റമദാൻ അവസാന പത്തിലേക്ക്: മദീനയിൽ സന്ദർശകർക്കുള്ള തയാറെടുപ്പുകൾ പൂർത്തിയായി
text_fieldsമദീന: റമദാൻ മാസം അവസാന പത്തിലേക്ക് കടക്കുന്നതോടെ മദീനയിൽ സന്ദർശകരെ സ്വീകരിക്കുന്നതിനുള്ള അന്തിമ തയാറെടുപ്പുകൾ പൂർത്തിയായതായി സൗദി പ്രസ് ഏജൻസി (എസ്.പി.എ) റിപ്പോർട്ട് ചെയ്തു. സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്രവാചക പള്ളിയിൽ കർശന മുൻകരുതൽ നടപടികൾ എടുക്കുന്നുണ്ട്.
സന്ദർശകർക്ക് സുഖമായി ആരാധന നടത്താൻ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്. കോവിഡ് മുൻകരുതൽ നടപടികൾ നടപ്പാക്കുന്നതിനായി ബന്ധപ്പെട്ട സുരക്ഷ, ആരോഗ്യ അധികൃതരുമായി സഹകരിച്ച് സംയോജിത പദ്ധതി നടപ്പാക്കാൻ മസ്ജിദുന്നബവി കാര്യാലയ സമിതി ശ്രമിക്കുന്നതായി എസ്.പി.എ റിപ്പോർട്ട് ചെയ്തു.
റമദാനിലെ അവസാന പത്തുദിവസങ്ങൾ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഇസ്ലാമിെൻറ പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും ഈ സമയത്ത് വിശ്വാസികളുടെ എണ്ണം വളരെ കൂടുതലായിരിക്കും. മസ്ജിദുന്നബവിയിൽ ഖിയാമുല്ലൈൽ നമസ്കാരത്തിനുള്ള പെർമിറ്റുകൾക്ക് ഇഅ്തമർന, തവക്കൽനാ ആപ്ലിക്കേഷനുകൾ വഴി ബുക്ക് ചെയ്യാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
ഹജ്ജ്, ഉംറ സേവനങ്ങൾ ചെയ്യുന്ന ജീവനക്കാർക്കും മക്കയിലെയും മദീനയിലെയും കടകളിൽ ജോലിചെയ്യുന്നവർക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിർബന്ധമാക്കുമെന്ന് നേരത്തേ മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം അറിയിച്ചിരുന്നു. ബാർബർ ഷോപ്പുകൾ, വനിത സലൂണുകൾ, റസ്റ്റാറൻറുകൾ, കഫേകൾ, ഫുഡ് ഔട്ട്ലെറ്റുകൾ എന്നിവയിലെ ജീവനക്കാർക്ക് മേയ് 13 മുതൽ കുത്തിവെപ്പ് നിർബന്ധമാക്കിയതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.