയാളം സൗദിയിൽ നേരത്തെ രേഖപ്പെടുത്തയ ആളായിരിക്കണം
7. റീഎൻട്രിയിൽ പോയി മടങ്ങാത്ത ആശ്രിത വിസക്കാരുണ്ടെങ്കിൽ അവരും ഒപ്പം വരണം
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.