വിവർത്തകൻ ഡോ. വി. അബ്ദുറഹിം മദീനയിൽ നിര്യാതനായി
text_fieldsജിദ്ദ: പ്രമുഖ വിവർത്തകനും പണ്ഡിതനും മദീനയിലെ കിങ് ഫഹദ് ഖുർആൻ അച്ചടി കേന്ദ്രം പരിഭാഷാ വിഭാഗം ഡയറക്ടറുമായ ഡോ. വി. അബ്ദുറഹീം (വാണിയംമ്പാടി അബ്ദുറഹിം) നിര്യാതനായി. ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ അച്ചടി കേന്ദ്രത്തിൽ മൂന്നുപതിറ്റാണ്ട് വിവർത്തകനായി സേവനം അനുഷ്ഠിച്ച അദ്ദേഹം വ്യാഴാഴ്ചയാണ് മരിച്ചത്. 90 വയസ്സായിരുന്നു.
തമിഴ്നാട്ടിലെ വാണിയംമ്പാടി എന്ന ഗ്രാമത്തിൽ 1933ലാണ് ജനനം. ഇന്ത്യയിൽനിന്ന് ഇംഗ്ലീഷ്, അറബി ഭാഷകളിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1973ൽ അസ്ഹർ സർവകലാശാലയിൽനിന്ന് അറബിഭാഷയിൽ ഡോക്ടേറ്റ് നേടി.
മദീന ഇസ്‌ലാമിക് സർവകലാശാലയിൽ അറബി ഭാഷ പഠിപ്പിക്കുന്ന വിഭാഗത്തിൽ അധ്യാപകനായാണ് സൗദിയിലെത്തിയത്. സർവകലാശാലയിലെ മിക്ക പാഠ്യപദ്ധതികളും അദ്ദേഹം വികസിപ്പിച്ചെടുത്തതാണ്. കുറച്ചുകാലം ഭാഷാവിഭാഗം ഡയറക്ടറായി പ്രവർത്തിച്ചു. 1995ൽ ഖുർആൻ അച്ചടി കേന്ദ്രത്തിലെ പരിഭാഷാ വിഭാഗത്തിൽ ഡയറക്ടറായി നിയമിതനായി. മരണം വരെ ആ പദവിയിലായിരുന്നു.
77ലധികം ഭാഷകളിൽ ഖുർആൻ വിവർത്തനങ്ങൾ പുറത്തിറക്കുന്നതിന് മേൽനോട്ടം വഹിച്ചു. പൗരസ്ത്യ, അന്തർദേശീയ ഭാഷകൾ ഉൾപ്പെടെ 14 ഭാഷകളിൽ പ്രാവീണ്യം നേടി. ഇംഗ്ലീഷ്, ഉറുദു, പേർഷ്യൻ, ഹിന്ദി, തമിഴ്, ഫ്രഞ്ച്, ജർമൻ, ഗ്രീക്ക്, ടർക്കിഷ്, ഹീബ്രു, അരാമിക് (സിറിയക്), സംസ്കൃതം, എസ്പറാൻറേ എന്നീ ഭാഷകളിലാണ് അദ്ദേഹത്തിന് വ്യുൽപത്തിയുണ്ടായിരുന്നത്. അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ കൃതികൾ രചിച്ചിട്ടുണ്ട്.
ഡോ. വി. അബ്ദുറഹീമിന്‍റെ വിയോഗത്തിൽ കിങ് ഫഹദ് ഖുർആൻ അച്ചടി കേന്ദ്രം അനുശോചിച്ചു. സ്ഥാപനത്തിനും ജീവനക്കാർക്കും വേണ്ടി മതകാര്യ വകുപ്പ് മന്ത്രിയും ഖുർആൻ കേന്ദ്രം ജനറൽ സൂപർവൈസറുമായ ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.