യാത്ര പ്രതിസന്ധി തുടരുന്നു: മേലോട്ട് നോക്കി ഗൾഫ് പ്രവാസികൾ
text_fieldsയാംബു: അവധിക്ക് നാട്ടിൽപോയ നിരവധി സൗദി പ്രവാസികളുൾപ്പെടെയുള്ള ഇന്ത്യക്കാർ മടക്കയാത്രയെ കുറിച്ചുള്ള ഉറച്ച തീരുമാനമെടുക്കാൻ കഴിയാതെ പ്രതിസന്ധിയിൽ. ഭീമമായ തുക ചെലവഴിച്ച് അർമീനിയ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് ഇപ്പോൾ സൗദി, യു.എ.ഇ രാജ്യങ്ങളിലെ പ്രവാസികൾ േജാലി സ്ഥലങ്ങളിലേക്ക് മടങ്ങുന്നത്. കോവിഡ് വ്യാപനം കുറവുള്ള അർമീനിയയിലേക്ക് വിവിധ ട്രാവൽ ഏജൻസികൾ ചേർന്ന് ചാർട്ടേഡ് വിമാനം ഒരുക്കിയാണ് യാത്രകൾ സംഘടിപ്പിക്കുന്നത്. യു.എ.ഇയിലേക്ക് 1,25,000 രൂപയും സൗദിയിലേക്ക് 1,50,000 രൂപയുമൊക്കെയാണ് ഒരാൾക്ക് കേരളത്തിൽനിന്ന് ട്രാവൽ ഏജൻസികൾ ഈടാക്കുന്നത്.
വിമാനടിക്കറ്റുകളും താമസവും ഭക്ഷണവുമെല്ലാം ഈ തുകയിൽ ഉൾപ്പെടും. അർമീനിയയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാം എന്നതാണ് ഇൗ യാത്രയുടെ ബോണസ്. താമസിക്കാൻ ഏർപ്പാടാക്കുന്ന ഹോട്ടലിൽനിന്ന് രാജ്യത്തെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് പോകാനുള്ള സൗകര്യമുണ്ട്. ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നവരുണ്ട്. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ ആറുമാസവും അതിലധികവും നാട്ടിൽ കഴിഞ്ഞ ശേഷമുള്ള മടക്കത്തിലാണ് പലരും. അതിനാൽ തന്നെ ചുറ്റിക്കറങ്ങാനുള്ള പണം ൈകയിലില്ലാത്തതിനാൽ പലരും ഹോട്ടലിൽ തന്നെ കഴിയുകയാണെന്നാണ് അറിയുന്നത്.
ഖത്തർ വഴിയും ഭാരിച്ചതായി
ഖത്തർ വഴി സൗദിയിലെത്തുന്നതും ഇപ്പോൾ ഏറെ സാമ്പത്തിക ചെലവേറുന്നതായി മാറിയതും ഇൗ വഴി തിരഞ്ഞെടുക്കുന്നവർക്ക് തിരിച്ചടിയായി. കഴിഞ്ഞദിവസം നിലവിൽ വന്ന ഖത്തറിലെ പുതിയ യാത്രനയമാണ് ഇരുട്ടടിയായത്. ഓൺ അറൈവൽ വിസയിൽ ഖത്തറിലെത്തുന്നവർ 5,000 റിയാൽ കൈയിൽ കരുതുകയോ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുകയോ വേണമെന്ന നിയമത്തിന് പുറമെ ഹോട്ടൽ ക്വാറൻറീൻ കൂടി നിർബന്ധമായാൽ ചെലവ് വലിയ ഭാരമായി മാറും.
തങ്ങളുടെ തൊഴിലിടങ്ങളിൽ എങ്ങനെയെങ്കിലും എത്തി പഴയതുപോലെ ജോലിചെയ്യാനും പ്രതിസന്ധികൾ നീങ്ങാനും ആഗ്രഹിച്ചാണ് സാമ്പത്തികമായും മാനസികമായും ക്ഷീണം വന്ന പ്രവാസികൾ യാത്രദുരിതങ്ങൾ സഹിച്ചു നീങ്ങുന്നത്. ആറു മാസം നാട്ടിൽ അവധിയിൽ പോയിരുന്ന യാംബുവിലെ സാമൂഹിക പ്രവർത്തകനും നവോദയ സാംസ്കാരികവേദി ഭാരവാഹിയുമായ അജോ ജോർജ് സൗദിയിലേക്ക് മടങ്ങാൻ പലവഴി ശ്രമിച്ച് ഒടുവിൽ അർമീനിയയിൽ എത്തിയിരിക്കുകയാണ്. ആദ്യം മാലദ്വീപ് വഴിയുള്ള യാത്രക്ക് ശ്രമിച്ചിരുന്നു. ആ വഴി അടഞ്ഞപ്പോൾ ബഹ്റൈൻ വഴിക്കുള്ള ശ്രമം തുടങ്ങി. ബഹ്റൈൻ വിസിറ്റ് വിസയെടുത്തപ്പോഴേക്കും ആ വഴിയും അടഞ്ഞു.
