ഇന്ന് വായനാദിനം: ഡിജിറ്റൽ കാലത്തെ പ്രവാസി ന്യൂജെൻ വായനകൾ
text_fieldsറിയാദ്: സമൂഹ മാധ്യമങ്ങളും ടെലിവിഷൻ നെറ്റ്വർക്കുകളും പുതുതലമുറയുടെ സമയം അപഹരിക്കുമ്പോൾ വായനയുടെ ആനന്ദത്തിൽ ലയിച്ച് പ്രവാസ ലോകത്തു നിന്ന് രണ്ട് വിദ്യാർഥികൾ. അക്ഷരങ്ങളിൽ അലിഞ്ഞുചേർന്ന് പുതിയ ആശയങ്ങൾ ഗ്രഹിക്കുമ്പോൾ വായനക്ക് അനിർവചനീയ അനുഭൂതിയുണ്ടെന്ന് വിവിധ തുറകളിൽ ശ്രദ്ധിക്കപ്പെട്ട റിയാദിലെ അനസൂയ സുരേഷ്, നൈറ ഷഹ്ദാൻ എന്നീ കുട്ടികൾ പറയുന്നു.
ഇതിനകം നൂറുകണക്കിന് പുസ്തകങ്ങളാണ് റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയായ അനസൂയ സുരേഷ് വായിച്ചിട്ടുള്ളത്. കഥ, കവിത, നോവൽ തുടങ്ങി എല്ലാം വായിക്കുന്ന പ്രകൃതക്കാരിയാണ് അനസൂയ. ഡിജിറ്റൽ വായനയെക്കാൾ ഇഷ്ടപ്പെടുന്നത് പുസ്തകങ്ങളാണെന്നും അതിെൻറ മണവും ഓരോ പേജും മറിച്ചുള്ള വായനയും നല്ലൊരു ഫീൽ തന്നെയാണെന്നും അനസൂയ പറയുന്നു.
എന്നാൽ ഡിജിറ്റലാണ് വായിക്കാൻ കൂടുതൽ സൗകര്യപ്രദം. ഇഷ്ടപ്പെടുന്ന പല ബുക്കുകളും വിപണിയിൽ ലഭ്യമാകണമെന്നില്ല. അപ്പോൾ ഇ-ബുക്കുകളും പി.ഡി.എഫുമൊക്കെ ഉപകാരപ്രദമാകുന്നു. സൂക്ഷിച്ചുവെക്കാനും എളുപ്പമാണ്. വായിച്ച പുസ്തകങ്ങളെല്ലാം പ്രിയപ്പെട്ടതാണ്. ചിലപ്പോൾ കഥയോ കഥാപാത്രങ്ങളോ എഴുത്തിെൻറ ശൈലിയോ ഏതെങ്കിലുമൊന്ന് സ്വാധീനിച്ചിട്ടുണ്ടാവുമെന്ന് അനസൂയ കൂട്ടിച്ചേർക്കുന്നു. മനസ്സിലെപ്പോഴും തങ്ങി നിൽക്കുന്ന ഒന്നാണ് ഹാർപർ ലീയുടെ 'ടു കിൽ എ മോക്കിങ്ബേഡ്'എന്ന പുസ്തകം. അസാധാരണമായ രചന, പാത്രനിർമിതി, സാമൂഹികമായ ഉൾക്കരുത്ത് എല്ലാം ആ കൃതിക്കുണ്ട്.
