ഇന്ന് വായനദിനം; വായനക്ക് കരുത്ത് പകർന്ന് ‘ചില്ല’യും ‘ചേതന’യും
text_fieldsറിയാദ്: വായനയുടെ പ്രാധാന്യം വിളിച്ചോതി ഒരു വായനദിനം കൂടി. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് വായനദിനമായി ആചരിക്കുന്നത്. താളിയോലകളും പുസ്തകങ്ങളും കടന്നു ഡിജിറ്റൽ വായനയുടെ വൈവിധ്യമാർന്ന സഞ്ചാരപഥത്തിലൂടെ പുതിയ വഴിത്താരകൾ അന്വേഷിക്കുകയാണ് വയനാലോകം. വായനയുടെ ശോഷണത്തെക്കുറിച്ച സംവാദങ്ങൾ സജീവമാണെങ്കിലും പ്രവാസലോകത്തെ വായനക്ക് കരുത്ത് പകരാൻ ജാഗ്രത പാലിക്കുന്ന സാംസ്കാരിക സംഘടനയാണ് 'ചില്ല' സർഗവേദി. 2015ൽ പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്ത ചില്ല, എഴുത്തിന്റെയും വായനയുടെയും നിരവധി നാമ്പുകൾ തളിരിട്ട് എട്ടാമത്തെ വർഷത്തിലും വലിയൊരു സാംസ്കാരിക സാന്നിധ്യമായി നിറഞ്ഞു നിൽക്കുകയാണ്. വായനയിൽ താല്പര്യമുള്ളവർക്ക് വായനയുടെ വൈവിധ്യം അനുഭവിക്കാനുള്ള ഒരു സംവാദസ്ഥലം രൂപപ്പെടുത്തുക എന്നതായിരുന്നു ചില്ലയുടെ ലക്ഷ്യമെന്ന് എഴുത്തുകാരനും അധ്യാപകനും മുഖ്യ സംഘാടകരിലൊരാളുമായ എം. ഫൈസൽ പറഞ്ഞു.
ബഷീർ, ഒ.വി. വിജയൻ, കമല സുറയ്യ തുടങ്ങിയവരുടെ കൃതികളുടെ വായനയും അനുബന്ധ ആവിഷ്കാരങ്ങളുമായി ഏകദിന വായനകൾ നടത്തിയിട്ടുണ്ട്. ശിഹാബ് ഗാനിം, സച്ചിദാനന്ദൻ, ഇ. സന്തോഷ്കുമാർ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, കരിവെള്ളൂർ മുരളി, പി.ജെ.ജെ. ആന്റണി മുതലായവർ 'ചില്ല'യുടെ വേദിയിൽ എത്തിയവരാണ്. കോവിഡ് കാലത്തെ ഓൺലൈൻ സംവാദങ്ങളിൽ മലയാളത്തിലെ യുവ എഴുത്തുകാരടക്കം നിരവധി പ്രമുഖർ പങ്കെടുത്തിട്ടുണ്ട്. വായനയിൽ മിക്കവാറും ഫിക്ഷൻ തന്നെയാണ് മുന്നിലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാളത്തിലെ പുതിയകാല ഫിക്ഷൻ പ്രസക്തമായ പൊളിറ്റിക്കൽ റീഡിങ്ങിന് അവസരം തരുന്നുണ്ട്. എസ്. ഹരീഷിന്റെ മീശ, വിനോദ് കൃഷ്ണയുടെ 9 എം.എം. ബെരേറ്റ, അശോകൻ ചരുവിലിന്റെ കാട്ടൂർകടവ് എന്നീ വർത്തമാനകാല നോവലുകൾ വ്യക്തമായ രാഷ്ട്രീയം ചർച്ച ചെയ്യുന്നുണ്ട്.
എന്നാൽ ഗൗരവപൂർണമായ കവിതയുടെ വായന ഒരു ന്യൂനപക്ഷത്തിൽ ഒതുങ്ങിയിരിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'അസ്തിത്വ പ്രതിസന്ധികൾ തൊട്ട് സാമൂഹിക സാംസ്കാരിക രംഗത്തെ അപചയങ്ങൾ വരെ ചിന്തകളിലൂടെയും പുതുവായനകളിലൂടെയുമാണ് മറികടക്കേണ്ടതെന്ന് 'ചേതന ലിറ്റററി ഫോറം' പ്രസിഡന്റ് ഡോ. മുഹമ്മദ് ലബ്ബ പ്രതികരിച്ചു. പുസ്തകാവലോകനവും ആസ്വാദനവുമായി വായനയുടെ ലോകത്ത് നാല് വർഷമായി പ്രവാസികൾക്കിടയിൽ സജീവ സാന്നിധ്യമായി 'ചേതന' പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇ-ബുക്കുകളും ഇ -റീഡറുകളും വായനയുടെ സൗകര്യവും സൗന്ദര്യവും വർധിപ്പിക്കുന്നതുപോലെ പ്രസാധന ചെലവ് കുറക്കാനും വായനക്കാരെ ആകർഷിക്കാനും കഴിയുന്നുവെന്നതും പുതിയ കാലത്തെ പ്രത്യേകതയാണെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.