അവസാന പത്തിലേക്ക്; ഇരു ഹറമുകളിലും തിരക്കേറി
text_fieldsജിദ്ദ: റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ മക്ക, മദീന ഹറമുകളിൽ തിരക്കേറി. റമദാെൻറ തുടക്കം മുതലേ തീർഥാടകരുടെ പ്രവാഹം ശക്തമായിരുന്നുവെങ്കിലും അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ വിദേശികളുടെയും രാജ്യത്തിനകത്തുള്ളവരുടെയും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരുടെയും വരവ് കൂടുതൽ ശക്തമായിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളും സ്കൂളുകളും ഇൗ ആഴ്ച അടക്കുന്നതോടെ ഇരുഹറമിലെത്തുന്നവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അവസാന പത്തിലെ ദിനരാത്രങ്ങൾ ഹറമിൽ കഴിഞ്ഞുകൂടാൻ ധാരാളം വിശ്വാസികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇഅ്തികാഫിനെത്തുന്നവർക്ക് ഇരുഹറമുകളിലും പ്രത്യേക സ്ഥലങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സാധനങ്ങൾ സൂക്ഷിക്കാൻ ലോക്കറുകളും പ്രവേശനത്തിനായി പ്രധാന വാതിലുകളുമുണ്ട്. മാർഗനിർദേശം, സംസം, ഇഫ്താർ, അത്താഴ ഭക്ഷണം നൽകൽ, മറ്റ് സേവനങ്ങൾ എന്നിവക്ക് ഫീൽഡ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. ആപ്ലിക്കേഷനിലൂടെ നേരത്തേ രജിസ്റ്റർ ചെയ്തവർക്കാണ് ഇൗ സൗകര്യങ്ങൾ ലഭിക്കുക.
ഹറമുകളിൽ തിരക്കേറിയതോടെ കൂടുതൽ കവാടങ്ങൾ തുറക്കുകയും നിർമാണ ജോലികൾ പൂർത്തിയായ കൂടുതൽ സ്ഥലങ്ങൾ നമസ്കാരത്തിനായി തുറന്നുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ത്വവാഫിനായി കൂടുതൽ സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. സുരക്ഷ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഒാരോ നമസ്കാരവേളയിലും ഇരുഹറമുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
അവസാന പത്തിലെ ആദ്യരാത്രിയിലെ ഖിയാമുലൈൽ നമസ്കാര വേളയിൽ ഇരുഹറമുകളും വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും പൗരന്മാരും താമസക്കാരും സന്ദർശകരുമടക്കം ലക്ഷങ്ങളാണ് രാത്രി നമസ്കാരങ്ങളിൽ പെങ്കടുത്തത്.
സമാധാനവും ആത്മീയതയും നിറഞ്ഞ അന്തരീക്ഷത്തിൽ ആളുകൾക്ക് പ്രാർഥനാനിരതരാകാൻ എല്ലാ സൗകര്യവും ഇരുഹറം കാര്യാലയം ഒരുക്കിയിരുന്നു. അവസാന പത്തിലെ വർധിച്ച തിരക്ക് കണക്കിലെടുത്ത് ബന്ധപ്പെട്ട വകുപ്പുകൾ പ്രത്യേക പ്രവർത്തന പദ്ധതിയാണ് ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇരുഹറം കാര്യാലയം, സുരക്ഷ, ട്രാഫിക്, ആരോഗ്യം, റെഡ്ക്രസൻറ് മുനിസിപ്പാലിറ്റി തുടങ്ങിയവ വകുപ്പുകൾക്ക് കീഴിൽ കൂടുതൽ പേരെ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്.
കൂടാതെ നിരവധി സന്നദ്ധ പ്രവർത്തകരും സേവന രംഗത്തുണ്ട്. യാത്രക്കായി ബസുകളുടെ എണ്ണവും സമയവും കൂട്ടിയിട്ടുണ്ട്. രാജ്യത്തെ കര, വ്യോമ, പ്രവേശന കവാടങ്ങളിലും തിരക്കേറിയിട്ടുണ്ട്.യാത്ര നടപടികൾ എളുപ്പമാക്കാൻ പാസ്പോർട്ട് വകുപ്പ് കൂടുതൽ കൗണ്ടറുകൾ തുറക്കുകയും ആളുകളെ നിയോഗിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.