‘ദീർഘദൃഷ്ടിയുള്ള നാളേക്ക് ഒരുമിച്ച്’; യുനെസ്കോ ലോകപൈതൃക സമ്മേളനത്തിന് റിയാദിൽ തുടക്കം
text_fieldsറിയാദ്: യുനെസ്കോയുടെ 45ാമത് ലോകപൈതൃക സമ്മേളനത്തിന് സൗദി അറേബ്യയുടെ ആതിഥേയത്വത്തിൽ തുടക്കമായി. ഈ മാസം 10ന് തുടങ്ങിയ സമ്മേളനം 25 വരെ റിയാദിൽ തുടരും. ലോക പൈതൃക സമിതിയുടെ നാലു വർഷത്തിനിടയിലെ ആദ്യത്തെ വ്യക്തിഗത സമ്മേളനമാണിത്.
യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ നിലവിലെ അധ്യക്ഷപദവി സൗദി അറേബ്യക്കാണ്. ചരിത്രപ്രസിദ്ധമായ അൽ മുറബ്ബ കൊട്ടാരത്തിൽ നടന്ന ആകർഷകമായ ഉദ്ഘാടന ചടങ്ങോടെയാണ് സമ്മേളന പരിപാടികൾക്ക് തുടക്കം കുറിച്ചത്.
വെല്ലുവിളികൾ ഏറ്റെടുത്ത് ലോകം മുന്നോട്ടുപോകുമ്പോഴും സംസ്കാരവും പൈതൃകവും സംരക്ഷിക്കേണ്ടതിെൻറയും ആഘോഷിക്കുന്നതിെൻറയും പ്രാധാന്യത്തെ പ്രകാശിപ്പിക്കുന്ന ‘ദീർഘദൃഷ്ടിയുള്ള നാളേക്ക് ഒരുമിച്ച്’ എന്ന പ്രമേയത്തിലാണ് സമ്മേളനം അരങ്ങേറുന്നത്.
സൗദി സാംസ്കാരിക മന്ത്രിയും സൗദി നാഷനൽ കമീഷൻ ഫോർ എജുക്കേഷൻ, കൾച്ചർ ആൻഡ് സയൻസ് ചെയർമാനുമായ അമീർ ബാദർ ബിൻ ഫർഹാെൻറ അധ്യക്ഷതയിലാണ് പരിപാടി നടക്കുന്നത്. ഈ സുപ്രധാന അന്തർദേശീയ സമ്മേളനം രാജ്യത്തിെൻറ സംസ്കാരവും പൈതൃകവും വരും തലമുറകൾക്കായി കാത്തുസൂക്ഷിക്കുന്നതിനുള്ള സൗദി അറേബ്യയുടെ അചഞ്ചലമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
45ാം സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാൻ കഴിയുന്നതിൽ സൗദി അറേബ്യ വളരെ അഭിമാനിക്കുന്നു. രാജ്യത്തിെൻറ ഏറ്റവും കാതലായ പൈതൃകമാണ് ഒരു ഏകീകൃത ശക്തിയായി പ്രവർത്തിക്കുന്നത്. ആഗോള സാംസ്കാരിക സംരക്ഷണത്തിൽ കൂടുതൽ സഹകരണവും കൂട്ടായ ശേഷി വർധിപ്പിക്കലും ഞങ്ങൾ പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
ലോക പൈതൃക സംരക്ഷണം, ധനവിനിയോഗം, ലോക പൈതൃക പട്ടികയിൽ ഇടം അർഹിക്കുന്ന സ്ഥലങ്ങളുടെ നിർണയം, ലോകമെമ്പാടുമുള്ള പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണ പ്രവർത്തനങ്ങളുടെ മേൽനോട്ടം എന്നിവ 21 പ്രതിനിധികൾ ഉൾപ്പെടുന്ന ജനറൽ അസംബ്ലിയുടെ ഉത്തരവാദിത്തമാണ്. സമ്പന്നമായ പൈതൃകവും വൈവിധ്യമാർന്ന സംസ്കാരവുമാണ് സൗദിയെ വേറിട്ടതാക്കുന്നത്.
പുരാവസ്തു പ്രദേശമായ മദാഇൻ സാലിഹ് (അൽ ഹിജ്ർ, ഹെഗ്ര പൗരാണിക കേന്ദ്രം-2008), ദറഇയ്യയിലെ തുറൈഫ് ഡിസ്ട്രിക്റ്റ് (2010), ഹിസ്റ്റോറിക് ജിദ്ദ (2014), ഹാഇലിലെ ശിലാലിഖിതങ്ങൾ (2015), അൽ അഹ്സ മരുപ്പച്ച (2018), ഹിമ കൾചറൽ ഏരിയ (2021) എന്നിവയുൾപ്പെടെ ആറ് ലോക പൈതൃക കേന്ദ്രങ്ങളാണ് രാജ്യത്തുള്ളത്. കൂടാതെ ഒരു പുരാവസ്തു കേന്ദ്രം കൂടി ഈ വർഷത്തെ പരിഗണനാ പട്ടികയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.