വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക; ഇന്നു മുതൽ ഏഴ് നിയമലംഘനങ്ങൾകൂടി കാമറ പരിധിയിൽ
text_fieldsജിദ്ദ: ഞായറാഴ്ച മുതൽ സൗദി റോഡുകളിൽ ഏഴ് നിയമലംഘനങ്ങൾകൂടി കാമറയിൽ പിടികൂടും. ഫുട്പാത്തിലൂടെ വാഹനമോടിക്കൽ, വ്യക്തതയില്ലാത്ത നമ്പർ പ്ലേറ്റ് ഉപയോഗിച്ച് വാഹനമോടിക്കൽ, റോഡിലെ മഞ്ഞലൈനിന് പുറത്ത് വാഹനമോടിക്കൽ, പാർക്കിങ്ങിന് നിശ്ചയിച്ച സ്ഥലത്തല്ലാതെ വാഹനം പാർക്ക് ചെയ്യൽ, ഭാരപരിശോധന കേന്ദ്രങ്ങളിൽ നിർത്താതെ ട്രക്കുമായി പോകൽ, രാത്രിയിലും മോശം കാലാവസ്ഥയിലും ലൈറ്റ് ഉപയോഗിക്കാതിരിക്കൽ, മോശം കാലാവസ്ഥയിൽ വലിയ വാഹനങ്ങൾ ലാസ്റ്റ് ട്രാക്കിലൂടെ ഓടിക്കാതിരിക്കൽ എന്നീ ഏഴ് നിയമ ലംഘനങ്ങളാണ് ഇന്നു മുതൽ കാമറ പിടികൂടുക.
ഓരോ നിയമ ലംഘനങ്ങൾക്കും എത്രയാണ് പിഴ എന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (മൂറൂർ) വ്യക്തമാക്കിയിട്ടുണ്ട്. റോഡുകളോട് ചേർന്ന നടപ്പാതകളിലൂടെയോ ഡ്രൈവിങ്ങിന് അനുമതിയില്ലാത്ത പാതകളിലൂടെയോ വാഹനമോടിക്കൽ, വ്യക്തതയില്ലാത്ത, ഭാഗികമായോ പൂർണമായോ കേടായതോ ആയ നമ്പർ പ്ലേറ്റുകളുമായി വാഹനമോടിക്കൽ, രാത്രിയിലോ കാലാവസ്ഥ വ്യതിയാനം കാരണം ദൃശ്യപരത വ്യക്തമല്ലാത്ത സമയത്തോ ലൈറ്റ് ഉപയോഗിക്കാതിരിക്കൽ എന്നിവക്ക് 1,000 റിയാൽ മുതൽ 2,000 റിയാൽ വരെ പിഴ ലഭിക്കും.
കൂടുതൽ ട്രാക്കുകളുള്ള റോഡിൽ ട്രക്കുകളും ഹെവി ഉപകരണങ്ങളും വലതുവശം ചേർന്ന് പോകാതിരുന്നാൽ 3,000 റിയാൽ മുതൽ 6,000 റിയാൽ വരെ പിഴ ഈടാക്കും. അനധികൃത സ്ഥലങ്ങളിൽ പാർക്ക് ചെയ്താൽ 100 മുതൽ 150 റിയാൽ വരെയും വെയ്റ്റിങ് സ്റ്റേഷനുകളിൽ നിർത്താതെ പോകുന്ന ട്രക്കുകൾക്ക് 5,000 റിയാലും അനുവദിക്കാത്ത സമയങ്ങളിൽ നഗരങ്ങളിൽ പ്രവേശിച്ചാൽ 1,000 മുതൽ 2,000 റിയാൽ വരെയും പിഴ ലഭിക്കുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.