ടൂറിസം വിസ; സൗദിയിൽ ഒരു വർഷത്തിനിടെ തങ്ങാനാവുക പരമാവധി 90 ദിവസം മാത്രം
text_fieldsറിയാദ്: വിനോദ സഞ്ചാരികൾക്കായി സൗദി അറേബ്യ അനുവദിക്കുന്ന ഒരു വർഷത്തെ മൾട്ടിപ്ൾ എൻട്രി ടൂറിസം വിസയിൽ രാജ്യത്തെത്തി തങ്ങാനാവുക പരമാവധി 90 ദിവസം മാത്രം. കുടുംബ സന്ദർശന വിസ, ബിസിനസ് വിസ, സൗദി സ്വദേശികൾക്ക് അവരുടെ സുഹൃത്തുക്കളെ കൊണ്ടുവരാൻ അനുവദിക്കുന്ന വ്യക്തിഗത വിസ എന്നിവയിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് വർഷം മുഴുവൻ താമസിക്കാൻ അനുവാദമുണ്ടായിരിക്കെയാണ് ടൂറിസം വിസക്കുമാത്രം ഈ നിബന്ധന. മറ്റു വിസിറ്റ് വിസകളിൽനിന്ന് ടൂറിസം വിസയെ വ്യത്യസ്തമാക്കുന്ന ഈ പ്രത്യേകത അറിയാതെ ചിലരൊക്കെ വന്ന് കുടുങ്ങുന്ന അനുഭവങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
ടൂറിസം വിസയൊഴികെ മേൽപറഞ്ഞ മൾട്ടിപ്ൾ എൻട്രി വിസിറ്റ് വിസകളിലെല്ലാം ഒരു വർഷം വരെ രാജ്യത്ത് തങ്ങാൻ കഴിയും. 90 ദിവസം പൂർത്തിയാകും മുമ്പ് പുറത്തുപോയി വരണമെന്ന നിബന്ധന പാലിക്കണമെന്നു മാത്രം. എന്നാൽ, ഈ സൗകര്യം ടൂറിസം വിസക്കില്ലെന്ന് അറിയാതെ കുടുംബങ്ങളടക്കമാണ് വന്ന് കുടുങ്ങിയത്.
ടൂറിസം വിസ സംബന്ധിച്ച അറിയിപ്പുകളിൽ തന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ടെങ്കിലും പലരും അത് ശ്രദ്ധിക്കുന്നില്ല. ഒരു വർഷത്തിനിടയിൽ എപ്പോൾ വേണമെങ്കിലും രാജ്യത്തേക്ക് വരുകയും പുറത്തുപോവുകയും ചെയ്യാം. പക്ഷേ, അങ്ങനെ വരുന്ന ദിവസങ്ങളെല്ലാംകൂടി കൂട്ടിയാൽ 90 ദിവസത്തിൽ കൂടാൻ പാടില്ല.
അതായത് ടൂറിസം വിസയിൽ വന്ന് ഒറ്റത്തവണയായി 90 ദിവസം വരെ തങ്ങാം, അല്ലെങ്കിൽ അത് ചെറിയ ഘടകങ്ങളാക്കി വീതിച്ച് ഒരു വർഷത്തിനിടയിൽ പലതവണ വരുകയും പോവുകയും ചെയ്യാം. 90 ദിവസത്തിൽ കൂടിയാൽ രാജ്യത്തിന് അകത്താണെങ്കിൽ പിന്നീടുള്ള ഓരോ ദിവസത്തിനും 100 സൗദി റിയാൽ വെച്ച് പിഴ നൽകേണ്ടിവരും. ഈ തുക അടച്ചതിനുശേഷമേ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി രാജ്യം വിടാനാകൂ.
വിസയുടെ കൃത്യമായ വിവരം മനസ്സിലാക്കാതെ സാധാരണ ഒരു വർഷത്തെ മൾട്ടിപ്ൾ എൻട്രി വിസ പോലെ എത്ര ദിവസം വേണമെങ്കിലും തങ്ങാം എന്ന ധാരണയിൽ സൗദിയിലെത്തിയ മലയാളി കുടുംബത്തെ കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽനിന്ന് തിരിച്ചയച്ചു. ഇന്ത്യക്കാർക്ക് ടൂറിസം വിസ ഓൺലൈനായി ലഭിക്കുന്നത് മറ്റു ജി.സി.സി രാജ്യങ്ങളിൽ താമസ രേഖയുള്ളവർക്കാണ്. ഇതിനുപുറമെ അമേരിക്ക, യു.കെ, ഷെങ്കൻ രാജ്യങ്ങളിലെ വിസയുള്ളവർക്കും ഇ-വിസ ലഭിക്കും. ഇതൊന്നുമില്ലാതെ നേരിട്ടൊരാൾക്ക് ഇന്ത്യയിൽനിന്ന് ടൂറിസം വിസയിൽ സൗദിയിലെത്തണമെങ്കിൽ ഓൺലൈനിൽ അപേക്ഷ നൽകി ആവശ്യമായ രേഖകൾ വി.എഫ്.എസ് കേന്ദ്രത്തിൽ ഹാജരാക്കി വിസ സ്റ്റാമ്പ് ചെയ്യുന്ന നടപടി പൂർത്തിയാക്കണം.
ആഗോള ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയ സ്ഥാനത്ത് അടയാളപ്പെട്ടുകൊണ്ടിരിക്കുന്ന സൗദി അറേബ്യയിൽ കഴിഞ്ഞ വർഷം 1.66 കോടി ആളുകളാണ് സന്ദർശകരായെത്തിയത്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 10 കോടി സന്ദർശകരെ രാജ്യത്ത് എത്തിക്കുന്നതിനുള്ള ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായി അടുത്തിടെ പ്രഖ്യാപിച്ച സാംസ്കാരിക, വിനോദ, വിജ്ഞാന പരിപാടികളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിസ നിയമത്തിലുള്ള കാതലായ മാറ്റമാണ് രാജ്യത്തേക്ക് ഇത്രയധികം സന്ദർശകരെ എത്തിച്ചത്. ഇനിയും വിസാനടപടികൾ ലളിതമാക്കുമെന്നാണ് സന്ദർശകർ പ്രതീക്ഷിക്കുന്നത്. വേനൽച്ചൂട് കുറഞ്ഞ് ശൈത്യകാലത്തിലേക്കുള്ള മാറ്റം ആരംഭിക്കുന്നതോടെ റിയാദ് സീസൺ ഉൾപ്പെടെ സൗദിയുടെ വിവിധ പ്രവിശ്യകളിൽ റമദാൻ വരെ നീളുന്ന ഷോപ്പിങ് ഫെസ്റ്റിവലുകളും ആഘോഷങ്ങളും ഉത്സവ പരിപാടികളും അരങ്ങേറും. അവയുടെ പ്രഖ്യാപനം ഉടനുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.