ഉംറ തീർഥാടകരുടെ യാത്രാസൗകര്യം: വിദേശത്തു നിന്ന് 8800 ഡ്രൈവർമാരെയും സാങ്കേതിക വിദഗ്ധരെയും റിക്രൂട്ട് ചെയ്യുന്നു
text_fieldsറമദാനിലേക്ക് താൽക്കാലിക ആവശ്യത്തിനാണ് റിക്രൂട്ട്മെൻറ്
ജിദ്ദ: റമദാനിൽ ഉംറ തീർഥാടകരുടെ യാത്രാനടപടികൾ എളുപ്പമാക്കാൻ സീസണൽ ജോലികൾക്കായി 8800ലധികം ഡ്രൈവർമാരെയും സാങ്കേതിക വിദഗ്ധരെയും സൗദി അറേബ്യ റിക്രൂട്ട് ചെയ്യുന്നു. ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ ഓടിക്കാനുള്ള ഡ്രൈവർമാരെയും ഗതാഗതരംഗത്ത് സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളെയും റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ അടുത്തയാഴ്ച മുതൽ ആരംഭിക്കുമെന്ന് മക്കയിലെ ജനറൽ ഓട്ടോമൊബൈൽ സിൻഡിക്കേറ്റിലെ കോർപറേറ്റ് കാര്യ വകുപ്പ് ഡയറക്ടർ അബ്ദുല്ല അൽ മിഹ്മാദി പറഞ്ഞു.
ഇൗ വർഷം റമദാനിൽ തീർഥാടകരെ എത്തിക്കുന്നതിനുള്ള സേവനത്തിനാണ് ഇത്രയും ആളുകളെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുന്നത്. അതിനുശേഷം ഹജ്ജ് സീസണിലെ ജോലികൾക്കായി സീസണൽ തൊഴിലാളികളുടെ തയാറെടുപ്പും റിക്രൂട്ട്മെൻറും ആരംഭിക്കും.
ഇത്തവണ ഹജ്ജ് സീസണിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ഏകദേശം 28,000 പേരെയാണ്. തീർഥാടകർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ വേണ്ടി എല്ലാവശങ്ങളും കർശന പരിശോധനക്ക് വിധേയമാക്കി നിരവധി ഘട്ടങ്ങളിലൂടെയാണ് ജോലിക്കാരുടെ റിക്രൂട്ട്മെൻറ് പൂർത്തിയാക്കുക. ഉയർന്ന നിലവാരം ഉറപ്പാക്കും. ഇതിനായി മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഇത് കർശനമായി പാലിച്ച് മാത്രമേ തൊഴിലാളികളെ തെരഞ്ഞെടുക്കുകയുള്ളൂ. ജനറൽ ഓട്ടോമൊബൈൽ സിൻഡിക്കേറ്റ് ഉദ്യോഗസ്ഥർക്ക് പുറമെ റിക്രൂട്ട്മെൻറ് നടക്കുന്ന വിദേശ രാജ്യങ്ങളിലെ ലേബർ സെലക്ഷൻ, ടെസ്റ്റിങ് കമ്മിറ്റികളും ഈ റിക്രൂട്ട്മെന്റ് പ്രക്രിയയിൽ പങ്കെടുക്കുമെന്നും അൽമിഹ്മാദി പറഞ്ഞു.
ഗതാഗത സംവിധാനങ്ങളും ഗതാഗത സ്ഥാപനങ്ങളും തമ്മിൽ സംയോജിത ഇലക്ട്രോണിക് സംവിധാനം വഴി ബന്ധിപ്പിച്ചിരിക്കും. ഹജ്ജ്, ഉംറ തീർഥാടകരുടെയും ഹറമിലേക്ക് പ്രാർഥനക്കെത്തുന്നവരുടെയും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായതും കൃത്യവുമായ മെഡിക്കൽ പരിശോധനകൾ നടത്തും. ഈ വർഷത്തെ സീസണൽ തൊഴിലാളികളുടെ വരവ് അടുത്ത മാസം (ശഅബാൻ) അഞ്ചാം തീയതി മുതൽ ആരംഭിക്കും.
യാത്രക്ക് ആവശ്യമായ എണ്ണം ബസുകൾ തയാറാക്കിയിട്ടുണ്ട്. റമദാനിൽ മക്കയിലുടനീളം ഹോട്ടലുകളിൽ നിന്നും തീർഥാടകരെ ഹറമിലേക്ക് എത്തിക്കുന്നതിനുള്ള ആവശ്യകതകൾ നിറവേറ്റുന്നതിനും ബസുകളുണ്ടാകും. ടിക്കറ്റ് നിരക്ക് ഗതാഗത കമ്പനികളും ഹോട്ടലുകളും തമ്മിലുള്ള കരാർ അടിസ്ഥാനത്തിലായിരിക്കും. ഹറമിലേക്കും തിരിച്ചുള്ള പൊതുഗതാഗത ബസുകളുടെ നിരക്കുകൾ ആകർഷമായ നിരക്കിലായിരിക്കും.
ബസുകളിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും സർക്കാർ ഏജൻസികളുടെ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതിെൻറ ആവശ്യകതകളും അൽമിഹ്മാദി ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.