അബൂദബിയിൽനിന്നുള്ള ടിക്ടോക്
text_fieldsമനസ്സിൽ മുഴുവൻ സിനിമ ആയതുകൊണ്ടുതന്നെ ആ ഒരു ലോകത്തേക്ക് എത്തിപ്പെടുക എന്നൊരു ലക്ഷ്യം മാത്രമേ എെൻറ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ടിക്ടോക് ഉള്ള കാലംതൊട്ടേ ഞാൻ അതിൽ സജീവമായിത്തുടങ്ങി. 2019 ജൂൺ 23ന് ഞാൻ ചെയ്ത ഒരു കൊച്ചു വിഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ തരംഗമായി. നാട്ടിൽ ഞാനൊരു റിസോർട്ടിലായിരുന്നു ജോലിനോക്കിയിരുന്നത്. പെട്ടെന്നായിരുന്നു പ്രവാസലോകത്തേക്ക് പോകാൻ വിളിവന്നത്. വിമാനത്തിൽ കയറാൻ കൈയിൽ ബാഗും പിടിച്ചുനിൽക്കുമ്പോഴും എെൻറ മനസ്സിലെ ചിന്ത, അവിടെ ചെന്നാൽ ടിക്ടോക് ചെയ്യാൻ പറ്റുമോ എന്നൊക്കെ ആയിരുന്നു. കണക്ഷൻ ഫ്ലൈറ്റ് ആയതുകൊണ്ടുതന്നെ അബൂദബിയിൽ കുറച്ചുനേരം ചെലവഴിക്കാൻ എനിക്ക് കഴിഞ്ഞു.
ഗൾഫിൽ പോകുന്ന കാര്യം എല്ലാവരെയും ഒന്ന് അറിയിക്കാം എന്ന് വിചാരിച്ച് കൈയിലുള്ള ഫോൺ എടുത്ത് ഞാൻ ടിക്ടോക്കിൽ ലൈവ് തുടങ്ങി. എല്ലാവരും ആശംസകൾ മാത്രം അയക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഒരാൾ മാത്രം എന്നോട് സൗദിയിൽ എവിടേക്കാണ് വരുന്നത് എയർപോർട്ടിൽ എത്തിയാൽ പിക് ചെയ്യാൻ വരണോ..? എന്തെങ്കിലും സഹായം വേണമെങ്കിൽ പറയാൻ മടിക്കരുത് എന്നൊക്കെ ചോദിച്ചു. വൈകാതെ എനിക്ക് അവരിൽനിന്ന് ഒരു പേഴ്സണൽ മെസേജ് കൂടി വന്നു.
സൗദിയിൽ എത്തിക്കഴിഞ്ഞാൽ ഈ നമ്പറിൽ എന്നെ വിളിക്കണം എന്നും പറഞ്ഞ്. നല്ല ക്ഷീണം ഉള്ളതുകൊണ്ടുതന്നെ റൂമിൽ എത്തിയപ്പോഴേക്കും അൽപനേരം കിടന്നു. ഉറങ്ങി എണീറ്റപാടെ ഞാൻ ഫോൺ എടുത്തുനോക്കി ഒരു കൂട്ടം മെസേജ് എെൻറ ടിക്ടോക്കിൽ വന്നുകിടക്കുന്നു.
റൂമിലുള്ള സുഹൃത്തിെൻറ ഫോണിൽനിന്ന് ഞാനദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചു. ഞാൻ ആണെന്ന് പറഞ്ഞപ്പോൾതന്നെ ആദ്യം അവർ എന്നോട് പറഞ്ഞത് ഞാൻ നിങ്ങളുടെ വലിയ ഒരു ആരാധകനാണ് ഞാനും മക്കളും നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട് എന്നായിരുന്നു. അൽപനേരം ഞാൻ നിശ്ശബ്ദനായിപ്പോയി, എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. ഹോളിഡേയ്സ് റസ്റ്റാറൻറിലാണ് ഞാൻ ജോലിചെയ്യുന്നത് എന്ന് പറഞ്ഞപ്പോൾ അതിനുതൊട്ടടുത്താണ് തെൻറ വീട് എന്നദ്ദേഹം പറഞ്ഞു.
