സൗദിയിലേക്ക് യാത്ര പ്രതിസന്ധി: ഇന്ത്യൻ സോഷ്യൽ ഫോറം നേതാക്കൾ ഇന്ത്യൻ കോൺസൽ ജനറലിന് നിവേദനം നൽകി
text_fieldsജിദ്ദ: സൗദിയിൽനിന്ന് അവധിക്ക് നാട്ടിൽ പോയവർ കോവിഡ് വ്യാപനത്താൽ യഥാസമയം തിരിച്ചുപോരാനാകാതെ കുടുങ്ങിയതുൾപ്പെടെയുള്ള പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹികൾ ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിന് നിവേദനം നൽകി.
പ്രവാസികളുടെ മടക്കയാത്ര സംബന്ധമായും കോവിഡ് പ്രതിരോധകുത്തിവെപ്പ് രേഖകൾ സംബന്ധമായ അനിശ്ചിതത്വങ്ങൾ നീക്കാനും നയതന്ത്രതലത്തിലും ഇരുരാജ്യങ്ങളുടെയും മന്ത്രാലയങ്ങൾ മുഖേനയും നടപടികൾ കൈക്കൊള്ളണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യയിൽനിന്ന് കോവിഡ് പ്രതിരോധത്തിനുള്ള രണ്ടുകുത്തിവെപ്പുകളും ലഭിച്ച പ്രവാസികൾക്ക് തിരിച്ചുപോരുന്നതിന് നേരിട്ട് വിമാനയാത്രക്കുള്ള സംവിധാനം ഒരുക്കണമെന്നും ആവശ്യമെങ്കിൽ സൗദിയിൽ തന്നെ ക്വാറൻറീൻ സംവിധാനത്തിനുള്ള ശ്രമം നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഇന്ത്യയിൽ കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും നൽകുന്ന കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റുകൾ സൗദിയിൽ തങ്ങളുടെ 'കോവിഡ് സ്റ്റാറ്റസ്' അപ്ഡേറ്റ് ചെയ്യാനാവശ്യമായ മുഴുവൻ വിവരങ്ങളോടെ ഏകീകരിച്ച രൂപത്തിലുള്ളതാക്കാൻ വേണ്ട നടപടികൾ ഉണ്ടാവണം.
കേന്ദ്ര സംസ്ഥാന അതോറിറ്റികൾ നൽകുന്ന സർട്ടിഫിക്കറ്റുകളിൽ സൗദിയിൽ ആവശ്യമായ മുഴുവൻ വിവരങ്ങൾ ഇല്ലാത്തതും വ്യത്യസ്തമായ സാക്ഷ്യപ്പെടുത്തലുകളും കാരണം പ്രവാസികൾക്ക് സൗദിയിലെ താമസ സംബന്ധമായ രേഖകളിൽ ചേർക്കുന്നതിന് ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നും അതൊഴിവാക്കി രേഖകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികളും നയതന്ത്ര തലത്തിൽ സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
പ്രവാസി പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്തിയ പരിഗണനയാണ് ജിദ്ദ കോൺസുലേറ്റ് നൽകുന്നതെന്നും വിഷയത്തിെൻറ ഗൗരവം ഇരു മന്ത്രാലയങ്ങളിലെയും അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കോൺസൽ ജനറൽ സംഘത്തോട് മറുപടിയായി പറഞ്ഞു.
ഇന്ത്യയിൽനിന്നും തിരിച്ചുവരാനൊരുങ്ങുന്ന പ്രവാസികൾക്ക് സഹായകമാകും വിധം സംവിധാനങ്ങൾ കോൺസുലേറ്റിെൻറ ഭാഗത്തുനിന്നും ചെയ്തുവരുന്നതായി അദ്ദേഹം പറഞ്ഞു. തൊഴിൽ പ്രശ്നങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്ക് നിയമാനുസൃതമായ എല്ലാസഹായങ്ങളും നൽകാനും ഇന്ത്യയിലെ വിവിധ ഭാഷകൾ സംസാരിക്കുന്ന സൗദിയിലെ പ്രവാസികൾക്ക് അവരുടെ പ്രശ്നങ്ങൾ കോൺസുലേറ്റ് അധികൃതരുടെ മുന്നിൽ നേരിട്ട് തന്നെ അവതരിപ്പിക്കാനും സഹായം തേടാനും ജിദ്ദ കോൺസുലേറ്റ് സദാ സജ്ജമാണെന്നും കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹികളെ അറിയിച്ചു.
ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷനൽ പ്രസിഡൻറ് അഷ്റഫ് മൊറയൂർ, ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഇ.എം. അബ്ദുല്ല, മിക്സ് അക്കാദമി ചെയർമാൻ അബ്ദുൽ ഗനി മലപ്പുറം എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.