ട്രാഫിക് പിഴയിൽ 25 ശതമാനം ഇളവ്; 30 ദിവസത്തിനുള്ളിൽ പണമടയ്ക്കുന്നവർക്ക് മാത്രം
text_fieldsറിയാദ്: രാജ്യത്തെ ഗതാഗത നിയമലംഘന പിഴകൾക്ക് 25 ശതമാനം ഇളവ് ലഭിക്കുന്നതിന് 30 ദിവസത്തിനുള്ളിൽ പണം അടയ്ക്കണമെന്ന് ട്രാഫിക് വകുപ്പ് വ്യക്തമാക്കി. ഇളവ് വേണ്ടെങ്കിൽ 60 ദിവസത്തിനുള്ളിൽ പണം അടച്ചാൽ മതി. നിയമലംഘനത്തിന് എതിരെ പരാതിപ്പെടാനും ഇളവിന് അപേക്ഷിക്കാനുമുള്ള അവകാശം കുറ്റം ചുമത്തപ്പെട്ടയാൾക്കുണ്ടെന്നും ഇത് പരിഗണിച്ച് 25 ശതമാനം ഇളവ് വരുത്തിയാൽ ആ അറിയിപ്പ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ പണമടക്കണമെന്നും ട്രാഫിക് നിയമത്തിലെ ‘ആർട്ടിക്കിൾ 75’ അനുശാസിക്കുന്നുണ്ട്.
ഇളവ് ലഭിച്ചാലും ഇല്ലെങ്കിലും പിഴ നിശ്ചിത സമയത്തിനുള്ളിൽ തന്നെ അടയ്ക്കണം. അല്ലെങ്കിൽ കാലയളവ് 90 ദിവസത്തേക്ക് നീട്ടാനുള്ള അഭ്യർഥന ‘അബ്ഷിർ’പ്ലാറ്റ്ഫോം വഴി നൽകണമെന്നും ട്രാഫിക് വകുപ്പ് വിശദീകരിച്ചു. എന്നാൽ കാലാവധി നീട്ടാൻ ആവശ്യപ്പെടാതെയും പിഴ അടക്കാതെയും അലംഭാവം കാണിച്ചാൽ വാഹനം പിടിച്ചെടുക്കലുൾപ്പടെയുള്ള മറ്റ് നിയമനടപടികൾ സ്വീകരിക്കും. നിശ്ചിത സമയപരിധിക്കുള്ളിൽ പിഴ അടക്കാതിരുന്നാൽ പിഴയുടെ മൂല്യത്തിെൻറ അടിസ്ഥാനത്തിലായിരിക്കും വാഹനം പിടിച്ചെടുക്കലുൾപ്പടെയുള്ള നിയമനടപടികൾ.
ഇൗ വർഷം ഏപ്രിൽ 18നാണ് സൗദിയിൽ ട്രാഫിക് പിഴകൾക്ക് വൻ ഇളവ് പ്രഖ്യാപിച്ചത്. ഇൗ വർഷം 18 വരെ കുമിഞ്ഞുകൂടിയ പിഴകൾക്ക് 50 ശതമാനവും അതിനുശേഷം രേഖപ്പെടുത്തുന്ന പിഴകൾക്ക് 25 ശതമാനവും ഇളവാണ് പ്രഖ്യാപിച്ചത്. സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശപ്രകാശം ആഭ്യന്തര മന്ത്രാലയമാണ് ഇളവുകൾ പ്രഖ്യാപിച്ചത്. കുമിഞ്ഞുകൂടിയ ലംഘനങ്ങൾ അടയ്ക്കുന്നതിനുള്ള സമയപരിധി ഈ വർഷം ഒക്ടോബർ 18 വരെ നീട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.