ഫഖഅ കിഴങ്ങുകളുടെ കച്ചവടം പൊടിപൊടിക്കുന്നു; കിലോക്ക് 500 റിയാൽ വരെ
text_fieldsറിയാദ്: മരുഭൂവാസികൾക്ക് അമൃതായി പ്രകൃതി കനിഞ്ഞുനൽകിയ ഫഖഅ കിഴങ്ങുകളുടെ വസന്തകാലമാണിത്. ഭക്ഷ്യയോഗ്യമായ പ്രത്യേകതരം കൂൺ രൂപാന്തരം പ്രാപിച്ചുണ്ടാകുന്ന ഈ കിഴങ്ങുകളുടെ കച്ചവടം സൗദിയിൽ പൊടിപൊടിക്കുകയാണ്. പഴയകാല ജീവിതത്തിെൻറ രുചിയോർമകൾ പകരുന്ന ഇത് അറബികൾക്ക് പ്രിയപ്പെട്ട തീൻവിഭവമാണ്. ഇടിമിന്നലോടുകൂടി മഴ പെയ്താൽ മാത്രം മരുഭൂമിയിൽ വിളയുന്നതാണിത്.
മണലിനടിയിൽ വിളഞ്ഞ് ഒളിച്ചുകിടക്കുന്ന ഇതിനെ പ്രകൃതിയുടെ അത്ഭുത പ്രതിഭാസമായാണ് അറബികൾ കണക്കാക്കുന്നത്. സൗദിയിലെ മരുഭൂമിയിൽ വസന്തകാലത്താണ് ഫഖഅ വിളയുന്നത്. സൗദിയിൽ ചില മരുഭൂപ്രദേശങ്ങളിൽ മാത്രമാണുണ്ടാവുക. വിപണിയിൽ ഇതിന് നല്ല വിലയാണ്. സീസണിൽ കിലോക്ക് 500 റിയാൽ വരെ വില ഉയരും.
സൗദി അറേബ്യയുടെ വടക്കും വടക്കുകിഴക്കും ഭാഗങ്ങളിലെ മരുഭൂ പ്രദേശങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. പ്രത്യേകിച്ചും അതിർത്തി മേഖലകളിൽ. അറാർ, തുറൈഫ്, റഫ, നാരിയ, ഹഫർ അൽബാത്വിൻ എന്നീ പ്രദേശങ്ങൾ ഫഖഅ കിഴങ്ങുകളുടെ ലഭ്യതക്ക് പേരുകേട്ട സ്ഥലങ്ങളാണ്. അൽഅഹ്സയിലും ബുറൈദയിലുമൊക്കെ ചില സമയങ്ങളിൽ കാണപ്പെടും.
ഒാരോ സീസണിലും ഒാരോ ഭാഗങ്ങളിലാണ് കൂടുതലായി കാണുന്നത്. മഴക്ക് ശേഷം വിരുന്നെത്തുന്ന തണുപ്പിനെ അറബികൾ വരവേൽക്കുന്നത് ഫഖഅ കിഴങ്ങുകൾക്കൊപ്പമാണ്. ഇതുണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പല ഭാഗങ്ങളിൽ നിന്നെത്തുന്ന അറബികൾ ടെൻറടിച്ച് കൂടും.
പ്രത്യേക തരം കമ്പി ഉപയോഗിച്ച് മരുഭൂമിയിലെ മണ്ണ് നീക്കിയാണ് കിഴങ്ങുകൾ കണ്ടെടുക്കുന്നത്. ഇപ്പോൾ ഇതിനുള്ള പ്രത്യേക തരം പാരകൾ വിപണിയിൽ ലഭ്യമാണ്. ‘റബീഅ’ ഉത്സവം എന്നാണ് അറബികൾക്കിടയിൽ ഇൗ കിഴങ്ങുകളുടെ വസന്തകാലം അറിയപ്പെടുന്നത്.
