സൗദിയിൽ വാഹനാപകടത്തിൽ പ്രജ്ഞയറ്റ് ഒരു വർഷം; ഒടുവിൽ നാട്ടിൽ
text_fieldsദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ വെച്ച് വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് അബോധാവസ്ഥയിൽ വിവിധ ആശുപത്രികളിലായി ഒരു വർഷത്തിലേറെ ചികിത്സയിൽ കഴിഞ്ഞ തൃശൂർ വടക്കാഞ്ചേരി വാഴാനി പേരെപാടം സ്വദേശി മധുപുള്ളിവീട്ടിൽ രാജേഷിനെ (29) തുടർചികിത്സക്കായി നാട്ടിലെത്തിച്ചു. കിഴക്കൻ പ്രവിശ്യാ കെ.എം.സി.സിയുടെ ശ്രഫമലമായാണ് വ്യാഴാഴ്ച രാവിലെ 10ന് ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിച്ചത്.
ദമ്മാമിലെ മെഡിക്കൽ സർവിസ് വിഭാഗമായ ആർ.പി.എം നഴ്സിങ്ങിന്റെ കോഡിനേറ്റർ വി. ബിനീഷ്, മെഡിക്കൽ ഓഫീസർ ഡോ. സംജിത്ത് എന്നിവരുടെ സഹായത്തോടെ വെന്റിലേറ്റർ സൗകര്യത്തിൽ വിമാനത്തിൽ കൊണ്ടുപോയ രാജേഷിനെ കെ.എം.സി.സി സൗദി കിഴക്കൻ പ്രവിശ്യാ മീഡിയവിങ് കൺവീനർ സിറാജ് ആലുവ, തൃശൂർ ജില്ലാകമ്മിറ്റി ചെയർമാൻ പി.കെ. അബ്ദുറഹിം, പ്രസിഡന്റ് ഷെഫീർ അച്ചു, മുൻ പ്രസിഡന്റ് റാഫി അണ്ടത്തോട്, സെക്രട്ടറി ഫൈസൽ കരീം എന്നിവരും രാജേഷിന്റെ പിതാവ് രാജൻ, മാതാവ് പുഷ്പലത, സഹോദരിമാരായ സൗമ്യ, രമ്യ, സഹോദരി ഭർത്താക്കൻമാരായ സതീഷ്, രാജേഷ്, പേരക്കുട്ടി ആദിലക്ഷ്മി എന്നിവർ ചേർന്ന് സ്വീകരിച്ചു.
2021 ജൂൺ ഒന്നിന് സൗദി-കുവൈത്ത് അതിർത്തിയിലെ ഹഫർ അൽബാത്വിനിൽ വെച്ചാണ് അപകടമുണ്ടായത്. രാജേഷിന്റെ വാഹനം ഒട്ടകവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേഷ് അബോധാവസ്ഥയിലായി. സൗദി കിഴക്കൻ പ്രവിശ്യയിലെ മൂന്ന് ആശുപത്രികളിലായി ചികിത്സ നൽകിയെങ്കിലും പൂർവസ്ഥിതിയിലെത്തിയില്ല. പിന്നീട് രാജേഷിന്റെ കുടുംബം മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളെ സമീപിച്ച് നാട്ടിലെത്തിക്കാൻ സഹായം അഭ്യർഥിക്കുകയായിരുന്നു.
സൗദി കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ കമ്മിറ്റി, അൽഖോബാർ സെൻട്രൽ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ മുഹമ്മദ്കുട്ടി കോഡൂർ, ഇക്ബാൽ ആനമങ്ങാട്, മഹ്മൂദ് പൂക്കാട്, സിദ്ദീഖ് പാണ്ടികശാല, ഇന്ത്യൻ എംബസി അധികാരപ്പെടുത്തിയ ഹുസൈൻ ഹംസ നിലമ്പൂർ, ഇസ്മാഈൽ പുള്ളാട്ട് എന്നിവർ നടത്തിയ സമയബന്ധിതമായ ഇടപെടലിലൂടെയാണ് 14 ലക്ഷം രൂപയോളം ചെലവ് ചെയ്ത് രാജേഷിനെ നാട്ടിലെത്തിക്കാനായത്.
വിമാനത്താവളത്തിൽ നിന്ന് ആംബുലൻസിൽ എറണാകുളം അമൃത മെഡിക്കൽ കോളജിലെത്തിച്ച രാജേഷിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വിദഗ്ധ പരിശോധക്ക് ശേഷം തുടർചികിത്സക്കായി ന്യൂറോ വിഭാഗത്തിലേക്ക് മാറ്റുമെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. രാജേഷിന് വിമാന ടിക്കറ്റ് നൽകിയ ഇന്ത്യൻ എംബസി, അർപ്പണ മനസോടെ സഹകരിച്ച സൗദി കെ.എം.സി.സി എന്നിവരോട് രാജേഷിന്റെ കുടുംബം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.