ആവേശമാവാൻ ടൊവിനോ തോമസ്
text_fieldsജിദ്ദ: സ്വപ്നതുല്യമായ ഉയരത്തിൽ നിൽക്കുമ്പോഴും തെരുവിൽ സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയിറങ്ങുന്ന മലയാള സിനിമയിലെ സ്റ്റൈലിഷ് ഐക്കണും ന്യൂജനറേഷൻ സൂപ്പർ സ്റ്റാറുമായ ടൊവിനോ തോമസാണ് മാനവികതയുടെ മഹോത്സവമായ ‘ഹാർമോണിയസ് കേരള’യിലെ മുഖ്യാതിഥി. സാമൂഹിക പ്രതിബദ്ധതയുള്ള ഈ കലാകാരനെ വരവേൽക്കാൻ പ്രവാസലോകം ആവേശപൂർവം കാത്തിരിക്കുകയാണ്. മ
ലയാളത്തിന്റെ യുവ നായകന്മാരിൽ ഏറെ താരമൂല്യമുള്ള ടൊവിനോ തോമസ് തന്റെ കരിയറിൽ 10 വർഷം പിന്നിട്ടിരിക്കുന്ന സമയത്താണ് മെഗാ ഷോക്കായി ജിദ്ദയിലെത്തുന്നത്. സിനിമ വ്യവസായത്തിലും സമൂഹമാധ്യമങ്ങളിലും ഏറെ വിലയും ജനപിന്തുണയുമുള്ള താരമാണ് ടൊവിനോ.
സിനിമ പാരമ്പര്യമില്ലാത്ത താരം കഠിന പ്രയത്നത്തിലൂടെയാണ് ഇന്ന് നേടിയിരിക്കുന്ന വിജയങ്ങളെല്ലാം സ്വന്തമാക്കിയിട്ടുള്ളത്. സിനിമ സ്വപ്നംകണ്ട് ഉറങ്ങിയും ഉണർന്നും തന്റെ പ്രയത്നം തുടർന്നുകൊണ്ടേയിരുന്നു.വിജയ പരാജയങ്ങളൊന്നും തന്നെ ടൊവിനോയെ ഭ്രമിപ്പിക്കുകയോ പിടിച്ചുനിർത്തുകയോ ചെയ്തില്ല. ഇന്നും തന്റെ കുറവുകളും കഴിവുകളും തിരിച്ചറിഞ്ഞ് പ്രയത്നിക്കുകയാണ്. പുത്തൻ പരീക്ഷണങ്ങൾക്കും പുതുമകൾക്കും പിന്നാലെ തന്റെ സിനിമ സഞ്ചാരം യാഥാർഥ്യമാക്കുകയാണ് താരം.
ഇരിങ്ങാലക്കുടയിലെ അഭിഭാഷകനായ ഇല്ലിക്കൽ തോമസ്- ഷീല ദമ്പതികളുടെ മകന് സിനിമ എന്നത് സ്വപ്നമായിരുന്നു. പഠനത്തിനുശേഷം സോഫ്റ്റ് വെയർ എൻജിനീയർ ജോലി ഉപേക്ഷിച്ചാണ് സിനിമക്കുപിന്നാലെയുള്ള യാത്ര യാഥാർഥ്യമാക്കിയത്. മോഡലിങ് രംഗത്തിലൂടെയാണ് സിനിമയിലേക്ക് വാതിൽ തുറന്നുകിട്ടുന്നത്. 2012ൽ സജീവ് അന്തിക്കാട് സംവിധാനം ചെയ്ത ‘പ്രഭുവിന്റെ മക്കൾ’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്.
ദുൽഖറിനെ നായകനാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ‘എ.ബി.സി.ഡി’ എന്ന ചിത്രത്തിലെ അഖിലേഷ് വർമ എന്ന രാഷ്ട്രീയക്കാരന്റെ വേഷമാണ് സിനിമയിൽ മേൽവിലാസം നൽകിയത്. ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രം പുതിയൊരു നടന്റെ പിറവിയായിരുന്നു. ശേഷം പൃഥ്വിരാജ് നായകനായ ‘സെവൻത് ഡേ’ വഴിത്തിരിവായി. പൃഥ്വിരാജുമായുള്ള സൗഹൃദം പിന്നീടുള്ള ടൊവിനോയുടെ സിനിമ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. 2015ൽ പുറത്തിറങ്ങിയ ‘എന്ന് നിന്റെ മൊയ്തീനി’ൽ അവതരിപ്പിച്ച പെരുംപറമ്പിൽ അപ്പു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
2016ലാണ് ‘ഗപ്പി’ എന്ന സിനിമയിലൂടെ നായകനായി രംഗപ്രവേശം ചെയ്യുന്നത്. ബോക്സ്ഓഫിസിൽ ഒരു ചലനവും സൃഷ്ടിക്കാതിരുന്ന ചിത്രം ഡി.വി.ഡി റിലീസായതോടെ തരംഗമായി മാറി. അതോടെ ടൊവിനോയുടെ ആദ്യ നായകവേഷം മലയാളികളുടെ മനസ്സിൽ ഇടംനേടി. ടൊവിനോ തോമസ് എന്ന നായകന്റെ പിറവിയായിരുന്നു അത്. ചെറിയ മീനായി എത്തിയ ‘ഗപ്പി’യിൽനിന്ന് ഇന്നത്തെ സൂപ്പർ സ്റ്റാറായി ടൊവിനോ വളർന്നു.
