യു.എൻ രക്ഷാസമിതി ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട സമയം -സൗദി വിദേശകാര്യ മന്ത്രി
text_fieldsജിദ്ദ: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി എന്തിനാണോ സ്ഥാപിക്കപ്പെട്ടത് ആ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട സമയമാണിതെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. പലസ്തീൻ വിഷയം ഉൾപ്പെടെ പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ച് രക്ഷാസമിതിയുടെ ഉന്നതതല ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് കക്ഷിയും സിവിലിയന്മാരെ ലക്ഷ്യമിടുന്നതിനെ സൗദി അറേബ്യ ശക്തമായി അപലപിക്കും. സൈനിക നടപടിയും കൊലപാതകവും അവസാനിപ്പിക്കേണ്ടതിന്റെയും ബന്ദികളെ മോചിപ്പിക്കേണ്ടതിന്റെയും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കേണ്ടതിന്റെയും ആവശ്യകത സൗദി എല്ലാവരെയും ഓർമിപ്പിക്കുകയാണ്. ആക്രമണം തടയുന്നതിന് അടിയന്തരവും പ്രായോഗികവുമായ പരിഹാരം കണ്ടെത്തുന്നതിന് സൗഹൃദ രാജ്യങ്ങളുമായി ആശയവിനിമയം നടത്താൻ സൗദി നേതൃത്വം തീവ്രമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
പൊതുവായ മാനുഷിക സിദ്ധാന്തങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെടുന്നതിൽ സൗദിയുടെ കടുത്ത നിരാശ അദ്ദേഹം പ്രകടിപ്പിച്ചു. രാജ്യങ്ങളുടെയും സമൂഹങ്ങളുടെയും ബന്ധങ്ങളെയും അവയുടെ സമാധാനപരമായ സഹവർത്തിത്വത്തെയും നിയന്ത്രിക്കുന്ന പൊതുവായ മാനുഷിക സിദ്ധാന്തങ്ങളും അന്താരാഷ്ട്ര നിയമങ്ങളും കൈകാര്യം ചെയ്യുന്നതിലും ഫലസ്തിനീലെ നിരപരാധികളായ ജനങ്ങളോട് കാണിച്ച ചതികൾ കാണാൻ കഴിയാത്തതിലുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പരാജയത്തിൽ ഞങ്ങൾക്ക് വലിയ നിരാശയുണ്ട്.
ഗസ്സയിലെ ഫലസ്തീൻ ജനത ഇസ്രായേൽ ഉപരോധത്തിലും തുടർച്ചയായ ആക്രമണത്തിലും ദുരിതമനുഭവിക്കുകയാണ്. സ്‌കൂളുകൾ, ആശുപത്രികൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ സിവിലിയൻ സൗകര്യങ്ങളും ദൈനംദിന ജീവിത സൗകര്യങ്ങളുമാണ് ഇസ്രായേൽ സേന ലക്ഷ്യമിടുന്നത്. ഇത് സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ ആയിരക്കണക്കിന് നിരപരാധികളുടെ ജീവൻ അപഹരിക്കാനിടയാക്കി. പതിനായിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റു.
ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കൊലയും നിർബന്ധിതമായി കുടിയിറക്കാനുള്ള ശ്രമങ്ങളും ഉടൻ തടയാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ അലംഭാവമാണ് ഇതുവരെ കണ്ടത്. ഇത് നാമെല്ലാവരും ആഗ്രഹിക്കുന്ന സുരക്ഷിതത്വത്തിലേക്കും സ്ഥിരതയിലേക്കും നമ്മളെ നയിക്കില്ല. രക്ഷാസമിതി അതിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇസ്രായേൽ ലംഘനങ്ങൾ തടയുന്നതിനും സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ഉപരോധം അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഉറച്ചതും ഗൗരവമേറിയതുമായ നിലപാട് സ്വീകരിക്കേണ്ട സമയമാണിത്. സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പാക്കാനും ഉപരോധം അവസാനിപ്പിക്കാനും മാനുഷിക ദുരന്തം തടയാനും ആക്രമണം വ്യാപിക്കുന്നത് തടയാനും ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ സഹായങ്ങൾ ദ്രുതഗതിയിൽ എത്തിക്കുന്നത് ഉറപ്പാക്കാനും എത്രയും വേഗം ശ്രമക്കേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ പരാജയപ്പെടുന്നത് അന്താരാഷ്ട്ര നിയമ സംവിധാനങ്ങളുടെയും അതിന്റെ സംരക്ഷകരുടെയും വിശ്വാസ്യത, സമാധാനം കൈവരിക്കാനുള്ള കഴിവ് എന്നിവയിൽ സംശയമുണ്ടാക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
യു.എൻ നിയമങ്ങളും പ്രമേയങ്ങളും പാലിക്കുന്നതിലെ ഇരട്ടത്താപ്പാണ് നിലവിലെ അപകടകരമായ പ്രതിസന്ധിക്ക് കാരണം. ഇത് അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്താനുള്ള എല്ലാവരുടെയും കഴിവിനെ പ്രതികൂലമായി ബാധിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. മേഖലയുടെ മെച്ചപ്പെട്ട ഭാവിക്കാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. അതിലെ ജനങ്ങൾ സമാധാനം ആസ്വദിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എല്ലാവർക്കും അഭിവൃദ്ധി കൈവരിക്കാൻ ഇത് സഹായിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ പശ്ചിമേഷ്യയിൽ സമാധാനം കൈവരിക്കേണ്ടത് ഈ മേഖലയിലെ ജനങ്ങൾക്കും അവരുടെ ഭാവി തലമുറകൾക്കും അത്യന്താപേക്ഷിതമാണെന്നും വിദേശകാര്യമന്ത്രി തന്റെ പ്രസംഗത്തിനൊടുവിൽ സൂചിപ്പിച്ചു.
ഫോട്ടോ: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി ഉന്നതതല യോഗത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.