ടൂറിസം വികസനം: സൗദിയും ചൈനയും കരാർ ഒപ്പുവെച്ചു
text_fieldsജിദ്ദ: സൗദി അറേബ്യയെ ചൈനീസ് വിനോദസഞ്ചാരികളുടെ പ്രധാന സന്ദർശന കേന്ദ്രമായി മാറ്റുന്നതിനുള്ള കരാർ ഒപ്പുവെച്ചു. ടൂറിസം മന്ത്രാലയത്തിനുവേണ്ടി ചൈനയിലെ സൗദി അംബാസഡർ അബ്ദുറഹ്മാൻ ബിൻ അഹ്മദ് അൽഹർബിയും ചൈനീസ് സാംസ്കാരിക, ടൂറിസം ഡെപ്യൂട്ടി മന്ത്രി ഡു ജിയാങ്ങുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇതോടെ ടൂറിസ്റ്റ് വിസയിൽ സൗദിയിലേക്ക് വരാൻ ചൈനീസ് പൗരന്മാർക്ക് കഴിയും. ഇ-വിസ ലഭിക്കാൻ യോഗ്യതയുള്ള 57 രാജ്യങ്ങളിൽ ഒന്നായി ചൈനയെ ഉൾപ്പെടുത്തുകയും ചെയ്തു. മറ്റൊരു രാജ്യത്തേക്കുള്ള യാത്രാമധ്യേ സൗദിയിൽ ഇറങ്ങാനും 96 മണിക്കൂർവരെ ഇവിടെ തങ്ങാനും അനുവദിക്കുന്ന ട്രാൻസിറ്റ് വിസകൾ ചൈനീസ് പൗരന്മാർക്ക് അനുവദിക്കും. ടൂറിസ്റ്റുകളെ സഹായിക്കാനുള്ള ‘സ്പിരിറ്റ് ഓഫ് സൗദി അറേബ്യ’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ ഭാഷകളുടെ പട്ടികയിൽ ചൈനീസ് ഭാഷയെയും ഉൾപ്പെടുത്തി. ചൈനീസ് ടൂറിസ്റ്റുകൾക്ക് അനുയോജ്യമായ ഇലക്ട്രോണിക് പേമെന്റ് സംവിധാനങ്ങളും രാജ്യത്ത് ഒരുക്കും.
ഈ കരാർ ഇരുരാജ്യങ്ങളും കഴിഞ്ഞ കാലയളവിൽ നടത്തിയ ശ്രമങ്ങളുടെ ഫലമായി കണക്കാക്കപ്പെടുന്നുവെന്ന് സൗദി ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് പറഞ്ഞു. ഇതിലൂടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടും. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കപ്പെടും. ഈ സുപ്രധാന കരാർ മുഖേന ചൈനയിൽനിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2030ഓടെ പ്രതിവർഷം 30 ലക്ഷം ചൈനീസ് വിനോദസഞ്ചാരികൾ സൗദിയിലേക്കെത്തുമെന്നും ടൂറിസം മന്ത്രി പറഞ്ഞു.
‘ബെൽറ്റ് ആൻഡ് റോഡ്’ സംരംഭത്തിന്റെ 10ാം വാർഷികം ആഘോഷിക്കുന്നവേളയിൽ സൗദിയും ചൈനയും തമ്മിലുള്ള ദശാബ്ദങ്ങൾ നീണ്ട ബന്ധത്തിലെ സുപ്രധാന ചുവടുവെപ്പാണ് ടൂറിസം രംഗത്ത് ഒപ്പുവെച്ച ഈ കരാറെന്ന് ചൈനീസ് സാംസ്കാരിക ടൂറിസം ഡെപ്യൂട്ടി മന്ത്രി ഡു ജിയാങ് പറഞ്ഞു. ഇത് പരസ്പരധാരണയും ബഹുമാനവും വിലമതിപ്പും വർധിപ്പിക്കുന്നു. ഒപ്പം പൊതുവായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹകരിക്കാനും ബന്ധങ്ങൾ വികസിപ്പിക്കാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.