ടൈംസ് ഗ്ലോബൽ റാങ്കിങ്; കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി അറബ് മേഖലയിൽ ഒന്നാമത്
text_fieldsയാംബു: ലണ്ടന്‍ ആസ്ഥാനമായ ടൈംസ് ഹയര്‍ എജുക്കേഷന്റെ വേള്‍ഡ് യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ ജിദ്ദ തുവലിലെ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കൗസ്റ്റ്) അറബ് സർവകലാശാലകൾക്കിടയിൽ ഒന്നാമതെത്തി. തുടർച്ചയായി രണ്ടാം വർഷമാണ് ഈ അംഗീകാരം. സർവകലാശാലയുടെ വിശിഷ്ടമായ അക്കാദമിക് കഴിവുകൾ, അധ്യാപനം, ശാസ്ത്ര ഗവേഷണം, വിവിധ ഗവേഷണങ്ങളിൽ നടത്തിയ നിക്ഷേപങ്ങൾ എന്നിവയാണ് മികച്ച നേട്ടത്തിന് വഴിവെച്ചത്.
തുടർച്ചയായ ഈ അംഗീകാരം ആഗോളതലത്തിൽ സർവകലാശാല സ്വാധീനം ചെലുത്തിയെന്നതിന് വ്യക്തമായ തെളിവാണെന്നും നവീകരണത്തിനും അറിവിനുമുള്ള ഒരു ആഗോള കേന്ദ്രമെന്ന നിലയിൽ സർവകലാശാലയുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും കൗസ്റ്റ് പ്രസിഡന്റ് പ്രഫ. എഡ്വേർഡ് ബൈറൺ പറഞ്ഞു. ശാസ്ത്ര സാങ്കേതിക മേഖലകളിലെ ഗവേഷണ വിഷയങ്ങളിലെ വേറിട്ട കണ്ടെത്തലുകൾ സർവകലാശാലയുടെ വർധിച്ചുവരുന്ന ആഗോള സ്വാധീനത്തെ സൂചിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനുള്ള കൗസ്റ്റിന്റെ പ്രതിബദ്ധതയെ ടൈംസ് ആഗോള റാങ്കിങ് പ്രതിഫലിപ്പിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ വൻ വിപ്ലവമുണ്ടാക്കി മുന്നേറുകയാണ് ‘കൗസ്റ്റ്’. വിജ്ഞാനത്തിന്റെ ബഹുമുഖമായ വികാസം ലക്ഷ്യമിട്ട് അബ്ദുല്ല രാജാവിന്റെ സ്വപ്നപദ്ധതിയായി 2009ൽ സ്ഥാപിച്ച ഈ സർവകലാശാല ഇന്ന് ആഗോളതലത്തിൽ തന്നെ അറിയപ്പെടുന്ന സർവകലാശാലകളിൽ ഒന്നായി മാറിയിട്ടുണ്ട്. നൂറിലധികം രാജ്യങ്ങളിൽനിന്നുള്ളവരടക്കം ഏഴായിരത്തോളം വിദ്യാർഥികളും ഗവേഷകരും കൗസ്റ്റ് കാമ്പസിലുണ്ട്. ശാസ്ത്രജ്ഞന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും എൻജിനീയർമാരുടെയും പുതിയ തലമുറക്ക് ഗവേഷണ പഠനങ്ങൾക്ക് കൗസ്റ്റ് അവസരമൊരുക്കുന്നു. ഇസ്ലാമിക ലോകത്ത് വമ്പിച്ച മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ ഗ്രന്ഥശാലയും ഗവേഷണ കേന്ദ്രവുമായിരുന്ന ടൈഗ്രീസിന്റെ തീരത്തുള്ള ‘ബൈത്തുൽ ഹിക്മ’ ലോകത്തിന് നൽകിയ സംഭാവനകൾ ചെങ്കടലിന്റെ തീരത്ത് പുനഃസൃഷ്ടിക്കാൻ സൗദി ഭരണകൂടം നടത്തുന്ന ശ്രമങ്ങളാണ് കൗസ്റ്റിലൂടെ വിജയം കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.