സൗദിയിൽ ഇന്ന് പ്രഥമ പതാകദിനം
text_fieldsറിയാദ്: സൗദി അറേബ്യയുടെ പ്രഥമ പതാകദിനാചരണം ശനിയാഴ്ച. എല്ലാ വർഷവും മാർച്ച് 11ന് ദേശീയ പതാക ദിനമായി ആചരിക്കാൻ സൽമാൻ രാജാവാണ് ഉത്തരവിട്ടത്. സെപ്റ്റംബർ 23 സൗദി ദേശീയ ദിനവും ഫെബ്രുവരി 22 സൗദി സ്ഥാപക ദിനവും കഴിഞ്ഞാൽ ഇനിമുതൽ മാർച്ച് 11 ദേശീയ പ്രാധാന്യമുള്ള ദിനമായി. ഹരിത പശ്ചാത്തലത്തിൽ ‘അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ല’ എന്ന കലിമ വാക്യവും വാളും വെള്ള നിറത്തിൽ ആലേഖനം ചെയ്തതാണ് സൗദി പതാക.
ഈ പതാക ഉയർന്നതിനു ശേഷം ഇന്നേവരെ രാജ്യത്തിനകത്തും പുറത്തും താഴ്ത്തിക്കെട്ടിയിട്ടില്ല. 171 മീറ്റർ ഉയരത്തിൽ (561 അടി) 2014 സെപ്റ്റംബർ 23ന് ജിദ്ദയിലെ കിങ് അബ്ദുല്ല ചത്വരത്തിൽ പതാക ഉയർത്തിയ സ്തൂഭം ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കൊടിമരമാണ്. 2021 ഡിസംബർ 26ന് ഈജിപ്തിന്റെ തലസ്ഥാനമായ കൈറോവിൽ 201.952 മീറ്റർ (662.57 അടി) ഉയരത്തിൽ ഉയർത്തിയ കൊടിമരമാണ് ഒന്നാം സ്ഥാനത്ത്.
1727ൽ ആദ്യ സൗദി ഭരണകൂടം നിലവിൽവന്നപ്പോഴുണ്ടായിരുന്ന പതാകയിൽ നിരവധി മാറ്റങ്ങൾ വരുത്തിയതാണ് ഇന്നത്തെ ദേശീയ പതാക. പതാകയുടെ പച്ചനിറം സമാധാനത്തെയും സമൃദ്ധിയെയും വളർച്ചയെയും സൂചിപ്പിക്കുന്നു. ദൈവം ഏകനാണെന്ന് ആലേഖനം ചെയ്തതിനു താഴെ അടിവരയിട്ട വാൾ നീതി നടപ്പാക്കുന്നതിലെ ഇച്ഛാശക്തിയും യുക്തിയും അവധാനതയും സൂചിപ്പിക്കുന്നതാണ്. നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്ന പുരാതന രാജ്യം അബ്ദുൽ അസീസ് രാജാവിന്റെ നേതൃത്വത്തിൽ സൗദി അറേബ്യയായി പ്രഖ്യാപിക്കുന്നത് 1932 സെപ്റ്റംബർ 23നാണ്.
എന്നാൽ, അക്കാലത്ത് പതാകക്ക് ഭരണകൂടം അംഗീകാരം നൽകിയിരുന്നില്ല. തുടർന്ന് അഞ്ചു വർഷത്തിനുശേഷമാണ് 1937 മാർച്ചിൽ സൗദി ദേശീയപതാക അംഗീകരിച്ചുള്ള രാജകല്പനയുണ്ടായത്. 86 വർഷമാണ് ഇന്നുള്ള പതാകയുടെ പഴക്കം. എന്നാൽ ഇതുവരെ പതാകദിനമായി ആചരിക്കുന്ന രീതി സൗദിയിൽ ഉണ്ടായിരുന്നില്ല.
ഈ വർഷം മുതലുള്ള പതാകദിനം എങ്ങനെ രാജ്യം ആഘോഷിക്കുന്നുവെന്ന് ആകാംക്ഷയോടെ കാത്തിരിപ്പാണ് രാജ്യത്തെ സ്വദേശികളും വിദേശികളും. ആഘോഷത്തിെൻറ ഭാഗമായി രാജ്യത്തെ പ്രധാന തെരുവുകളും ചത്വരങ്ങളും പതാകയാൽ അലംകൃതമായി. പലയിടത്തും പതാകയുടെ ലേസർ പ്രദർശനങ്ങളുണ്ടാകും.
ദേശീയ പതാകയുടെ ചരിത്രവും ആദർശവും പറയുന്ന പരിപാടികളും വിവിധ മുനിസിപ്പാലിറ്റികൾ സംഘടിപ്പിക്കുന്നുണ്ട്. വ്യവസായ, വിദ്യാഭ്യാസ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും ഉൾപ്പെടെ എല്ലായിടത്തും കൊടികൾ ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.