റിയാദിൽ ട്രെയിലറുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; പിഞ്ചുകുഞ്ഞുങ്ങളും മാതാപിതാക്കളുമടക്കം അഞ്ചുപേർ വെന്തുമരിച്ചു
text_fieldsറിയാദ്: ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാർ സൗദി പൗരൻ ഓടിച്ച ട്രെയിലറുമായി കൂട്ടിയിടിച്ച് തീപിടിച്ച് അഞ്ചു മരണം. വെള്ളിയാഴ്ച പുലർച്ച ആറിന് തുമാമയിലെ ഹഫ്ന -തുവൈഖ് റോഡിലായിരുന്നു അപകടം. ഫോർഡ് കാർ പൂർണമായും കത്തിയമർന്നു.
ഹൈദരാബാദ് സ്വദേശികളായ ഗൗസ് ദാന്തു (35), ഭാര്യ തബ്റാക് സർവർ (31), മക്കളായ മുഹമ്മദ് ഈഹാൻ ഗൗസ് (നാല്), മുഹമ്മദ് ദാമിൽ ഗൗസ് (രണ്ട്) എന്നിവരാണ് മരിച്ചതായി തിരിച്ചറിഞ്ഞത്. അഞ്ചാമൻ ആരാണെന്ന് അറിവായിട്ടില്ല.
കുവൈത്തിൽനിന്ന് റിയാദിൽ ടൂറിസ്റ്റ് വിസയിൽ എത്തിയവരാണിവർ. ഗൗസ് ദാന്തുവിന് കുവൈത്ത് ഇഖാമയാണുള്ളത്. അദ്ദേഹം കുവൈത്തിൽ ജോലി ചെയ്യുകയാണ്. ഉംറ നിർവഹിച്ച ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തുന്നതിനിടയിലായിരുന്നു അപകടം. റിയാദിലെ കിങ്ഡം ടവറിലെ സ്കൈവേയിൽനിന്ന് എടുത്ത കുടുംബ ചിത്രമാണ് സമൂഹമാധ്യമത്തിൽ ഒടുവിൽ പോസ്റ്റ് ചെയ്തത്. മൃതദേഹങ്ങൾ റിയാദിൽനിന്ന് 100 കിലോമീറ്ററകലെ റുമ ജനറൽ ആശുപത്രി മോർച്ചറിയിൽ. കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് മൃതദേഹങ്ങൾ. ഡി.എൻ.എ പരിശോധനയിലൂടെ മാത്രമേ തിരിച്ചറിയാൻ കഴിയൂ എന്ന് വിഷയത്തിൽ ഇടപെട്ട സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മരിച്ച തബ്റാക് സർവറിന്റെ സഹോദരി ദമ്മാമിലുണ്ട്. ഇവരെ കൊണ്ടുവന്ന് രക്തസാമ്പിളെടുത്ത് ഡി.എൻ.എ പരിശോധന നടത്തും.
കുവൈത്തിൽനിന്ന് തബ്റാക്കിന്റെ സഹോദരനും റിയാദിലെത്തി. അപകടത്തിൽപെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും മറ്റും സൗദി പൊലീസും ഇന്ത്യൻ എംബസിയും സിദ്ദീഖ് തുവ്വൂരിനെയാണ് ആശ്രയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.