വിനോദ മേഖലയിലെ വികസനം: ഫ്രഞ്ച് പ്രതിനിധി സംഘം സൗദിയിലേക്ക്
text_fieldsജിദ്ദ: വിനോദ മേഖലകളിൽ നിക്ഷേപം ശക്തിപ്പെടുത്തുന്നതിനായി ഉന്നതതല ഫ്രഞ്ച് പ്രതിനിധി സംഘം സൗദിയിലെത്തുന്നു. സൗദി ചേംബറിന് കീഴിലെ സൗദി ഫ്രഞ്ച് ബിസിനസ് കൗൺസിലാണ് സംഘത്തിന് ആതിഥേയത്വം വഹിക്കുക. വിനോദ മേഖലയിലും അനുബന്ധ മേഖലകളിലും സൗദി, ഫ്രഞ്ച് സഹകരണത്തിനുള്ള സാധ്യതകൾ, നിക്ഷേപവും വ്യാപാര വിനിമയവും മെച്ചപ്പെടുത്തുക, ഇരു രാജ്യങ്ങളിലെയും ബിസിനസ് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുക എന്നിവയാണ് ലക്ഷ്യമിടുന്നത്. ഫ്രഞ്ച് പ്രതിനിധി സംഘത്തിൽ 30 ബിസിനസ്സ് ഉടമകളും വിനോദ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഫ്രഞ്ച് കമ്പനികളും ഉൾപ്പെടും.
അമ്യൂസ്‌മെന്റ് പാർക്കുകൾ, സ്‌പോർട്‌സ് ഉൽപന്നങ്ങളുടെ നിർമാണം, ഇലക്ട്രോണിക് ഗെയിമുകൾ, വിനോദ നഗരങ്ങളുടെ നിർമാണം വിനോദ മേഖലയ്ക്കും ധനസഹായം നൽകുന്നതിൽ വിദഗ്ധരായ ബാങ്കുകൾ, കൺസൽട്ടേഷനുകൾ എന്നിവയുമായി ബന്ധപ്പെട്ടവർ സംഘത്തിലുണ്ടാകും. സൗദിയും ഫ്രഞ്ചും തമ്മിലുള്ള വാണിജ്യ, നിക്ഷേപ പങ്കാളിത്തത്തിനുള്ള അവസരങ്ങൾ ചർച്ച ചെയ്യുന്നതിനും രാജ്യത്ത് വിനോദ മേഖലയിൽ ലഭ്യമായ അവസരങ്ങൾ തിരിച്ചറിയുന്നതിനും സൗദി ചേംബറിന്റെ ദേശീയ വിനോദ കമ്മിറ്റിയും നൂറോളം ബിസിനസ് ഉടമകളും വിനോദ മേഖലയിൽ വിദഗ്ധരായ സൗദി കമ്പനികളും യോഗത്തിൽ പങ്കെടുക്കും.
ഫ്രഞ്ച് വിനോദ കമ്പനികളുടെ പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് സൗദി ചേംബേഴ്സ് വ്യക്തമാക്കി. വിഷൻ 2030 ന്റെ വെളിച്ചത്തിൽ രാജ്യത്തിലെ വിനോദ മേഖല സാക്ഷ്യം വഹിച്ച വൻ സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണ് ഈ സന്ദർശനം. 2030 ഓടെ വിനോദ മേഖലയുടെയും അനുബന്ധ മേഖലകളുടെയും സംഭാവന ജി.ഡി.പി യുടെ 4.2 ശതമാനമാകുമെന്നും 4,50,000 സ്ഥിരവും താൽക്കാലികവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. ടൂറിസം മേഖല 14 ശതമാനം വളർച്ച കൈവരിച്ചു.
വിനോദ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ എണ്ണം ഇരട്ടിയായി. വിനോദ സീസണുകളിലൂടെയും പൗരന്മാർക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്നും സൗദി ചേംബർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.