സൗദിയിൽ സിനിമപ്രദർശനത്തിന് മൂന്നുവർഷം : ഇതുവരെ വിറ്റത് 12 ദശലക്ഷം ടിക്കറ്റുകൾ
text_fieldsസാബു മേലതിൽ
ജുബൈൽ: സൗദിയിൽ സിനിമപ്രദർശനം ആരംഭിച്ച് മൂന്നുവർഷം പിന്നിടുമ്പോൾ ഇതുവരെ 12 ദശലക്ഷം സിനിമ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. 2018 ഏപ്രിൽ 18ന് റിയാദിലാണ് സൗദിയിലെ വിനോദ മേഖലയുടെ ചരിത്രംതന്നെ മാറ്റിയെഴുതിയ ആദ്യ സിനിമ പ്രദർശനം അരങ്ങേറിയത്. ഒടുവിൽ കഴിഞ്ഞ ആഴ്ച 10 സ്ക്രീനുകളും 1,309 സീറ്റുകളുമായി ഹായിൽ സിനിമശാല പ്രവർത്തനമാരംഭിച്ചു. മൂന്നാം വാർഷികം ആഘോഷിക്കുന്ന സിനിമ മേഖല കഴിഞ്ഞ വർഷങ്ങളിൽ വിനോദ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. വിഷൻ 2030 അനുസരിച്ച് വിനോദ പരിപാടികളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിെൻറ ഭാഗമായി ജനറൽ അതോറിറ്റി ഫോർ ഓഡിയോ വിഷ്വൽ മീഡിയയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സിനിമ പ്രദർശനം ആരംഭിച്ചത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ രാജ്യത്തെ ആറ് അഡ്മിനിസ്ട്രേറ്റിവ് മേഖലകളിലെ 12 നഗരങ്ങളിലായി 34 സിനിമശാലകൾ തുറന്നു. 342 ഓളം സ്ക്രീനുകളും 35,000ൽ അധികം സീറ്റുകളും ഒമ്പത് അന്താരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ 11 കമ്പനികളും സൗദിയുടെ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നു.
വിനോദ സാംസ്കാരിക സാമ്പത്തിക മേഖലകൾക്ക് പുനർജീവൻ നൽകാൻ സിനിമശാലക്ക് കഴിഞ്ഞതായി ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം സെൻററിലെ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ആക്ടിങ് എക്സിക്യൂട്ടിവ് ഡയറക്ടർ ഖാലിദ് ബിൻ അബ്ദുല്ല അൽ ബകർ പറഞ്ഞു. പ്രാദേശികമായും അന്തർദേശീയമായും തങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനായി ചലച്ചിത്ര നിർമാണത്തെ പിന്തുണക്കാൻ അതോറിറ്റി പ്രവർത്തിക്കുന്നു. ചലച്ചിത്രമേഖലയിലെ മൊത്തത്തിലുള്ള സാമ്പത്തിക അവസരങ്ങൾക്ക് പുറമെ 2500ൽ അധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. 13 അഡ്മിനിസ്ട്രേറ്റിവ് മേഖലകളിൽ 70ലധികം സിനിമശാലകൾ ഉടൻ തുറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.