ഇൗ വഴി തന്നെ ശരിയാവും എന്ന് പറഞ്ഞ് ട്രാവൽ ഏജൻറ് തീയതി പലതും നീട്ടിയെങ്കിലും ഒന്നും നടന്നില്ല.ഒടുവിലാണ് അർമീനിയ വഴി ഭീമമായ സംഖ്യ ചെലവഴിച്ച് യാത്രക്കൊരുങ്ങിയത്. ഇൗ മാസം 11ന് അർമീനിയയിൽ എത്തി. വരും ദിവസങ്ങളിൽ സൗദിയിലേക്ക് പുറപ്പെടാൻ കഴിയുമെന്ന പ്രതീക്ഷയിലാണുള്ളതെന്നും അജോ ജോർജ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
'തവക്കൽനാ' പുതിയ പ്രശ്നം
സൗദിയിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന പലരും ഇപ്പോൾ അഭിമുഖീകരിക്കുന്ന ഒരു പ്രധാനപ്രശ്നം നാട്ടിൽ വാക്സിനേഷൻ പൂർത്തിയാക്കിയതിെൻറ സർട്ടിഫിക്കറ്റ് സൗദി ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത് 'തവക്കൽന' ആപ്പിൽ ഇമ്യൂൺ (ഗ്രീൻ) സ്റ്റാറ്റസ് ആക്കാൻ കഴിയാത്തതാണ്. രണ്ട് ഡോസ് ഇന്ത്യയിൽ നിന്നെടുത്തവരുടെ സർട്ടിഫിക്കറ്റുകളും ഒന്നാം ഡോസ് സൗദിയിൽ നിന്നെടുത്തവരുടെ രണ്ടാം ഡോസ് സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യുമ്പോൾ നിരസിക്കപ്പെടുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്നം.
സൗദി എംബസിയുടെ അറ്റസ്റ്റേഷൻ ഇല്ലാത്ത കാരണം കൊണ്ടാണു തള്ളുന്നതെന്ന് പലർക്കും ഇ-മെയിൽ വഴി സന്ദേശം ലഭിക്കുന്നുണ്ടെങ്കിലും അറ്റസ്റ്റേഷൻ ചെയ്തവർക്കും രക്ഷയുണ്ടാവില്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്.
പലവിധത്തിലും പലരും അപ്ലോഡ് ചെയ്യാൻ ശ്രമിച്ചിട്ട് നിരസിക്കപ്പെട്ടതുപോലെ സ്വീകരിക്കപ്പെട്ട അനുഭവങ്ങളുമുണ്ട്. ഇത് മൂലം വലിയ ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്. ഏതു വിധേനയുള്ളതാണ് സ്വീകരിക്കുന്നതെന്ന് ഇതുവരെ തീർച്ചപ്പെടുത്താൻ ആർക്കും കഴിയുന്നില്ല. ഇന്ത്യൻ എംബസി അധികൃതരോട് അന്വേഷിച്ചാൽ അവർക്കും വ്യക്തമായ ഉത്തരമില്ല.
പ്രവാസികൾ വാക്സിനേഷൻ സ്റ്റാറ്റസ് ശരിയാക്കാൻ പല പരീക്ഷണങ്ങൾക്ക് മുതിരേണ്ടുന്ന അവസ്ഥയിലാണിപ്പോൾ.മൂന്ന് തവണയിൽ കൂടുതൽ രജിസ്ട്രേഷൻ ശ്രമം നടത്താൻ ആവാത്തതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മൂന്ന് തവണയും പരാജയപ്പെട്ടാൽ ബ്ലോക്ക് ചെയ്യപ്പെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.