സാധാരണ ചെറുതും വലുതുമായ കല്ലുകളുടെയും കിഴങ്ങിെൻറയും രൂപത്തിൽ വെള്ള നിറത്തിലും ബ്രൗൺ നിറത്തിലും കാണപ്പെടുന്ന ഇതിനെ മരുഭൂമിയിൽനിന്ന് മണൽ മാറ്റി പെറുക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഒരു ചെടിയുടെ താഴെ ഭൂമി വിണ്ടുകീറി കിടക്കുന്നത് കണ്ടാൽ അതിനർഥം അവിടെ ഫഖഅ കിഴങ്ങുണ്ട് എന്നാണ്. പ്രത്യേക തരം കൂൺ വിഭാഗത്തിൽ പെട്ട കിഴങ്ങിനമാണിത്.
ഏറെ പോഷകസമൃദ്ധമാണ്. ഇതിൽ ഏറ്റവും മുന്തിയ ഇനമായ ‘സുബൈദി’ക്കാണ് വിപണിയിൽ ഉപഭോക്താക്കൾ കൂടുതൽ. മരുഭൂമികളിൽനിന്ന് ഫഖഅ കിഴങ്ങുകൾ ശേഖരിച്ച് വിപണിയിൽ എത്തിക്കുന്നത് സീസണൽ ജോലിയാക്കിയ പ്രദേശവാസികൾ ധാരാളമുണ്ട്. അതിൽ യമനികളാണ് മുന്നിൽ. മരുഭൂമിയിൽനിന്ന് ഫഖഅ കിഴങ്ങുകൾ കണ്ടെടുക്കുന്നതിൽ വിദഗ്ധർ അവരാണ്.
സീസണായാൽ ഇൗ കച്ചവടം ചെയ്യാനായി മാത്രം സൗദിയുടെ പല ഭാഗങ്ങളിൽ നിന്നും യമനികൾ ഫഖഅ കിഴങ്ങുകൾ കിട്ടുന്ന സ്ഥലങ്ങൾ നോക്കിയെത്താറുണ്ട്. ഫഖഅ കിഴങ്ങുകൾ മണ്ണോടുകൂടി തന്നെ കമ്പിയിൽ കോർത്ത് ചുെട്ടടുത്തും കറിയിൽ ചേർത്തുമൊക്കെയാണ് കഴിക്കുന്നത്.
ഫഖഅ കിഴങ്ങുകൾ അറബ് ജീവിതത്തിെൻറ പഴയകാല ഒാർമകളുടെ പ്രതീകം കൂടിയാണ്. അതുകൊണ്ട് തന്നെ ഇൗ കാലം അറബികൾ ഉത്സവമായാണ് കൊണ്ടാടുന്നത്. ഈ സീസണിൽ ഇതിനകം ലക്ഷക്കണക്കിന് റിയാലിെൻറ കച്ചവടം നടന്നുകഴിഞ്ഞു. സൗദിയിൽ വീണ്ടും മഴയും തണുപ്പും പല ഭാഗങ്ങളിലും ഇടിമിന്നലും ഉണ്ടായതോടെ ഫഖഅ കിഴങ്ങുകൾ ഇനിയും ഭൂമിക്കുള്ളിൽനിന്ന് പുറത്തുവരും. കച്ചവടം ഇനിയും പൊടിപൊടിക്കും.
എന്നാൽ, ഈ കിഴങ്ങുകൾ തേടി ആരും രാജ്യാതിർത്തിയിലേക്ക് വരരുതെന്ന് സൗദി അതിർത്തി രക്ഷാസേന മുന്നറിയിപ്പ് നൽകി. അതിർത്തിയിലെ നിരോധിത മേഖലയിലേക്ക് കടന്നാൽ 30 മാസം തടവുശിക്ഷയോ 25,000 റിയാൽ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്ന ഗുരുതര കുറ്റമാവുെന്നും സേന അടുത്തിടെ പുറത്തിറക്കിയ മുന്നറിയിപ്പിൽ പറഞ്ഞിരുന്നു.
മാത്രമല്ല, ഈ കിഴങ്ങുകൾ നോക്കി പോകുന്നവർ പാമ്പടക്കമുള്ള വിഷജന്തുക്കളെയും സസ്യങ്ങളെയും സൂക്ഷിക്കണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.