തൃശൂർ ജില്ല സൗഹൃദവേദി അംഗത്വ കാമ്പയിന് തുടക്കമായി
text_fieldsറിയാദ്: സൗദി അറേബ്യയിലെ തൃശൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂർ ജില്ല സൗഹൃദവേദിയുടെ 2025ലെ അംഗത്വ കാമ്പയിന് ഔപചാരികമായ തുടക്കമായി. തൃശൂർ മുള്ളൂർക്കര സ്വദേശി അബ്ദുൽ റസാഖിനും ചാവക്കാട് സ്വദേശി സുബൈറിനും അംഗത്വം നൽകി അംഗത്വ വിതരണത്തിെൻറ ഉദ്ഘാടനം പ്രസിഡൻറ് കൃഷ്ണകുമാർ നിർവഹിച്ചു.
കഴിഞ്ഞ 14 വർഷമായി സൗദിയിലും ഖത്തറിലും പ്രവർത്തിക്കുന്ന തൃശൂർ ജില്ല സൗഹൃദവേദി ജീവകാരുണ്യ, കല, സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമാണ്. റിയാദിലും ജിദ്ദയിലും ദമ്മാമിലും അല്‍ ഖർജിലുമായി 800 അംഗങ്ങളുള്ള സംഘടനയുടെ സ്ഥാപകനേതാവ് അന്തരിച്ച പത്മശ്രീ അഡ്വ. സി.കെ. മേനോനായിരുന്നു. അദ്ദേഹത്തിെൻറ മകൻ ജെ.കെ. മേനോനാണ് ഇപ്പോൾ സംഘടനയുടെ മുഖ്യരക്ഷാധികാരി.
സംഘടന തലത്തിൽ കേരളത്തിൽ ആദ്യമായി ഒരു എൻ.ആർ.ഐ കോഓപറേറ്റിവ് സൊസൈറ്റി തുടങ്ങിയത് തൃശൂർ ജില്ല സൗഹൃദവേദിയാണ്. ഇപ്പോൾ തൃശൂരിലും തൃശൂർ ജില്ലയിലെ തളിക്കുളത്തുമായി രണ്ടു സൊസൈറ്റികൾ പ്രവർത്തിക്കുന്നു.
പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അംഗങ്ങൾക്ക് 1,000 രൂപ പ്രതിമാസ പെൻഷനും അംഗമായിരിക്കെ മരിക്കുന്നവര്‍ക്ക് രണ്ടേകാല്‍ ലക്ഷം രൂപയുടെ സഹായവും മക്കളുടെ വിവാഹത്തിന് ധന സഹായവും നല്‍കിവരുന്നുണ്ട്. കൂടാതെ അംഗങ്ങളുടെ മാതാപിതാക്കളുടെ മരണാനന്തര ചടങ്ങുകൾക്ക് സഹായവും നൽകുന്നു.
അംഗത്വ കാമ്പയിൻ ഉദ്ഘാടന ചടങ്ങിൽ പ്രസിഡൻറ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. സുരേഷ് ശങ്കർ സ്വാഗതവും ഗിരിജൻ നായർ നന്ദിയും പറഞ്ഞു. ട്രഷറർ ഷാഹിദ് അറക്കൽ, വൈസ് പ്രസിഡൻറ് നമസ്തേ സന്തോഷ്, ശരത് ജോഷി, സുരേഷ് തിരുവില്ല്വാമല, ധനഞ്ജയ കുമാർ, സൂരജ് കുമാർ, അരുണൻ മുത്താട്ടു എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
തൃശൂർ ജില്ലാസൗഹൃദവേദിയിൽ അംഗമാകാനുള്ള അവസാന തീയതി ഈ ഡിസംബര്‍ 31 ആണ്. അംഗത്വം എടുക്കാൻ താൽപര്യമുള്ള തൃശൂർ നിവാസികൾ കൃഷ്ണകുമാർ (0502980032), സൂരജ് കുമാർ (0531219361), ഷാഹിദ് അറക്കൽ (0568499307) എന്നിവരെ ബന്ധപ്പെണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.