ടൂറിസം വികസനം: റെയിൽവേയും ക്രൂയിസ് സൗദിയും ധാരണപത്രം ഒപ്പുവെച്ചു
text_fieldsജിദ്ദ: സൗദിയിലെ വിനോദസഞ്ചാര ഗതാഗത സേവന മേഖലയിൽ സഹകരണം വർധിപ്പിക്കുന്നതിന് സൗദി റെയിൽവേയും ക്രൂയിസ് സൗദി കമ്പനിയും ധാരണപത്രം ഒപ്പുവെച്ചു.
ആഭ്യന്തര വിനോദസഞ്ചാര വികസനത്തോടൊപ്പം സമുദ്ര വിനോദ സഞ്ചാരം, രാജ്യത്തിന്റെ പടിഞ്ഞാറൻ, കിഴക്കൻ മേഖലകളിലെ പൗരാണിക, പ്രകൃതി എന്നിവയിലൂന്നിയ വിനോദ സഞ്ചാരം എന്നിവയെ സവിശേഷമായും പ്രോത്സാഹിപ്പിക്കാനും കൂടിയാണിത്. മറൈൻ ടൂറിസത്തെ പിന്തുണക്കാനുള്ള റെയിൽവേയുടെ പ്രത്യേക താൽപര്യത്തിന്റെ കൂടി പ്രതിഫലനമാണ് ധാരണപത്രമെന്ന് സൗദി റെയിൽവേ കമ്പനി സി.ഇ.ഒ ഡോ. ബശാർ ബിൻ ഖാലിദ് അൽമാലിക് പറഞ്ഞു.
രാജ്യത്തെ ടൂറിസം മേഖലയിലേക്ക് കൂടുതൽ അന്തർദേശീയ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ തക്ക രീതിയിൽ വിപുലമായ ഗതാഗത സൗകര്യം ഒരുക്കാനും റെയിൽവേയും ആഡംബര കപ്പൽ സേവനവും തമ്മിലുള്ള സഹകരണത്തിലൂടെ കഴിയും. രാജ്യത്തെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ച് എല്ലാ മേഖലകളിലേക്കും റെയിൽവേയുടെ ഫലപ്രദവും സുരക്ഷിതവും വിശ്വസനീയവുമായ യാത്രാശൃംഖല ഒരുക്കുക ലക്ഷ്യമിട്ട് കൂടിയാണ് ഈ ധാരണപത്രം എന്നും ഡോ. അൽമാലിക് എടുത്തുപറഞ്ഞു.
സൗദിയിലെ വളരുന്ന ടൂറിസം വ്യവസായത്തിന്റെ വികസനത്തിന് സജീവമായി സംഭാവന ചെയ്യുന്നതും രാജ്യത്തിന്റെ വികസന കാഴ്ചപ്പാടിനെ പിന്തുണക്കുന്നതുമായ പുതിയതും പ്രയോജനപ്രദമായതുമായ ഒരു മേഖലയായി ക്രൂയിസ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സൗദി റെയിൽവേയുമായി പങ്കാളിത്തം കെട്ടിപ്പടുക്കുന്ന ധാരണപത്രത്തിൽ ഒപ്പുവെക്കുന്നതിൽ സന്തോഷമുണ്ടെന്ന് ക്രൂയിസ് സൗദി അറേബ്യ സി.ഇ.ഒ ലാർസ് ക്ലാസെൻ പറഞ്ഞു. ഈ ഉടമ്പടിപ്രകാരം സൗദി ക്രൂയിസിലെ യാത്രക്കാരെ ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്തുനിന്ന്, സമ്പന്ന സാംസ്കാരിക പൈതൃകമേഖലയായ അൽഅഹ്സയിലെ പൗരാണിക പ്രദേശങ്ങളിലേക്ക് ട്രെയിൻ വഴി കൊണ്ടുപോകും.
ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മക്ക, മദീന, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലേക്ക് ട്രെയിനുകൾ വഴി സൗദി ക്രൂയിസ് യാത്രക്കാരെ എത്തിക്കുമെന്നും ക്രൂയിസ് സൗദി സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.