കടൽ, വ്യോമ ലോജിസ്റ്റിക് സംവിധാനങ്ങൾ ബന്ധിപ്പിക്കുന്ന പരീക്ഷണത്തിന് തുടക്കം
text_fieldsജിദ്ദ: സൗദി അറേബ്യയിൽ തുറമുഖങ്ങളിലെയും വിമാനത്താവളങ്ങളിലെയും ലോജിസ്റ്റിക് സംവിധാനങ്ങൾ ബന്ധിപ്പിക്കുന്ന പരീക്ഷണത്തിന് തുടക്കം. സിവിൽ ഏവിയേഷൻ അതോറിറ്റി, സകാത് ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി എന്നിവയുമായി സഹകരിച്ച് തുറമുഖ അതോറിറ്റിയാണ് (മവാനി) പരീക്ഷണം ആരംഭിച്ചത്. നേരത്തേ ഒപ്പുവെച്ച ധാരണപത്രം പ്രകാരമാണ് പരീക്ഷണം.
കയറ്റുമതി ചെയ്യുന്ന ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്തുംവരെ അതിന്റെ യാത്ര ട്രാക്ക് ചെയ്യുന്നതിനും ഷിപ്മെന്റ് ക്ലിയറൻസ് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും മികച്ച ആധുനിക സാങ്കേതികവിദ്യകളും മാനദണ്ഡങ്ങളും സകാത് ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ ട്രാൻസിറ്റ് സേവനവും നടപ്പാക്കിയുള്ള ലോജിസ്റ്റിക് കണക്ടിവിറ്റിയുടെ ആദ്യ വിജയകരമായ പരീക്ഷണമാണ് ജിദ്ദ ഇസ്ലാമിക് പോർട്ടിൽ നടന്നത്. ഡി.എസ്.വി ലോജിസ്റ്റിക്സ് എന്ന കമ്പനിയാണ് തുറമുഖത്തുനിന്ന് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ട്രാൻസിറ്റ് സിസ്റ്റം വഴി വാണിജ്യ ഷിപ്മെന്റ് എത്തിച്ചത്.
പിന്നീടത് സൗദി എയർലൈൻസ് കാർഗോ വഴി വിമാനമാർഗം അവസാന ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. ജിദ്ദ വിമാനത്താവളത്തിൽ സൗദി എസ്.എ.എൽ ലോജിസ്റ്റിക് കമ്പനിയാണ് ഇത് കൈകാര്യം ചെയ്തത്. തുറമുഖ, വിമാനത്താവള സംയോജിത ലോജിസ്റ്റിക് കണക്ടിവിറ്റി ഉറപ്പാക്കുന്നതിന് സംവിധാനങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുകയും തുറമുഖങ്ങളുടെ വിപുല ശേഷിയും അടിസ്ഥാന സൗകര്യങ്ങളും അതിനായി ഉപയോഗപ്പെടുത്തുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കടൽമാർഗമുള്ള ചരക്കുഗതാഗത വ്യാപാരം, കണ്ടെയ്നറുകൾ, ചരക്കുകൾ എന്നിവ ഒരുപോലെ കൈകാര്യം ചെയ്യുന്ന ട്രാൻസ്ഷിപ്മെന്റ് മേഖലയിൽ ചെങ്കടൽ തീരത്തെ ആദ്യത്തെ തുറമുഖമായി ജിദ്ദയെ മാറ്റുകയും ലക്ഷ്യമാണ്. ആഗോള ലോജിസ്റ്റിക് മേഖലയിൽ രാജ്യത്തിന്റെ സുപ്രധാന സ്ഥാനം ഏകീകരിക്കുകയും ഈ മേഖലകളെല്ലാം നൽകുന്ന ലോജിസ്റ്റിക്സ്, കസ്റ്റംസ് സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ‘വിഷൻ 2030’ ലക്ഷ്യങ്ങളുടെ ഭാഗവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.