ഗൾഫ് നാടുകളിലുള്ളവർക്ക് സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കും
text_fieldsജിദ്ദ: ഗൾഫ് രാജ്യങ്ങളിൽ നിയമവിധേയമായി കഴിയുന്ന എല്ലാവർക്കും സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. ഇങ്ങിനെ വിസ ഇഷ്യൂ ചെയ്യുന്നതിന് ഗൾഫ് രാജ്യങ്ങളിൽ വസിക്കുന്നവരുടെ പ്രൊഫഷൻ മാനദണ്ഡമാക്കാതെ എല്ലാവർക്കും വിസ ലഭ്യമാക്കും. ടൂറിസ്റ്റ് വിസയിൽ സൗദിയിലെത്തുന്നവർക്ക് ഉംറ നിർവഹിക്കാനും മദീന സന്ദർശനത്തിനും രാജ്യത്ത് എവിടെയും സഞ്ചരിക്കാനും അനുവാദമുണ്ടാവും. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളായ ഇവന്റുകൾ, വിനോദ പരിപാടികളിൽ പങ്കെടുക്കൽ തുടങ്ങിയവയെല്ലാം ഇത്തരം വിസയിൽ വരുന്നവർക്ക് അനുവദനീയമാണ്. എന്നാൽ ഇവർക്ക് ഹജ്ജ് ചെയ്യുന്നതിനോ ഹജ്ജ് കർമങ്ങളുടെ ദിനങ്ങളിൽ ഉംറ നിർവഹിക്കുന്നതിനോ അനുമതിയില്ല.
https://visa.mofa.gov.sa/ എന്ന വെബ്സൈറ്റ് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്ത തീയതി മുതൽ മൂന്ന് മാസത്തേക്ക് സാധുതയുള്ളതായിരിക്കും. ഇത്തരം വിസയിൽ അനുവദനീയമായ താമസ കാലയളവ് 30 ദിവസമാണ്. 90 ദിവസം വരെ രാജ്യത്ത് തങ്ങാൻ അനുവദിക്കുന്ന ഒരു വർഷത്തേക്ക് സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി വിസയും ലഭ്യമാണ്. വിസക്ക് അപേക്ഷിക്കുന്നതിന് 18 വയസ് പൂർത്തിയാവണം. കുട്ടികൾക്ക് രക്ഷിതാക്കളാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകന്റെ പാസ്‌പോർട്ടിന് ആറ് മാസത്തേയും റസിഡൻസി ഐഡിക്ക് മൂന്ന് മാസത്തേയും കാലാവധി ഉണ്ടായിരിക്കണം. അപേക്ഷകർ അവരുടെ കുടുംബത്തിലെ ഓരോ അംഗത്തിനും വെവ്വേറെ വിസ അപേക്ഷകൾ പൂർത്തിയാക്കുകയും സൗദിയിൽ പ്രവേശിക്കുമ്പോൾ അംഗത്തെ അനുഗമിക്കുകയും വേണം. 300 റിയാലാണ് വിസ ഫീസ്. വിസ ലഭിക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.