ഇന്ത്യൻ ആരോഗ്യ പ്രവർത്തകർക്ക് യാത്രാവിലക്ക് ബാധകമല്ല -സൗദി സിവിൽ ഏവിയേഷൻ
text_fieldsജിദ്ദ: ഇന്ത്യയിലുള്ള ആരോഗ്യപ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിന് നേരത്തേയുള്ള യാത്രാനിരോധനം ബാധകമല്ലെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. വ്യാഴാഴ്ച പുറത്തിറക്കിയ പ്രത്യേക സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്.
കോവിഡ് മഹാമാരിയെ തുടർന്ന് വിവിധ രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് നേരത്തേ നിലവിലുണ്ടായിരുന്ന നിരോധനം സെപ്റ്റംബർ 15ന് ഭാഗികമായി പിൻവലിച്ചിരുന്നു. എന്നാൽ, കോവിഡ് വ്യാപകമായ ഇന്ത്യ, ബ്രസീൽ, അർജൻറീന എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാൻ സെപ്റ്റംബർ 22ന് അതോറിറ്റി ഇറക്കിയ സർക്കുലർ പ്രകാരം നിരോധനം നിലവിലുണ്ട്. ഈ നിരോധനത്തിലാണ് ഇപ്പോൾ ആരോഗ്യപ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇളവ് അനുവദിച്ചത്.
സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ നേരത്തേ തന്നെ സൗദി എയർലൈൻസ് പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ വഴി സൗദിയിലെത്തിച്ചിരുന്നു. എന്നാൽ പുതിയ സർക്കുലർ വഴി അവരുടെ കുടുംബങ്ങൾക്കും യാത്ര ചെയ്യാനുള്ള അനുമതി നൽകുന്നു എന്നതൊഴിച്ചാൽ പുതിയ തീരുമാനത്തിൽ മറ്റു ഇളവുകൾ ഒന്നും തന്നെയില്ല. ഇന്ത്യയിൽനിന്ന് സാധാരണ വിമാന സർവിസ് ആരംഭിക്കുന്നതിനായി ഇന്ത്യൻ എംബസിയും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയും തമ്മിൽ ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന വിവരം നേരത്തേ ഇന്ത്യൻ അംബാസഡർ അറിയിച്ചിരുന്നു.
ഇന്ത്യയുമായുള്ള എയർ ബബ്ൾ കരാർ സംബന്ധിച്ച് തീരുമാനം ഉടൻ ഉണ്ടായേക്കുമെന്നും അംബാസഡർ അഭിപ്രായപ്പെട്ടിരുന്നു. ഈ കരാർ നിലവിൽ വന്നാൽ മാത്രമേ സാധാരണ രീതിയിലുള്ള വിമാനസർവിസുകൾ സൗദിക്കും ഇന്ത്യക്കുമിടയിൽ ആരംഭിക്കാനും മറ്റുള്ളവർക്ക് മടങ്ങാനും സാധിക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.