അൽപനേരം കഴിഞ്ഞപ്പോഴേക്കും എെൻറ ഓഫിസിൽനിന്ന് എനിക്ക് ഒരു കോൾ വന്നു നിങ്ങളെ കാണാൻ ഒരാൾ വന്നിട്ടുണ്ട് എന്നായിരുന്നു. കേട്ടപാതി ഞാൻ അവിടേക്ക് നടന്നു. റിസപ്ഷനിലെ സോഫയിൽ ആരോ ഒരാൾ ഇരിക്കുന്നതായി എനിക്കു കാണാം. കേറി ചെല്ലുമ്പോഴേക്കും അദേഹം എന്നെ കണ്ട് എഴുന്നേറ്റു. ഒരു കൊച്ചുപയ്യൻ ഒാടി വന്ന് എെൻറ കൈയിൽ പിടിച്ച് എെൻറ മുഖത്തു നോക്കി ചിരിച്ച് 'ഷെഫീക്ക് അങ്കിളിെൻറ വിഡിയോ എല്ലാം ഞാൻ കാണാറുണ്ട്'. അദ്ദേഹം പറഞ്ഞു അത് എെൻറ മകനാണ്. ഞാനാണ് നിങ്ങൾക്ക് മെസേജ് അയച്ചത്, എെൻറ പേർ ഹബീസ് "അബി'' എന്നുവിളിക്കും. ഒരുമിച്ച് ഭക്ഷണം കഴിക്കാൻ അദ്ദേഹം എന്നെ നിർബന്ധിച്ചു. വിശപ്പില്ലങ്കിലും അവരുടെ കൂടെ ഞാനുംകൂടി.
നല്ല പരിചയമുള്ള ആളെ പോലെ അയിരുന്നു അദ്ദേഹത്തിന് എന്നോടുള്ള പെരുമാറ്റം. അന്ന് അഭിക്ക എന്നെ കാണാൻ വന്നപ്പോൾ എനിക്ക് ലഭിച്ച ആത്മവിശ്വാസം ഇനി ഒറ്റക്കാവില്ലല്ലോ എന്ന ധൈര്യം കൂടിയായിരുന്നു. അന്നുമുതൽ ഞാൻ ഒറ്റക്കായിരുന്നില്ല. എെൻറ കൂടെ രണ്ടു കുട്ടികൾ അടങ്ങുന്ന ഒരു കൊച്ചുകുടുംബം തന്നെ ഉണ്ടായിരുന്നു. അവരുടെ എല്ലാ വിശേഷങ്ങൾക്കും സന്തോഷത്തിലും ദുഃഖത്തിലും ഒപ്പം ഞാനും ഒരു ഭാഗമായി മാറി.
എല്ലാവരുടെ മുന്നിലും അഭിക്ക എന്നും ഇവൻ എെൻറ അനിയനാണ് എന്ന് പറയുന്നതേ ഞാൻ കേട്ടിട്ടുള്ളൂ. അഭിക്കയുടെ മുഖത്ത് എന്നും ആ പുഞ്ചിരി എനിക്ക് കാണാമായിരുന്നു. ഞങ്ങൾ ഒന്നിച്ചിട്ട് ഈ വരുന്ന ജൂലൈ ഏഴിന് രണ്ടുവർഷം തികയുന്നു. ഇത്രയും കാലം എെൻറ സന്തോഷത്തിലും വിഷമത്തിലും എന്നെ ഒരു കുഞ്ഞനുജനെ പോലെ ചേർത്തുപിടിച്ച എെൻറ അഭിക്കക്കും കുടുംബത്തിനും നല്ലത് വരട്ടെ എന്ന പ്രാർഥനയോടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.