സൗദിയിൽ ട്രാഫിക് പരിഷ്കരണ നടപടികൾ ഫലം കാണുന്നു
text_fieldsയാംബു: സൗദിയിൽ ട്രാഫിക് അപകട മരണ നിരക്കിൽ 50 ശതമാനവും പരിക്കുകളുടെ എണ്ണത്തിൽ 35 ശതമാനവും കുറവ് രേഖപ്പെടുത്തിയതായി സൗദി ആരോഗ്യ മന്ത്രിയും ഗതാഗത സുരക്ഷ സമിതി ചെയർമാനുമായ ഫഹദ് ജലാജിൽ അറിയിച്ചു. കഴിഞ്ഞ വർഷം ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ ) പുറത്തിറക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകളെന്ന് അദ്ദേഹം വ്യക്തമാക്കി.രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം വർധിപ്പിച്ചതും ഗതാഗത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമുൾെപ്പടെയുള്ള ഘടകങ്ങളാണ് അപകട നിരക്ക് കുറയാൻ കാരണമെന്ന് അൽ ജലാജിൽ പറഞ്ഞു. 2030ന് മുമ്പ് അപകടമരണങ്ങൾ 50 ശതമാനം കുറക്കുക എന്ന ആഗോള ലക്ഷ്യം 2023ൽ തന്നെ സൗദി അറേബ്യക്ക് കൈവരിക്കാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ വിഷൻ 2030 ലെ ലക്ഷ്യങ്ങളിൽ ട്രാഫിക് രംഗത്തെ സുരക്ഷയൊരുക്കാനുള്ള വികസനം ഫലപ്രദമായി നടപ്പിലാക്കി വരുന്നതും ഏറെ ഫലം കണ്ടതായി വിലയിരുത്തുന്നു. 100,000 ത്തിൽ എട്ട് മരണങ്ങൾ എന്ന നിലയിൽ മൂന്നിൽ രണ്ട് ശതമാനമായി കുറക്കാൻ ആഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നതായി നേരത്തേ ട്രാഫിക് ഡയറക്ടർ ജനറൽ വ്യക്തമാക്കിയിരുന്നു. അപകട മരണങ്ങളുടെയും പരിക്കുകളുടെയും നിരക്കും ഭൗതിക നഷ്ടങ്ങളാൽ ഉണ്ടാവുന്ന സാമ്പത്തിക പ്രശ്നങ്ങളും ഇല്ലാതാക്കാനും അധികൃതർ ട്രാഫിക് പരിഷ്കരങ്ങൾ വരുത്തുന്നതിലൂടെ ലക്ഷ്യമിടുന്നു. ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ കർശനമാക്കിയതോടെയാണ് അപകടങ്ങൾ ഗണ്യമായി കുറയാൻ കാരണമായത്.
എല്ലാ റോഡുകളിലും ഗതാഗത നിയന്ത്രണവും നിരീക്ഷണവും ശക്തമാക്കുന്നതിന് പുറമെ ഗതാഗത ലംഘനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വിവിധ കാമ്പയിനുകളും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണങ്ങളും ഏറെ ഫലം കണ്ടു. റോഡപകടങ്ങൾ കുറച്ചു കൊണ്ടു വരുന്നതിനും ഗതാഗത സൗകര്യങ്ങൾ കാലോചിതമായി വിപുലപ്പെടുത്തുന്നതിനും വിഷൻ 2030 ന്റെ ഭാഗമായി വൈവിധ്യമാർന്ന പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.