‘എൽക്ലാസികോ സൂപ്പർ കപ്പ് 2023' വോളിബാൾ ടൂർണമെന്റിൽ ട്രെയിനിങ് മേറ്റ്സ് ജേതാക്കൾ
text_fieldsജിദ്ദ: വോളിബാൾ പ്രേമികളുടെ ആവേശം വാനോളമുയർത്തി മൂന്നു ദിവസങ്ങളിലായി ജിദ്ദയിൽ നടന്നുവന്ന ‘എൽക്ലാസികോ സൂപ്പർ കപ്പ് 2023’ വോളിബാൾ ടൂർണമെന്റിന് ആവേശത്തോടൊപ്പം വർണശബളമായ പരിസമാപ്തി. സൗദിയിലെയും ഇന്ത്യയിലെയും പ്രമുഖ താരങ്ങൾ അണിനിരന്ന അൽ അഹ്ലി, ഇത്തിഹാദ്, ട്രെയിനിങ് മാറ്റ്, അൽ നോർസ്, ടൈഗർ ക്ലബ്, അറബ്കോ എന്നീ ആറ് പ്രഗത്ഭ ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ട്രെയിനിങ് മേറ്റ്സ് ജേതാക്കളായി. അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഫൈനലിൽ ഒന്നിനെതിരേ മൂന്നു സെറ്റുകൾ നേടി അൽ അഹ്ലി ക്ലബിനെ തറപറ്റിച്ചാണ് ട്രെയിനിങ് മേറ്റ്സ് കിരീടം ചൂടിയത്.
ആദ്യ സെമിയിൽ മലയാളി താരങ്ങളടങ്ങുന്ന അറബ്കോ ടീമും അൽ അഹ്ലി ക്ലബ്ബും ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കാഴ്ച വെച്ചു. മൂന്ന് സെറ്റുള്ള പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾ നേടി അൽഅഹ്ലി അറബ്കോയെ പരാജയപ്പെടുത്തി. രണ്ടാം സെമിയിൽ ട്രെയിനിങ് മേറ്റ്സ് അൽനോറസുമായി ഏറ്റുമുട്ടി. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് അൽനോറസിനെ കീഴ്പ്പെടുത്തിയതോടെ ഫൈനലിൽ ട്രെയിനിങ് മേറ്റ്സും അൽഅഹ്ലിയും തമ്മിലുള്ള കാണികൾ കാത്തിരുന്ന ആവേശപ്പോരാട്ടത്തിനു അരങ്ങൊരുങ്ങി. രാത്രി വൈകിയിട്ടും വോളിബാൾ ആരാധകരുടെ ആവേശം ഒട്ടും ചോരാത്ത രീതിയിൽ ഫൈനലിൽ വിജയപരാജയങ്ങൾ മാറിമറിഞ്ഞുകൊണ്ടിരുന്നെങ്കിലും അവസാനം വിജയം ട്രെയിനിങ് മേറ്റ്സിനെ തേടിയെത്തുകയായിരുന്നു. സൗദി വോളിബോൾ ഫെഡറേഷൻറെ റഫറിമാർ മത്സരങ്ങൾ നിയന്ത്രിച്ചു. കിരീടം ചൂടിയ ട്രെയിനിങ് മേറ്റ്സ് ടീം സൗദി വോളിബാൾ ഫെഡറേഷൻ പ്രതിനിധി ഹനാൻ അൽ ഖഹ്ത്താനിയിൽ നിന്നും കപ്പ് ഏറ്റുവാങ്ങി. അൽ അബീർ മാർക്കറ്റിങ് ഡയറക്ടർ ഇമ്രാൻ റണ്ണേഴ്സിനുള്ള ട്രോഫി കൈമാറി.
