ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം: മത്സരചിത്രവുമായി ആദ്യമായി സൗദി
text_fieldsദമ്മാം: സെപ്റ്റംബർ ഏഴ് മുതൽ 17 വരെ കാനഡയിലെ ടൊറന്റോയിൽ നടക്കുന്ന 48ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മത്സരിക്കാൻ ഇതാദ്യമായി സൗദി സിനിമയും.
ദമ്മാം ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് വേൾഡ് കൾച്ചറൽ സെന്റർ (ഇത്റ) നിർമാണ പങ്കാളിയായ ‘ഹജ്ജാൻ’ എന്ന സിനിമയാണ് മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. സൗദിയുടെ ചലച്ചിത്ര യാത്രയിലെ അതിപ്രധാന ചുവടുവെപ്പായാണ് ഈ ചിത്രം അടയാളപ്പെടുന്നത്. ലോകോത്തര സംവിധായകരിൽ ഒരാളായ അബൂബക്കർ ഷോക്കി സംവിധാനം ചെയ്ത്, മുഹമ്മദ് ഹെഫ്സി (ഫിലിം ക്ലിനിക്), മജീദ് ഇസഡ്, സമ്മാൻ (ഇത്റ ഫിലിം പ്രൊഡക്ഷൻ) എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രം അന്താരാഷ്ട്ര വേദികളിൽ മാറ്റുരക്കാനുള്ള സൗദി ചലച്ചിത്രത്തിന്റെ വളർച്ചയെക്കൂടി വ്യക്തമാക്കുന്നതാണ്.
അനാഥ യുവാവും അവന്റെ പ്രിയപ്പെട്ട ഒട്ടകവും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥപറയുന്ന സിനിമയാണ് ഹജ്ജാൻ. സൗദി എഴുത്തുകാരായ മുഫാരിജ് അൽമിജ്ഫിലും ഉമർ ഷാമയും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. കൂടാതെ ചാഡി അബോയുടെ വിഷ്വൽ ഇഫക്ടുകളും അമിൻ ബൗഹാഫയുടെ ബാക്ഗ്രൗണ്ട് സ്കോറും ഈ സിനിമക്ക് വലിയ മികവ് നൽകുന്നുണ്ട്. അബ്ദുൽ മുഹ്സിൻ അൽനിമർ, അൽഷൈമ തയേബ്, ഉമർ അലതാവി എന്നിവർ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നു.
ബോളിവുഡ് താരങ്ങളായ ആന്റണി മക്കി, സർ ബെൻ കിങ്സ്ലി എന്നിവർക്കൊപ്പം ഈ സൗദി താരങ്ങൾ ‘ഡസർട്ട് വാരിയർ’ എന്ന സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ അവതരിപ്പിക്കുന്ന ഹജ്ജാൻ യു.എൻ ഒട്ടകവർഷമായി ആചരിക്കുന്ന 2024ൽ ലോകത്താകെ തിയറ്ററുകളിൽ റിലീസ് ചെയ്യും.
സൗദിയുടെ സംസ്കാരിക, ജീവിത പരിസരങ്ങളെ പ്രതിഫലിപ്പിക്കുന്ന കഥയിൽ രൂപപ്പെടുത്തിയ സിനിമ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ആഹ്ലാദത്തിലാണ് ഇത്റയെന്ന് പെർഫോമിങ് ആർട്സ് ആൻഡ് സിനിമ വിഭാഗം മേധാവി സമ്മാൻ പറഞ്ഞു.
പ്രാദേശിക പ്രതിഭകളെ പരിപോഷിപ്പിച്ചും സിനിമാറ്റിക് ഉള്ളടക്ക നിർമാണം പ്രോത്സാഹിപ്പിച്ചും സൗദി അറേബ്യയുടെ വളരുന്ന സിനിമാവ്യവസായത്തെ പിന്തുണക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. യഥാർഥ ചിത്രമായ ഹജ്ജാനിലൂടെ ഒരു ആൺകുട്ടിയും അവന്റെ ഒട്ടകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഒരു കഥ പറയാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. ഒട്ടകങ്ങൾ പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ട ജീവികളാണ്, അവ നമ്മുടെ ഹൃദയങ്ങളിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു, അന്താരാഷ്ട്ര പ്രോജക്ടുകളിൽ പരിചയമുള്ള ഒരു പാൻ-അറബ് ക്രൂവിന്റെ സഹായത്തോടെ ഈ സന്ദേശം അറിയിക്കാനുള്ള ശ്രമംകൂടിയാണ് ഈ സിനിമ -സമ്മാൻ കൂട്ടിച്ചേർത്തു.
സൗദിയിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമാതാക്കളിലൊന്നായ ഇത്റ 23ലധികം ചിത്രങ്ങൾ ഇതിനകം നിർമിച്ചിട്ടുണ്ട്. അതിൽ 15 എണ്ണം പ്രാദേശിക, അന്തർദേശീയ അവാർഡുകൾ നേടിയിട്ടുണ്ട്. അവാർഡ് ജേതാവായ സ്വതന്ത്ര സംവിധായകൻ ഖാലിദ് ഫഹദ് സംവിധാനം ചെയ്ത ‘വാലി റോഡ്’ എന്ന സിനിമ ഇപ്പോൾ സിനിമാശാലകളിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള 17 ഫെസ്റ്റിവലുകളിൽ ഇത്റ പ്രൊഡക്ഷൻസ് സിനിമകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.