അഫ്ഗാനി-അമേരിക്കൻ എഴുത്തുകാരനായ ഖാലിദ് ഹുസൈനിയാണ് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ. അദ്ദേഹത്തിെൻറ എല്ലാ കൃതികളും ഇഷ്ടമാണ്. പാരായണക്ഷമതയുള്ള പുസ്തകമാണെങ്കിൽ പെട്ടെന്നുതന്നെ വായിച്ചു തീർക്കും, അല്ലാത്തവ കുറച്ചു സമയമെടുക്കും. സുഗമമായി വായിക്കാമെന്നതിനാൽ ഇംഗ്ലീഷ് പുസ്തകങ്ങളോടാണ് കൂടുതൽ താൽപര്യം. കമലാദാസിെൻറ രചനകൾ വായിച്ചിട്ടുണ്ട്. അച്ഛനും അമ്മയും ധാരാളം പുസ്തകങ്ങൾ വാങ്ങിത്തരാറുണ്ട്. പാഠ്യേതര പുസ്തകങ്ങൾ വായിക്കാൻ നല്ല പ്രോത്സാഹനമാണ് നൽകുന്നത്.
ഭാഷ, സാഹിത്യം, പൊതുവിജ്ഞാനം എന്നിവയിൽ കൂടുതൽ അറിവു നേടാനും എഴുതിനോക്കാനും വായന സഹായകരമായെന്നും അനസൂയ പറയുന്നു. റിയാദിലെ സാമൂഹിക പ്രവർത്തകരായ കണ്ണൂർ സ്വദേശികളായ സുരേഷ് - ലീന കൊടിയത്ത് ദമ്പതികളുടെ മകളാണ് അനസൂയ. സഹോദരി അമൃത സുരേഷും നല്ലൊരു വായനക്കാരിയാണ്.
ആശയങ്ങളുടെയും ചിന്തയുടെയും വികാസവും വലിയൊരു പദസമ്പത്തും വായനയിലൂടെ നേടിയെടുക്കാനാവുമെന്ന് റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയായ നൈറ ഷഹ്ദാൻ പറയുന്നു. സിനിമയും ഗെയിമുകളുമൊക്കെ അതിെൻറ പിന്നിലുള്ളവർ ഉദ്ദേശിക്കുന്ന തലത്തിലേക്കാണ് നമ്മെ കൊണ്ടുപോകുന്നത്. എന്നാൽ വായനയാകട്ടെ സ്വന്തം ഭാവനയുടെ ലോകത്ത് നിന്നാണ് ആസ്വദിക്കപ്പെടുന്നത്.
വായനയും ഒരുതരം വിനോദമാണെന്നും സമൂഹ മാധ്യമങ്ങളും ടിവിയും സിനിമയുമൊന്നും അതിന് വിഘാതമല്ലെന്നും നൈറ ഉറച്ചുവിശ്വസിക്കുന്നു. വായിക്കാനുള്ള നിശ്ചയദാർഢ്യമാണ് ഇക്കാലത്ത് വേണ്ടത്. ഇംഗ്ലീഷ് നോവലുകളാണ് ഇഷ്ടപ്പെട്ട മേഖല. നൂറുകണക്കിന് നോവലുകൾ ഇതിനകം വായിച്ചിട്ടുണ്ടെങ്കിലും 'ഓർഫൻ ഐലൻറാ'ണ് മറക്കാനാവാത്ത ഒരു കൃതി. സൂസൻ കോളിൻസ്, സ്റ്റീഫൻ ചബോസ്കി, ജെന്നിഫർ നിവേൻ, വേറൊണിക്ക റോത് എന്നിവയൊക്കെ ഇഷ്ടമാണെങ്കിലും ഹാരിപോട്ടർ സീരിസിെൻറയും മറ്റ് നിരവധി കൃതികളുടെയും കർത്താവായ ജെ.കെ. റൗളിങ്ങാണ് ഇഷ്ടപ്പെട്ട നോവലിസ്റ്റ്. പുസ്തകങ്ങളെക്കാൾ ഡിജിറ്റൽ വായനയാണ് സൗകര്യം. മാതൃഭാഷയായ മലയാളം ഏറെ പ്രിയപ്പെട്ടതും അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്നതുമാണെന്ന് നൈറ വ്യക്തമാക്കി. റിയാദിലെ സാമൂഹിക പ്രവർത്തകരായ ഷഹ്ദാൻ - ഫജ്ന ദമ്പതികളുടെ മകളാണ് നൈറ. സഹോദരൻ അമൻ മുഹമ്മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.