സൗദി മിനിസ്ട്രി ഓഫ് സ്പോർട്സിന്റെ കീഴിൽ എൽ ക്ലാസികോ സ്പോർട്സ് ഇവൻറ് സംഘടിപ്പിച്ച മത്സരം വീക്ഷിക്കാൻ കുടുംബങ്ങളടക്കം നൂറ് കണക്കിനാളുകളാണ് ജിദ്ദ അമീർ അബ്ദുള്ള ഫൈസൽ ഗ്രീൻ ഫീൽഡ് ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നത്. കളികളുടെ ഇടവേളകളിൽ ഒരുക്കിയ വർണാഭമായ കലാപരിപാടികൾ കാണികളുടെ കണ്ണിനും കാതിനും കുളിരേകി. പാകിസ്താനി ഗായകൻ ബസ്സാം, ബംഗ്ലാദേശി ഗായിക റുവാസ്, ജമാൽ പാഷ തുടങ്ങിയവർ സദസ്സിനെ കൈയിലെടുക്കുന്ന ഗാനങ്ങളുമായി വേദിയിലെത്തി. ചടുലമായ നൃത്താവിഷ്കാരവുമായി കോറിയോഗ്രാഫർ അൻഷിഫ് അബൂബക്കറിന്റെ നൃത്തസംഘവും സ്നേഹ ശ്യാമിന്റെ കീഴിൽ കരാട്ടെ സംഘത്തിന്റെ പ്രകടനങ്ങളും നദീറ ടീച്ചർ അണിയിച്ചൊരുക്കിയ ഒപ്പനയും അറബിക് ഡാൻസുമെല്ലാം സ്വദേശികളടക്കമുള്ള കാണികൾ നന്നായാസ്വദിച്ചു. കോൽക്കളിയും മറ്റു കലാപ്രകടനങ്ങളുമായി ഇശൽ കലാവേദി ടീമും മറ്റു കലാകാരന്മാരും അണിനിരന്ന മാർച്ച് പാസ്റ്റും ഏറെ ആകർഷകമായി.
സൗദി വോളിബാൾ ഫെഡറേഷൻ പ്രതിനിധികളും ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ മേഖലയിൽ നിന്നുള്ള വി.പി. മുസ്തഫ, ഷിബു തിരുവനന്തപുരം, കെ.ടി.എ മുനീർ, സീതി കൊളക്കാടൻ, ജലാൽ തേഞ്ഞിപ്പലം, ഇക്ബാൽ പൊക്കുന്ന്, സാക്കിർ ഹുസ്സൈൻ എടവണ്ണ, മുസാഫിർ, ജലീൽ കണ്ണമംഗലം, കബീർ കൊണ്ടോട്ടി, സാദിഖലി തുവ്വൂർ, സുൽഫിക്കർ ഒതായി തുടങ്ങിയവർ മത്സരത്തിലെ വിവിധ വിജയികൾക്കുള്ള സമ്മാനവിതരണം നടത്തി. റാഫി ബീമാപ്പള്ളി, വലീദ്, മുഹമ്മദ് ഗാസി സദഖ തുടങ്ങിയവർ അവതാരകരായിരുന്നു. ആതിഫ് (മിനിസ്ട്രി ഓഫ് സ്പോർട്സ്), സാദ് അൽ യഹ്യാവി, അഹമ്മദ് അൽ ഗാംദി, എൽക്ലാസികോ ചെയർമാൻ വി.പി. ഹിഫ്സുറഹ്മാൻ, സൈനുദ്ദീൻ, ആഷിഖ് ബൂപ്പ, നൗഫൽ ബിൻ കരീം, മൻസൂർ വയനാട്, നൗഷാദ് ചാത്തല്ലൂർ, ഡോ. ഇന്ദു, അഷ്റഫ് ചുക്കൻ, റഷീദ് കൊല്ലം, നാസർ കോഴിത്തൊടി, അഷ്റഫ് അൽ ഹർബി, അബ്ദുൽ മജീദ്, മൻസൂർ ഫറോക്ക്, എൻ.പി അബ്ദുൽ വഹാബ്, സാലിഹ് കാവോത്ത്, അൻസാർ പിലാക്കണ്ടി, അനിൽ മുഹമ്മദ് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.