‘ഒരു മെക്സിക്കൻ അപാരത’, ‘ഗോദ്ധ’ തുടങ്ങിയ ചിത്രങ്ങളുടെ വിജയം ബോക്സ്ഓഫിസിൽ വിലയുള്ള താരമാക്കി മാറ്റി. ‘മായാനദി’, ‘തീവണ്ടി’ തുടങ്ങിയ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘മാരി -2’ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ തമിഴിലേക്കും കടന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫറി’ൽ ജതിൻ രാംദാസ് എന്ന കഥാപാത്രത്തിലൂടെ വീണ്ടുമൊരു വിസ്മയ പ്രകടനം ഒരുക്കാൻ നടനായി. പിന്നീട് ഉയരേ, വൈറസ്, ലൂക്കാ, കൽക്കി, ഫോറൻസിക്, കള തുടങ്ങി ഒന്നിന് പിറകെ ഒന്നായി സിനിമകൾ വെള്ളിത്തിരയിൽ ഓളം സൃഷ്ടിച്ചു.
സൂപ്പർ ഹീറോ കഥാപാത്രങ്ങളുടെ ശ്രേണിയിൽ മലയാളത്തിന്റെ വെള്ളിത്തിരയിൽ സംവിധായകൻ ബേസിൽ ജോസഫ് മിന്നൽ മുരളിയെ ഒരുക്കിയപ്പോൾ അതിനു തെരഞ്ഞെടുത്തതും ടൊവിനോയെ തന്നെ. മലയാളത്തിൽനിന്നുള്ള പാൻ ഇന്ത്യൻ ചിത്രമായിരുന്നു മിന്നൽ മുരളി. ഭാഷാവ്യത്യാസമില്ലാതെ ടൊവിനോ എന്ന താരത്തിന്റെ മേൽവിലാസം ഇന്ത്യക്കകത്തും പുറത്തും മിന്നൽ മുരളിയിലൂടെ പരന്നു.
അതോടെ മലയാളത്തിലെ വിലയേറിയ സൂപ്പർ സ്റ്റാറുകളുടെ നിരയിലായി. കഴിഞ്ഞവർഷം തിയറ്ററിലെത്തിയ ‘തല്ലുമാല’ മലയാള സിനിമക്ക് പുതിയൊരു ആവിഷ്കാരരീതി തന്നെ പരിചയപ്പെടുത്തി. 70 കോടിക്കും മേലെ കലക്ഷനോടെ ടൊവിനോയുടെ കിരീടത്തിലെ മറ്റൊരു തൂവലായി മാറി ‘തല്ലുമാല’. മിന്നൽ മുരളിയിൽ ഡബ്ൾ റോളിലെത്തിയ ടൊവിനോ മൂന്നാം പകർന്നാട്ടത്തിന്റെ വേദിയിലാണിപ്പോൾ. കരിയറിലെ ബിഗ്ബജറ്റ് ചിത്രമായി ത്രീഡി ഫോർമാറ്റിൽ ഒരുക്കുന്ന അജയന്റെ ‘രണ്ടാം മോഷണ’ത്തിലാണ് മൂന്നു കഥാപാത്രങ്ങളായി ടൊവിനോ എത്തുന്നത്.
താരപരിവേഷത്തിനപ്പുറം സാമൂഹിക പ്രതിബദ്ധതയുടെ കാര്യത്തിലും ടൊവിനോ എന്ന മനുഷ്യനെ മലയാളികൾ തിരിച്ചറിഞ്ഞു 2018 ലെ പ്രളയകാലത്ത്. ദുരിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് മുൻനിരയിൽ തന്നെയുണ്ടായിരുന്നു ടൊവിനോ. അതോടെ സമൂഹമാധ്യമങ്ങളിലടക്കം വലിയ പിന്തുണ ടൊവിനോയെ തേടിയെത്തി.
ഓരോ സാമൂഹിക വിഷയങ്ങളിലും സൂക്ഷ്മമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന നടൻ പ്രവൃത്തികളിലൂടെയും പ്രതികരണങ്ങളിലൂടെയും സാധാരണ ജനങ്ങളുടെ കൂടെയാണ് താനെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്നു. 2021ൽ കേരള സർക്കാർ ആരംഭിച്ച ‘സാമൂഹിക സന്നദ്ധസേന’യുടെ അംബാസഡർ കൂടിയാണ് താരം. ലിതിയയാണ് ഭാര്യ. ഒരാൺകുട്ടിയും ഒരു പെൺകുട്ടിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.